- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്മിപ്രിയ തൂങ്ങി മരിച്ചതിന് ദൃക്സാക്ഷികൾ ഇല്ല; മറ്റുള്ളവർ കാണുന്നത് നിലത്തു കിടക്കുന്ന മൃതദേഹം; ആറു വയസുള്ള മകളുടെ മൊഴി അനിൽ ആനന്ദൻ തൂങ്ങി നിന്ന അമ്മയെ അറുത്തിട്ടുവെന്ന്; മർദനം പതിവായിരുന്നുവെന്നും സൂചന: ലക്ഷ്മിപ്രിയയുടെ മരണത്തിലെ ദൂരൂഹതകൾ നീങ്ങുന്നില്ല
അടൂർ: മാർച്ച് ഒമ്പതിന് പതിനാലാം മൈൽ ലൈഫ് ലൈൻ ഹോസ്പിറ്റലിനു സമീപം കളീയ്ക്ക മംഗലത്തു വീട്ടിൽ കുഞ്ഞുകുഞ്ഞമ്മ എന്ന സ്ത്രീയുടെ ഉടമസ്ഥതയിൽ ഉള്ള വീട്ടിൽ ലക്ഷ്മി പ്രിയ (42) എന്ന യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറെ. ഇവർക്കൊപ്പം താമസിച്ചിരുന്ന ഏഴംകുളം തേപ്പുപാറ അജിവിലാസത്തിൽ അനിൽ ആനന്ദനെ(48) ചൂഴ്ന്നാണ് ദുരൂഹതകൾ ഏറെയും.അടുക്കളയിലെ ഫാനിൽ ലക്ഷ്മിപ്രിയ തൂങ്ങി മരിക്കുക ആയിരുന്നെന്നാണ്
അനിൽ പറയുന്നത്. സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ല.
വിവരമറിഞ്ഞ് എത്തിയ വീട്ടുടമയും പൊലീസും അടുക്കളയിൽ കിടക്കുന്ന ലക്ഷ്മിപ്രിയയുടെ മൃതദേഹമാണ് കാണുന്നത്. ഫാനിൽ തൂങ്ങി മരിച്ച ലക്ഷ്മിപ്രിയയെ താൻ കുടുക്ക് അറുത്ത് താഴെയിടുകയായിരുന്നുവെന്നാണ് അനിലിന്റെ മൊഴി. ഈ മൊഴി ശരി വയ്ക്കും വിധമാണ് ലക്ഷ്മിപ്രിയയുടെ ആറു വയസുള്ള മകളും പറയുന്നത്. തൂങ്ങി നിന്ന തന്റെ അമ്മയെ അനിൽ കുടുക്ക് അറുത്തു വീഴ്‌ത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി.
അനിൽ ആനന്ദനും ആറു വയസുള്ള മകൾക്കുമൊപ്പമായിരുന്നു വാടക വീട്ടിൽ ലക്ഷ്മി പ്രിയയുടെ താമസം. അസ്വാഭാവിക മരണത്തിൽ തുടർ നടപടി സ്വീകരിക്കാൻ എത്തിയ പൊലീസിനോട് അനിൽ ആനന്ദൻ പറഞ്ഞത് ലക്ഷ്മി പ്രിയ നിയമപരമായി തന്റെ ഭാര്യയല്ലെന്നും ഒപ്പമുള്ള പെൺകുട്ടിയുടെ പിതാവ് താനല്ലെന്നുമായിരുന്നു.
ആകെ കുഴങ്ങിയ അടൂർ പൊലീസ് ലക്ഷ്മിപ്രിയയുടെ മൃതദേഹം സംസ്‌കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ വിശദാംശങ്ങൾ തേടി പത്രപ്പരസ്യവും നൽകി. ആദ്യ ഭർത്താവെന്ന് പറയുന്നയാൾ തേടി വന്നെങ്കിലും മൃതദേഹം ഏറ്റു വാങ്ങുകയോ കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യാതെ മടങ്ങി. കുട്ടിയെ ബാലസദനത്തിലാക്കിയ പൊലീസ് ആകെ ധർമ സങ്കടത്തിലാണ്. ഈ വിവരം ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
ലക്ഷ്മിപ്രിയയുടെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിൽ നിലവിൽ പൊലീസിന്റെ സംശയദൃഷ്ടിയിൽ അനിൽ ഇല്ലെന്ന് വേണം കരുതാൻ. കൊലപാതകമാണോ എന്ന് അറിയാൻ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരേണ്ടതുണ്ട്. ലക്ഷ്മിപ്രിയയുടെ മകളുമായി അടൂർ സ്റ്റേഷനിലെ വനിതാ പൊലീസുകാർ സംസാരിച്ചിരുന്നു. അനിൽ ലക്ഷ്മിപ്രിയയെ പതിവായി മർദിക്കാറുണ്ടായിരുന്നുവെന്ന വിവരം കുട്ടിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. തന്റെ മകളെ ഏതു വിധേനെയും വളർത്തി സുരക്ഷിതയാക്കുക എന്നൊരു ലക്ഷ്യം ലക്ഷ്മി പ്രിയയ്ക്കുണ്ടായിരുന്നു.
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട അനിലിനൊപ്പം വിവാഹം കഴിക്കാതെയാണെങ്കിലും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നു. അങ്ങനെ കുഞ്ഞിന് വേണ്ടി ജീവിച്ച ലക്ഷ്മിപ്രിയ ഒരിക്കലും ജീവനൊടുക്കാൻ സാധ്യതയില്ല. ഇനി അങ്ങനെ ചെയ്തെങ്കിൽ അത് ഗതികേടു കൊണ്ടു മാത്രമാകണം. അതിനുള്ള പ്രേരണ അനിലിന്റെ ഭാഗത്തു നിന്നുമുണ്ടായെന്നു വേണം കരുതാൻ. പക്ഷേ, ശക്തമായ തെളിവിന്റെ അഭാവം അനിലിലേക്ക് ചെല്ലാൻ പൊലീസിന് വിഘാതമാകുകയാണ്.
മാർച്ച് ഒമ്പതിന് രാത്രി ഏഴിനും എട്ടിനുമിടയിലാണ് വാടക വീടിന്റെ അടുക്കളയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തുന്നത്. അതു വരെ ലക്ഷ്മിപ്രിയയും അനിലും ഭാര്യാ-ഭർത്താക്കന്മാരാണെന്നാണ് വീട്ടുടമ കരുതിയിരുന്നത്. ലക്ഷ്മിപ്രിയ ജീവനൊടുക്കുകയും പൊലീസ് അനിലിനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് ഇവർ വിവാഹിതരല്ലെന്നും ഒപ്പമുള്ള കുട്ടി അയാളുടെ മകൾ അല്ലെന്നും മനസിലാകുന്നത്.
എന്നാൽ കുട്ടിക്ക് അനിലിനോട് പിതാവിന് സമമായ അടുപ്പമുണ്ടായിരുന്നു താനും. ഇൻഫെർട്ടിലിറ്റി ചികിൽസാ കേന്ദ്രമായ ലൈഫ് ലൈൻ ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ചികിൽസയിലാണെന്നും പോയി വരാനുള്ള ബുദ്ധിമുട്ടു കൊണ്ട് വാടകവീട് എടുക്കുന്നുവെന്നുമാണ് ഉടമയായ വയോധികയോട് അനിലും യുവതിയും പറഞ്ഞിരുന്നത്. കുഞ്ഞുകുഞ്ഞമ്മ ഈ വിവരം വിശ്വസിക്കുകയും ചെയ്തു. അനിലാകട്ടെ ചുരുങ്ങിയ സമയം കൊണ്ട് കുഞ്ഞുകുഞ്ഞമ്മയുടെ വിശ്വാസമാർജിച്ചു. അവർക്ക് വേണ്ട സഹായങ്ങളും ചെയ്തു കൊടുത്തു. അതു കൊണ്ടു തന്നെ അനിലും ലക്ഷ്മിപ്രിയയുമായി അസ്വാരസ്യം ഉണ്ടായിരുന്നുവോ എന്ന് പൊലീസിന് കൃത്യമായി മൊഴി നൽകാൻ കുഞ്ഞുകുഞ്ഞമ്മ തയാറായിരുന്നില്ല.
അനിൽ ദീർഘകാലം ജോലിക്ക് ശേഷം ഗൾഫിൽ നിന്ന് മടങ്ങി വന്നയാളാണ്. ഭാര്യ മരിച്ചു പോയി. ഒരു മകനുള്ളത് എൻജിനീയറിങ് വിദ്യാർത്ഥിയാണ്. വീട്ടുകാരുമായി വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. താൻ ഗൾഫിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് സ്വന്തമായി നിർമ്മിച്ച വീട് ഏഴംകുളത്തുണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തി.
ലക്ഷ്മി പ്രിയയെ നാലു മാസം മുമ്പ് കേരള മാട്രിമോണിയൽ വഴി കണ്ടെത്തുകയായിരുന്നുവെന്നാണ് അനിൽ പൊലീസിനോട് പറഞ്ഞത്. ലക്ഷ്മി പ്രിയ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന എറണാകുളം ഒലിമുകളിൽ സുരേന്ദ്രൻ എന്നയാളുടെ വീട്ടിൽ നിന്നും കുട്ടിയോടൊപ്പം കൂട്ടിക്കൊണ്ടു വരികയായിരുന്നെന്നും അനിൽ പറയുന്നു.
ലക്ഷ്മിപ്രിയ അനാഥയാണെന്നാണത്രേ അനിലിനോട് പറഞ്ഞിരുന്നത്. ബംഗളൂരുവിലുള്ള ഒരു ചിറ്റപ്പനാണ് വളർത്തിയിരുന്നതെന്നും അദ്ദേഹത്തിന്റെ മരണശേഷം 10 വർഷം മുൻപ് കേരളത്തിലേക്ക് വരികയായിരുന്നുവെന്നും ആലുവയിൽ ജോലി ചെയ്യുന്ന സമയത്ത് ഒരാളിൽ നിന്നും ഗർഭം ധരിച്ചുവെന്നും മാത്രമേ തന്നോട് പറഞ്ഞിട്ടുള്ളു എന്നും അനിൽ പറയുന്നു.
ലക്ഷ്മിപ്രിയ വൈഫ് ഓഫ് രാമസുബ്ബയ്യ, നമ്പർ 340, നയൻത് ക്രോസ്, ശാസ്ത്രി നഗർ, ബാംഗളൂർ സൗത്ത്, ത്യാഗരാജ് നഗർ കർണാടക 560028 എന്നാണ് പൊലീസ് കണ്ടെത്തിയ ആധാർ രേഖകളിലുള്ളത്.
ഈ വിലാസത്തിലുള്ള രാമസുബ്ബയ്യയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ബംഗളൂരുവിലെ ഒരു ടെക്സ്റ്റയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്താണ് ഇയാളുമായി ലക്ഷ്മി പ്രിയ അടുപ്പത്തിലാകുന്നത്. ഈ വകയിലുള്ളതാണ് കുട്ടിയെന്ന് പറയുന്നു. പിന്നീട് ഇയാളെ ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയത്രേ. രാമസുബ്ബയ്യ വേറെ വിവാഹം കഴിച്ച് മക്കളുമായി കഴിയുന്നു. അതിനാൽ തന്നെ അയാൾ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായിട്ടില്ല.
ഒരു പാട് ദുരൂഹതകൾ ലക്ഷ്മിപ്രിയയെയും അനിലിനെയും ചുറ്റിപ്പറ്റിയുണ്ട്. പൊലീസിന്റെ ഇയാളെ ആദ്യം സംശയിച്ചിരുന്നില്ല. കുട്ടിയെ ഇയാൾക്കൊപ്പം വിടാൻ ആദ്യം ആലോചിച്ചിരുന്നു. അനിൽ മികച്ച ഒരു നടനാണെന്ന് പൊലീസിന് തോന്നിയതോടെ ആ പദ്ധതി മാറ്റി. കുട്ടിയെ ബാലമന്ദിരത്തിന്റെ സംരക്ഷണയിലേക്ക് മാറ്റി. പൊലീസ് തന്നെ സംശയിക്കുന്നുവെന്ന് വന്നതോടെ അനിൽ ആത്മഹത്യാ നാടകവും നടത്തി. അമിതമായി ഗുളിക കഴിച്ചായിരുന്നു ഇത്. എന്നിട്ട് ഇയാൾ തന്നെ മറ്റുള്ളവരെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ ഗുളിക കഴിച്ച വിവരം പറയുകയും ചെയ്തു. ഇതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ലക്ഷ്മിപ്രിയയെ അനിൽ നന്നായി ഉപദ്രവിച്ചിരുന്നുവെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയെന്ന് പറയുന്നു. കഴുത്തെല്ലിന് പൊട്ടലുമുണ്ട്. പക്ഷേ, ശാരീരികമായി ഉപദ്രവിച്ച ലക്ഷണമില്ല. അനിലിന്റെ പീഡനം കാരണം യുവതി ജീവനൊടുക്കിയെന്ന സംശയമാണ് പൊലീസിനുള്ളത്. പക്ഷേ, അതിനുള്ള തെളിവുകൾ കണ്ടെത്തുക പൊലീസിന് വെല്ലുവിളിയാണ്. അതിലും വലിയ വെല്ലുവിളിയാണ് ലക്ഷ്മി പ്രിയയുടെ ബന്ധുക്കളെ കണ്ടെത്തുക എന്നത്. കൂടുതൽ നാൾ പൊലീസിന് മൃതദേഹം സൂക്ഷിക്കാൻ കഴിയില്ല. ഉടൻ തന്നെ സംസ്‌കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്