- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ പുറത്തു കൊണ്ടു വന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു: സസ്പെൻഷൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ; കൂടുതൽ പേർക്കെതിരേ കേസെടുത്തേക്കും; കൈകഴുകി ബാങ്ക് പ്രസിഡന്റും സിപിഎമ്മും
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ സെക്രട്ടറി ജോഷ്വ മാത്യുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അറിയിച്ചു. നാലു വർഷത്തോളമായി വൻ നഷ്ടത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നതെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നുമുള്ള വാർത്ത മറുനാടനാണ് പുറത്തു വിട്ടത്.
യഥാർഥ വസ്തുതകളും തട്ടിപ്പും അക്കമിട്ട് നിരത്തിയുള്ള മറുനാടൻ വാർത്തയ്ക്കെതിരേ സെക്രട്ടറിയും ഭരണ സമിതിയും പ്രതിരോധം തീർത്തെങ്കിലും യാഥാർഥ്യം ഏറെ നാൾ മറച്ചു വയ്ക്കാൻ സാധിച്ചില്ല. ഒടുവിൽ നിക്ഷേപകർക്ക് പണം മടക്കി നൽകാൻ കഴിയാതെ ജീവനക്കാരും ബുദ്ധിമുട്ടിലായി. ജീവനക്കാർ സമരം ആരംഭിച്ചതോടെയാണ് തട്ടിപ്പ് സംബന്ധമായി മറുനാടൻ ചെയ്ത വാർത്തകൾ ശരിയാണെന്ന് മറ്റുള്ളവർക്ക് ബോധ്യമായത്.
സഹകരണ വകുപ്പിന്റെ 65 വകുപ്പ് പ്രകാരം നടന്ന അന്വേഷണത്തിൽ ക്രമക്കേട് സ്ഥിരീകരിച്ചതിന് പിന്നാലെ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യാൻ ശിപാർശ വന്നിരുന്നു. എന്നാൽ, ബാങ്ക് ഭരണ സമിതി യോഗം ചേർന്ന് സസ്പെൻഷൻ മരവിപ്പിച്ചു. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് ഗോതമ്പ് സംസ്‌കരണ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടി രൂപയുടെ ക്രമക്കേട് അേന്വഷണത്തിൽ കണ്ടെത്തി. തൊട്ടുപിന്നാലെ സഹകരണ സംഘം കോന്നി അസി. രജിസ്ട്രാറുടെ പരാതിയിൽ സെക്രട്ടറിക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ക്രിമിനൽ കേസിൽ പ്രതിയായ സെക്രട്ടറിയെ ഇനിയും സംരക്ഷിക്കാൻ കഴിയില്ലെന്ന് വന്നതോടെ ഇന്നാണ് സസ്പെൻഡ് ചെയ്യാൻ ഡയറക്ടർ ബോർഡ് തീരുമാനമെടുത്തത്.
തട്ടിപ്പിൽ മറ്റ് ജീവനക്കാർക്കും ഭരണ സമിതിയിലെ ചിലർക്കും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണത്തിൽ ഇവരെയും പ്രതികളാക്കാനാണ് സാധ്യത. ഏപ്രിൽ 30 ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കേയാണ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ അറസ്റ്റ് ഭയന്ന് സെക്രട്ടറി ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുകയാണെന്നും പറയുന്നു.
സെക്രട്ടറി വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്ന രണ്ടു ജീവനക്കാരിൽ ഒരാൾ തനിക്ക് ആ പദവി വേണ്ടെന്ന് എഴുതി നൽകിയിട്ടുണ്ട്. മറ്റൊരാൾ ജോലി തന്നെ രാജി വച്ച് കത്ത് നൽകിയതായും സൂചനയുണ്ട്. ക്രമക്കേടിന്റെ പേരിൽ പ്രതിയാകാൻ സാധ്യതയുള്ളയാളാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്.
സംഘടിതമായിട്ടാണ് തട്ടിപ്പ് നടന്നിരിക്കുന്നതെങ്കിലും സെക്രട്ടറിയുടെ തലയിൽ വച്ച് മറ്റുള്ളവരെ രക്ഷിക്കാനുള്ള നീക്കമാണപ്പോഴുള്ളത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണിതെന്നും സൂചനയുണ്ട്. സെക്രട്ടറി ജോഷ്വയും പ്രസിഡന്റ് ജെറി ഈശോ ഉമ്മനും തട്ടിപ്പിൽ തുല്യപങ്കാളിത്തമുണ്ടെന്ന് ജീവനക്കാരും നിക്ഷേപകരും ആരോപിക്കുന്നു. കേരളാ കോൺഗ്രസിന്റെ വിവിധ ബ്രാക്കറ്റ് പാർട്ടികളിൽ അംഗമായിരുന്ന ജെറി ഈശോ ഉമ്മൻ ഒടുവിൽ സിപിഎമ്മിൽ വന്നു ചേരുകയായിരുന്നു. കഴിഞ്ഞ സമ്മേളനത്തിൽ ഏരിയാ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബാങ്ക് ക്രമക്കേട് പുറത്തു വന്നത്. ഇതോടെ ഏരിയാ കമ്മറ്റി അംഗത്തെ സഹായിക്കേണ്ട ബാധ്യത സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമലിലായി.
കടക്കെണിയിൽപ്പെട്ടു വലഞ്ഞിരുന്ന ബാങ്കിന് അത്യാവശ്യം ഫണ്ട് സംഘടിപ്പിച്ചു കൊടുക്കാൻ സിപി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ശ്രമിച്ചിരുന്നു. എന്നാൽ, അതൊക്കെ കടലിൽ കായം കലക്കുന്നതു പോലെയായിരുന്നു. ഏതാണ്ട് 40 കോടി രൂപയാണ് ഫാക്ടറിയിലേക്ക് വകമാറ്റി തട്ടിയെടുത്തത്. ഇത് തിരികെ ബാങ്കിൽ അടയ്ക്കാൻ കഴിയാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്