- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനാറുകാരനെ സഹോദരൻ കഴുത്തു ഞെരിക്കുന്ന വീഡിയോ പകർത്തിയത് അടുത്തബന്ധുവായ യുവതി; മൊബൈലിൽ പകർത്തിയ വീഡിയോ മറ്റൊരാൾക്ക് അയച്ചു കൊടുത്ത ശേഷം ഡിലീറ്റ് ചെയ്തു; അയച്ചു കൊടുത്ത ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് പുറത്തുവിട്ടു; വീഡിയോ മരണത്തിന് തൊട്ടുമുമ്പുള്ളതാണോ എന്നതിൽ വിശദമായ അന്വേഷണം; അസീസിന്റെ മരണത്തിന്റെ ദുരൂഹതയുടെ ചുരുളഴിഞ്ഞില്ല
കോഴിക്കോട്: അടുത്ത ബന്ധു പകർത്തിയ വീഡിയോ ദൃശ്യമാണ് നാദാപുരം നരിക്കാട്ടേരി സ്വദേശിയായ പതിനാറുകാരന്റെ ആത്മഹത്യ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവ് ലഭിക്കാൻ കാരണം. പതിനാറുകാരന്റെ സഹോദരൻ സഫ്വാൻ മർദ്ദിക്കുന്നതും കഴുത്തു ഞെരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ബന്ധുവായ യുവതി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. എന്നാൽ പിന്നീട് യുവതി ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് യുവതി മറ്റൊരാൾക്ക് അയച്ചു കൊടുത്തിരുന്നു. അയച്ചു കൊടുത്ത ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവാണ് പുറത്തു വിടുകയായിരുന്നു. പതിനാറുകാരൻ അസീസിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവും അസീസിന്റെ പിതാവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തു വിട്ടതെന്നാണ് ലഭിക്കുന്ന വിവരം.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ നാട്ടുകാർ വീടു വളഞ്ഞു. പിന്നീട് പൊലീസ് ഇടപെട്ട് വീട്ടുകാരെ ഇവിടെ നിന്നും മാറ്റി. സഹോദരൻ സഫ്വാൻ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏകദേശം മൃതപ്രായനായി സഫ്വാന്റെ മടിയിൽ കിടക്കുന്ന അസീസിനെ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഈ ദൃശ്യങ്ങൾ മരണത്തിന് തൊട്ടുമുമ്പുള്ളതാണോ എന്നതിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ അസീസിന്റെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച ആക്ഷൻ കമ്മിറ്റി തുടരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. കഴിഞ്ഞ വർഷം ഫാനിൽ ഒരു ലുങ്കിയിൽ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. വീട്ടിൽ ആ സമയത്ത് വേറെയും ആളുകൾ ഉണ്ടായിരുന്നു. താഴത്തെ മുറിയിലുണ്ടായിരുന്ന ടൈലറിങ് മെഷീൻ മുകളിലേക്ക് എടുത്തുകൊണ്ടുപോയി, അതിന് മുകളിൽ കയറിയാണ് കുട്ടി ഫാനിൽ തൂങ്ങിമരിച്ചത് എന്നായിരുന്നു വീട്ടുകാരുടെ വിശദീകരണം.
എസ്എസ്എൽസി പരീക്ഷയുടെ അവസാന മൂന്നു പരീക്ഷകൾ ബാക്കി നിൽക്കെയാണ് 2020 മെയ് 17ന് നരിക്കാട്ടേരി കറ്റാരത്ത് അബ്ദുൽ അസീസിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ രണ്ടാമത്തെ സ്കൂളായിരുന്നു പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ. 437 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ജൂൺ 30ന് പരീക്ഷാഫലം വന്നപ്പോൾ അസീസ് ഒഴികെ ബാക്കിയെല്ലാവരും ജയിച്ചു. എഴുതിയ എല്ലാ പരീക്ഷകൾക്കും അസീസിന് നല്ല മാർക്കുകളുണ്ടായിരുന്നു.
കോവിഡ് കാരണം മെയ് അവസാനത്തിലേക്ക് മാറ്റിവച്ച പരീക്ഷകളാണ് അസീസ് എഴുതാൻ ബാക്കിയുണ്ടായിരുന്നത്. ഇതിനിടെയയിരുന്നു അസീസിന്റെ മരണം. കുടുംബവഴക്കുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ സഹായത്തോടെ സഫ്വാൻ സഹോദരൻ അസീസിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന നിഗമനത്തിലാണ് ആക്ഷൻ കമ്മിറ്റി. വീഡിയോ പകർത്തിയത് വീട്ടിലുള്ള മറ്റാരോ ആണ് എന്നതും അസീസിന്റെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.
അസീസിനെ വീടിനകത്തുവെച്ച് സഹോദരനായ യുവാവ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമത്തിൽ രണ്ട് ദിവസമായി പ്രചരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സഹോദരനായ യുവാവ് വീടിനകത്ത് വെച്ച് അസീസിനെ മർദിക്കുന്നുണ്ട്. കഴുത്തിൽ ചുറ്റിപിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും നെഞ്ചിലും മുഖത്തും ശക്തിയായി ഇടിക്കുന്നതും ശ്വാസം ലഭിക്കാനാകാതെ അസീസ് പിടയുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.
അതേ സമയം ബന്ധുക്കളെയും മാതാപിതാക്കളെയും ഇതുവരെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ജനരോഷം മൂലം മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ സംഭവ സമയം വീട്ടിലുണ്ടായിരുന്നവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. വീഡിയോ പകർത്തിയ ബന്ധുവായ യുവതിയെ ആദ്യം ചോദ്യം ചെയ്യും. പിന്നീടാവും മറ്റുള്ളവരെ ചോദ്യം ചെയ്യുക. ഇവരുടെ മൊഴി എടുത്ത ശേഷം മാത്രമേ വിദേശത്തുള്ള സഫ്വാനെ കസ്റ്റഡിയിലെടുക്കുകയുള്ളൂ.
കൂടാതെ കൊലപാതകമാണെന്ന് ഉറപ്പായാൽ മൃതദേഹം ലുങ്കിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ കൂട്ടു നിന്നവരെയും അറസ്റ്റ് ചെയ്യും. മരണപ്പെട്ട അസീസിന്റെ രണ്ടാനമ്മയുടെ മകനാണ് സഫ്വാൻ. ഇവരുമായി അസീസ് വഴക്കിട്ടിരുന്നു എന്നും ഇതിനെ തുടർന്നുള്ള കയ്യാങ്കളിയാണ് മരണത്തിൽ കലാശിച്ചതെന്നുമാണ് വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസഫിനാണ് അന്വേഷണ ചുമതല.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.