പത്തനംതിട്ട: കോടികളുടെ ക്രമക്കേട് നടന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇല്ലാത്ത ഡയറക്ടർ ബോർഡ്, ചേരാത്ത യോഗം ചേർന്നതായി കാണിച്ച് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് ഗോതമ്പ് ഫാക്ടറിക്ക് നൽകിയ 10 കോടി രൂപയുടെ വായ്പ പലിശ രഹിതമാക്കി. പരാതി ഉയർന്നപ്പോൾ അന്വേഷണത്തിന് വന്ന സഹകരണ സംഘം ജോയിന്റ രജിസ്ട്രാർ നിയോഗിച്ച ഉദ്യോഗസ്ഥൻ തീരുമാനം എടുത്ത തീയതി മാറിയെന്ന് പറഞ്ഞ് ക്രമക്കേട് നടത്തിയവർക്കൊപ്പം നിന്നു. ഇവർ പറഞ്ഞ തീയതിയിലും ഡയറക്ടർ ബോർഡ് ചേരാൻ കഴിയില്ലെന്ന് വന്നതോടെ ക്രമക്കേടിന്റെ അന്വേഷണം അവസാനിപ്പിച്ചു.

മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് പുനരന്വേഷണത്തിന് ഉത്തരവ് വന്നെങ്കിലും അതും സഹകരണ സംഘം ജോയിന്റ രജിസ്ട്രാർ ചവിട്ടി വച്ചിരിക്കുകയാണ്. 2018 ൽ പുതിയ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോഴായിരുന്നു ഈ ക്രമക്കേട് നടത്തിയത്. ബാങ്കിന്റെ 2018 ഡിസംബർ 15 ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം 366-ാം നമ്പർ തീരുമാനമായി ബാങ്ക് മൈഫുഡ് ഗോതമ്പ് ഫാക്ടറിക്ക് നൽകിയിരിക്കുന്ന പ്രവർത്തന മൂലധനമായ 10 കോടി രൂപയുടെ പലിശ വേണ്ടെന്ന് വച്ചുവെന്നാണ് രേഖ.

തീരുമാനമെടുത്തു കൊണ്ടുള്ള രേഖയിൽ പറയുന്നത് ഇങ്ങനെ:

ഈ സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള മൈ ഫുഡ് റോളർ ഫാക്ടറിക്ക് ബാങ്ക് നൽകിയിരിക്കുന്ന അഡ്വാൻസ് തുകകൾക്ക് കഴിഞ്ഞ വർഷങ്ങളിൽ ബാങ്ക് ഭരണ സമിതി നിശ്ചയിച്ചു നൽകിയിരുന്നതിൻ പ്രകാരം പലിശ അതാതു വർഷങ്ങളിൽ ഈടാക്കി കൊണ്ടിരിക്കുകയാണ്. ബാങ്ക് നൽകിയിരിക്കുന്ന തുകയ്ക്ക് ഇപ്രകാരം പലിശ ഈടാക്കുന്നതു മൂലം ഭീമമായ തുക ഫാക്ടറിക്ക് ചെലവുണ്ടാകുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ പ്രവർത്തന മൂലധനമായി നൽകിയിട്ടുള്ള 10 കോടി രൂപയ്ക്ക് പലിശ ഈടാക്കാതെയും ബാക്കി തുകയ്ക്ക് അതാത് കാലം നിക്ഷേപകർക്ക് നൽകുന്ന പലിശ നിരക്ക് 2018-19 വർഷം മുതൽ ഈടാക്കുകയും ചെയ്യണമെന്ന് തീരുമാനിച്ചു.

പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്ന പേരിൽ എൻ.ആർ സുനിൽകുമാർ, സിഎം ജോൺ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. വ്യാജരേഖയാണ് ഇവർ ചമച്ചത്. പക്ഷേ, തിരക്കിട്ട് രേഖ ചമയ്ക്കുന്നതിനിടയിൽ ഇട്ട തീയതി ഇവരെ വെട്ടിലാക്കുകയും ചെയ്തിരുന്നു. ഡയറക്ടർ ബോർഡ് കൂടി തീരുമാനം എടുത്തതായി പറയുന്ന ഡിസംബർ 15 നായി പുതിയ ഡയറക്ടർ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ്. ഈ സാഹചര്യത്തിൽ ഒരു ഡയറക്ടർ ബോർഡ് നിലവിൽ ഇല്ലാത്തതാണ്. തൊട്ടുമുമ്പുള്ള ഡയറക്ടർ ബോർഡിന്റെ കാലാവധി പുതിയ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ പൂർത്തിയായി. ഒരു ബോർഡ് അധികാരമൊഴിഞ്ഞ് പുതിയത് സ്ഥാനമേറ്റെടുക്കുന്നതിനുള്ള ഇടവേളയിലാണ് 10 കോടി രൂപ വായ്പയുടെ പലിശ എഴുതി തള്ളുന്നതായി തീരുമാനിച്ച് വ്യാജരേഖ ചമച്ചത്. ഇല്ലാത്ത ഡയറക്ടർ ബോർഡ് എങ്ങനെ യോഗം ചേരും? അതും പുതിയ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻ ഡയറക്ടർ ബോർഡ് അംഗം ഗീവർഗീസ് തറയിൽ സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാൽ അത് കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ വരണാധികാരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കുകയാണ് പതിവ്. ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഡയറക്ടർ ബേർഡ് കൂടി തീരുമാനംഎടുത്തതായി കൃത്രിമ രേഖയുണ്ടാക്കിയെന്നും ഗീവർഗീസ് ആരോപിച്ചിരുന്നു.

ഡിസംബർ 15 ന് എടുത്തതായി പറയുന്ന തീരുമാനത്തിന് ചുവടേ ഒപ്പിട്ടിരിക്കുന്ന ബാങ്കിന്റെ പ്രസിഡന്റ് എന്നയാൾ വെറുമൊരു മത്സരാർഥി മാത്രമാണ്. ബോർഡ് മെമ്പർമാർ എന്ന പേരിൽ ഒപ്പിട്ടിരിക്കുന്ന രണ്ടു പേരും മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ചട്ടവും നിലവിൽ വന്നു. നവംബർ ഏഴിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. ഇതോടെ നിലവിലുള്ള ഡയറക്ടർ ബോർഡ് ഇല്ലാതാകും. ഈ ബോർഡിന് നയപരമായ ഒരു തീരുമാനവും എടുക്കാനും കഴിയില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്മേലുള്ള അന്വേഷണം പത്തനംതിട്ട ജോയിന്റ രജിസ്ട്രാർക്ക് നൽകി. അന്വേഷണത്തിന് വന്നവരുടെ കണ്ടു പിടുത്തം വളരെ വിചിത്രമായിരുന്നു.

യോഗം ചേർന്നത് ഡിസംബർ 11 നായിരുന്നുവത്രേ. മിനിട്സ് എഴുതിയപ്പോൾ സെക്രട്ടറിക്ക് ഡേറ്റ് മാറിപ്പോയെന്നും ഒരു വിശദീകരണം വാങ്ങി അവർ അന്വേഷണ ഫയൽ ക്ലോസ് ചെയ്തു ഡിസംബർ 11 ആയാലും 15 ആയാലും അങ്ങനെ ഒരു ഡയറക്ടർ ബോർഡ് യോഗം ചേരാൻ കഴിയില്ലെന്ന കാര്യം അന്വേഷണത്തിന് വന്ന ഉദ്യോഗസ്ഥർ സൗകര്യപൂർവം വിസ്മരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിച്ചുവെന്ന് കാട്ടി വീണ്ടും പരാതി ഉയർന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

ഈ 10 കോടി രൂപയ്ക്ക് 10 ശതമാനം പലിശ ഈടാക്കിയാൽ പോലും ഒരു കോടി രൂപ ബാങ്കിന് പ്രതിവർഷം ലഭിക്കേണ്ടതാണ്. അതാണ് ഒഴിവാക്കാൻ തീരുമാനം എടുത്തത്. 10 കോടിയിൽ എത്ര രൂപ ആരുടെയൊക്കെ പോക്കറ്റിലുണ്ടെന്നതാണ് സഹകാരികളുടെ ചോദ്യം. ഇങ്ങനെ ഓരോ കൃത്രിമത്വം കാണിച്ച് കോടികളാണ് തട്ടിയെടുത്തിരിക്കുന്നത്.