പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ പട്ടികജാതി കുടുംബത്തിന് ഭവന പുനരുദ്ധാരണത്തിന് സർക്കാരും വ്യക്തികളും നൽകിയ പണം തട്ടിയെടുത്തുവെന്ന പരാതി നിഷേധിക്കാൻ സിപിഎം പഞ്ചായത്തംഗങ്ങൾ വിളിച്ചു ചേർത്ത പത്രസമ്മേളനം സെൽഫ് ഗോളായി. തങ്ങൾ പണം കൈപ്പറ്റിയെന്ന് സമിതിച്ച പഞ്ചായത്തംഗങ്ങൾ അത് ചെലവഴീച്ച കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതാണ് വിനയായിരിക്കുന്നത്. ഏരിയാ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിൽ ആരോപണങ്ങൾ നിഷേധിക്കണമെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും പത്രസമ്മേളനം നടത്തി പറയണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇന്നലെ പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഇവർ ആരോപണങ്ങൾ അംഗീകരിക്കുകയായിരുന്നു.

പത്രസമ്മേളനത്തിൽ പങ്കെടുത്ത നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗവും സിപിഎം ലോക്കൽ കമ്മറ്റിയംഗവുമായ അബിതാഭായി, 14-ാം വാർഡ് അംഗവും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ ബെന്നി ദേവസ്യ, ലോക്കൽ കമ്മറ്റി സെക്രട്ടറി ഓ.പി ഷിബു എന്നിവർക്ക് ആരോപണങ്ങൾ സംബന്ധിച്ച് കൃത്യമായി മറുപടി പറയാൻ സാധിച്ചില്ല. പത്രലേഖകർക്ക് മുന്നിൽ പതറിപ്പോയ ഇവർ അതിനിടെ പട്ടികജാതി കുടുംബത്തിന്റെ ഭവന പുനരുദ്ധാരണത്തിന് ജോയിന്റ് അക്കൗണ്ട് എടുത്തിരുന്നുവെന്ന് സമ്മതിച്ചു. അബിതാ ഭായി, ബെന്നി ദേവസ്യ എന്നിവരുടെ പേരിലാണ് ജോയിന്റ് അക്കൗണ്ട്. അതിൽ 29,600 രൂപ ശേഷിക്കുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു.

നാരങ്ങാനം നോർത്ത് പെരുമ്പാറ ചരിവുകാലായിൽ സരസമ്മയ്ക്ക് ഭവന പുനരുദ്ധാരണത്തിന് പഞ്ചായത്തിൽ നിന്ന് അനുവദിച്ച 35,000 രൂപയും സ്വകാര്യ ട്രസ്റ്റ് നൽകിയ 25000 രൂപയും അബിതാഭായ്, ബെന്നി ദേവസ്യ, പഞ്ചായത്തിലെ അസി. എക്സ്യൂട്ടീവ് എൻജിനീയർ എന്നിവർ ചേർന്ന് തട്ടിയെടുത്തുവെന്നായിരുന്നു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ് മാന് നൽകിയ പരാതി. ഒന്നര മാസം കഴിഞ്ഞിട്ടും പരാതിയിൽ നടപടിയുണ്ടാകാതെ വന്നപ്പോഴാണ് മാധ്യമങ്ങളെ സമീപിച്ചതും വാർത്തയാക്കിയതും.

സംഭവം വിവാദമായതോടെ അടിയന്തിര ലോക്കൽ കമ്മറ്റി സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പിആർ പ്രദീപിന്റെ നേതൃത്വത്തിൽ ചേർന്നു. യോഗത്തിൽ പണം തങ്ങൾ കൈപ്പറ്റിയെന്ന് അബിത സമ്മതിക്കുകയും ചെയ്തു. വൻകിട കരാറുകാരിൽ നിന്ന് ഈ വീടിന്റെ പേരിൽ പണം പിരിക്കാൻ ശ്രമിച്ചതും വെളിപ്പെടുത്തി. എന്നാൽ, ഇതൊന്നും പുറത്തു പറയരുതെന്നും ആരോപണങ്ങൾ എല്ലാം നിഷേധിക്കണമെന്നും പറഞ്ഞാണ് ഇവരെ പത്രസമ്മേളനത്തിന് വിട്ടത്.എന്നാൽ, എല്ലാ കാര്യങ്ങളും യാതൊരു മറയുമില്ലാതെ ഇവർ വിളിച്ചു പറഞ്ഞു. ഇത് പാർട്ടിക്ക് നാണക്കേടുണ്ടാക്കി. കൂടാതെ വാർത്ത ചോർത്തിയതിന് പാർട്ടി നേതാക്കളെ സംശയ നിഴലിൽ നിർത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അടിയന്തിര ഏരിയാ കമ്മറ്റി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

വാർത്തയ്ക്ക് പിന്നിൽ ബിജെപിയും കോൺഗ്രസുമാണെന്ന് ആദ്യം പറഞ്ഞ മൂവരും പിന്നീട് തങ്ങളുടെ പാർട്ടിയിലെ വിഭാഗീയതയുടെ സന്തതിയാണ് വാർത്തയെന്ന് സമ്മതിച്ചു. ഇതു സംബന്ധിച്ച് പാർട്ടിക്കുള്ളിൽ അന്വേഷണം നടക്കുമെന്നും കുറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തുമെന്നും ഇവർ പറഞ്ഞു.

വ്യാഴാഴ്ച ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിൽ ഫണ്ട് തിരിമറി രണ്ട് പഞ്ചായത്തംഗങ്ങളും സമ്മതിച്ചിരുന്നുവെന്ന ആരോപണത്തിനും വിശദമായ മറുപടി ഇവരുടെ ഭാഗത്തു നിന്നുമുണ്ടായില്ല. പുതിയതായി നിർമ്മിക്കുന്ന വീടിനാണ് ഭവന പുനരുദ്ധാരണമെന്ന പേരിൽ ഫണ്ട് പഞ്ചായത്ത് അനുവദിച്ചത്.

ഇതിന് പുറമേ ആസ്ബസ്റ്റോസ്, സിമെന്റ്, മെറ്റൽ, പാറപ്പൊടി തുടങ്ങിയ നിർമ്മാണ സാമഗ്രികൾ വ്യക്തികളും സംഘടനകളും സൗജന്യമായി നൽകി. എന്നാൽ, ഇതിന്റെ നിർമ്മാണചെലവ് 60,000 രൂപയോളം വന്നുവെന്നും ആ പണമാണ് പരാതിക്കാരിയായ സരസമ്മയിൽ നിന്ന് കൈപ്പറ്റിയതെന്നും പഞ്ചായത്തംഗങ്ങൾ പറഞ്ഞു. ആസ്ബസ്റ്റോസിന് ക്ലാമ്പ് ഇട്ടത്, സൗജന്യമായി കിട്ടിയ ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ടു വന്ന വാഹനക്കൂലി എന്നിവയൊക്കെ ചേർത്താണത്രേ 60000 രൂപ ചെലവായത്.

വീട് നിർമ്മാണം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഒരു കണക്കുമായിട്ടാണ് ഇവർ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഓംബുഡ്സ്മാന് നൽകിയ പരാതി ഇവർ പാടേ നിഷേധിച്ചു. പാർട്ടി കുടുംബമാണ് പരാതിക്കാർ. സേവാഭാരതി വീട് നിർമ്മിച്ചു നൽകാൻ ചെന്നപ്പോൾ ഇതേ കാരണം പറഞ്ഞ് നിരസിച്ചവരാണ്. അവരെ ആരോ തെറ്റിദ്ധരിപ്പിച്ച് തങ്ങൾക്കെതിരേ പരാതി നൽകിയതാണ്. അവർ അത് വായിച്ചു പോലും നോക്കിയിട്ടുണ്ടാകില്ലെന്നും പഞ്ചായത്തംഗങ്ങൾ പറഞ്ഞു.

പാർട്ടി കുടുംബമായ, സേവാഭാരതിയുടെ വീടിനുള്ള സഹായം നിഷേധിച്ച അവർ പിന്നെങ്ങനെ സിപിഎമ്മിന്റെ പഞ്ചായത്തംഗങ്ങൾക്കെതിരേ പരാതി നൽകുമെന്ന് ചോദിച്ചപ്പോൾ നേതാക്കൾക്ക് ഉത്തരം മുട്ടി. ഇതോടെ പാർട്ടിയിലുള്ള ചിലരാണ് പരാതിക്ക് പിന്നിലെന്ന സംശയം ഇവർ പ്രകടിപ്പിച്ചത്. വരും ദിവസങ്ങളിൽ അതേപ്പറ്റി കൂടുതൽ പറയുമെന്നും നേതാക്കൾ അറിയിച്ചു.