കോഴിക്കോട്: ടി.വിയിലെ നാപ്ടോൾ മിസ്ഡ്കോൾ ഓൺലൈൻ പരസ്യം കണ്ട് 3000 രൂപയുടെ കാർക്ലീനിങ് മെഷീൻ ബുക്ക് ചെയ്ത എലത്തൂർ സ്വദേശിക്ക് ഡെലിവറിയായി എത്തിയത് 500 രൂപയിൽ താഴെ വിലയുള്ള പ്ലാസ്റ്റിക്ക് മെഷീൻ. എലത്തൂർ സ്വദേശിയായ മോഹനനാണ് കബളിക്കപ്പെട്ടത്. മോഹനൻ ടി.വിയിൽ കണ്ട നാപ്ടോൾ പരസ്യത്തിലെ നമ്പറിൽ മിസ്ഡ് കോൾ അടിച്ച് കാർക്ലീനിങ് മോട്ടോർ ബുക്ക് ചെയ്തത്. 28-ാം തീയതി മെഷീൻ എലത്തൂർ പോസ്റ്റ് ഓഫീസിൽ കൊറിയറായി എത്തുകയും ചെയ്തു.

പരസ്യത്തിൽ കാണിച്ച നമ്പറിൽ മിസ്ഡ് കോൾ നൽകിയപ്പോൾ തിരിച്ച് ഉടൻ ഫോൺകോൾ വന്നു. നാപ്ടോളിൽ നിന്നാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആൾ മെഷീനിന്റെ വിശദ വിവരങ്ങൾ വ്യക്തമാക്കുകയും മോഹനൻ മേൽവിലാസം ചോദിച്ച് വാങ്ങുകയും ചെയ്തിരുന്നു. അവർ പറഞ്ഞതനുസരിച്ച് മെറ്റൽ ടൈപ്പ് മെഷീനായിരുന്നു ബുക്ക് ചെയ്തത്. മെഷീൻ പോസ്റ്റോഫീസിൽ എത്തിയെങ്കിലും ഇത് പൊളിച്ച് നോക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മോഹൻ അറിഞ്ഞത്.

പിന്നീട് തന്നെ തിരിച്ച് വിളിച്ച 7034031022 എന്ന നമ്പറിൽ തിരിച്ച് വിളിച്ചെങ്കിലും ഫോണെടുത്തില്ല. പലപ്പോഴും റോങ് നമ്പറാണെന്ന മറുപടിയും ലഭിച്ചു. തുടർന്ന് മോഹനൻ നാപ്ടോൾ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചുവെങ്കിലും ഇങ്ങനെയൊരു ഡെലിവറി നിർദേശമോ, നാപ്ടോളിൽ നിന്ന് ഇത്തരമൊരു ഡെലിവെറിയോ ഉണ്ടായിട്ടില്ലെന്നായിരുന്നു മോഹനന് ലഭിച്ച വിവരം. തുടർന്ന് എലത്തൂർ പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി കൊടുക്കുകയും ചെയ്തു. നാപ്ടോൾ അറിയാതെ എങ്ങനെയാണ് അവർ ടി.വിയിൽ കാണിച്ച നമ്പറിൽ വിളിച്ച് ബുക്ക് ചെയ്തിട്ടും തിരിമറി നടന്നതെന്നാണ് മോഹനൻ ചോദിക്കുന്നത്.

തിരുവനന്തപുരം തമ്പാനൂരിലുള്ള സ്മാർട്ട്ബൈ എന്ന കമ്പനിയുടെ അഡ്രസ്സിൽ നിന്നാണ് മെഷീൻ എത്തിയിരിക്കുന്നത്. എന്നാൽ സ്ഥാപനത്തിന്റെ ഫോൺ നമ്പറോ മറ്റോ അഡ്രസ്സിലില്ല. നേരത്തെ വിളിച്ച നമ്പർ പലപ്പോഴും സ്വിച്ച് ഓഫുമാണ്. കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ ഗൃഹോപകരണ സാധനങ്ങൾ വിൽപ്പന നടത്തുന്നയാളാണ് എലത്തൂർ സ്വദേശിയായ മോഹനൻ.