- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെ തകർക്കാൻ സൗദിയെ കൂട്ടുപിടിച്ച സൈനിക നയതന്ത്ര ബുദ്ധി; കാശ്മീരിനെ ആഭ്യന്തര കാര്യമാക്കിയ കരസേനാ മേധാവി; 370 വകുപ്പ് റദ്ദാക്കിയതിനൊപ്പം നിന്ന സൈനിക സഹകരണം; ബിപിൻ റാവത്തിന്റെ പിൻഗാമിയായി വീണ്ടും നരവനെ എത്തിയേക്കും; സംയുക്ത സേനാ മേധാവിയാകൻ ആർമി ചീഫ് പരിഗണനയിൽ
ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെ മരണത്തോടെ അടുത്ത സംയുക്ത സേനാ മേധാവിയെ ഉടൻ നിശ്ചയിക്കും. സംയുക്ത സൈനിക മേധാവിയെ കണ്ടെത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ മന്ത്രിതല സമിതി ചർച്ച തുടങ്ങി.
നിലവിലെ സേനാ മേധാവികളിൽ കരസേനാ മേധാവി ജനറൽ എം. എം. നരവനെയാണ് ഏറ്റവും മുതിർന്നയാൾ. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ തീരുമാനിച്ചാൽ, നരവനെ അടുത്ത സംയുക്ത സേനാ മേധാവിയാകും. അങ്ങനെ വന്നാൽ, പുതിയ കരസേനാ മേധാവിയായി പുതിയ ആളെത്തും. നരവനെയ്ക്കു ശേഷം കരസേനയിലെ സീനിയർ ഉദ്യോഗസ്ഥർ കശ്മീരിലെ ഉധംപുർ ആസ്ഥാനമായ വടക്കൻ സേനാ കമാൻഡിന്റെ മേധാവി ലഫ്. ജനറൽ വൈ.കെ. ജോഷിയും കൊൽക്കത്ത ആസ്ഥാനമായ കിഴക്കൻ കമാൻഡ് മേധാവി ലഫ്. ജനറൽ മനോജ് പാണ്ഡെയുമാണ്. ഇരുവരും 1982 ലാണു സേനയിൽ ചേർന്നത്. ഇവരിൽ ഒരാൾ കരസേനാ മേധാവിയുമാകും.
പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പു നൽകിയ കരസേന മേധാവിയാണ് ജനറൽ മനോജ് മുകുന്ദ് നരവനെ. ബിപിൻ റാവത്തിന്റെ യാഥാർത്ഥ പിൻഗാമി. അതിർത്തിക്ക് അപ്പുറമുള്ള ഭീകര കേന്ദ്രങ്ങൾക്കെതിരെ പൊടുന്നനെയുള്ള ആക്രമണങ്ങൾ നടത്താൻ ഇന്ത്യക്ക് അവകാശമുണ്ടെന്നാണ് കരസേന മേധാവിയായി ചുമതലയേറ്റ ശേഷം ജനറൽ മനോജ് മുകുന്ദ് നരവനെ വ്യക്തമാക്കിയത് ഏറെ ചർച്ചയായിരുന്നു. ചൈനയേയും പ്രത്യക്ഷത്തിൽ തന്നെ കടന്നാക്രമിച്ചു. ആദ്യ സംയുക്തസേന മേധാവിയായി നിയമിതനായ ജന. ബിപിൻ റാവത്തിനു പിന്നാലെയാണ് സൈനിക ഉപമേധാവിയായിരുന്ന നരവനെ സേനയിൽ ഒന്നാമനാകുന്നത്. സൈന്യത്തിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കൽ, കശ്മീരിലെ അതിർത്തി കടന്നുള്ള ഭീകരവാദം തടയൽ, ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ കരുത്ത് വർധിപ്പിക്കൽ തുടങ്ങിയവ നരവനെ ഭംഗിയായി നിറവേറ്റുകയാണ്.
ഇതിനിടെയാണ് ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗം. നരവനെ നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), ഇന്ത്യൻ സൈനിക അക്കാദമി എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് മേധാവിയായിരുന്നു. നരവനെ സൈന്യത്തിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ സമാധാനദൗത്യങ്ങളും പെടും. ജമ്മു-കശ്മീരിൽ 'രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയന്' നേതൃത്വം നൽകി. കിഴക്കൻ മേഖലയിലും പ്രവർത്തിച്ചു. ശ്രീലങ്കയിലെ ഇന്ത്യൻ സമാധാനദൗത്യസേനയുടെ ഭാഗമായിരുന്നു. മ്യാന്മറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായി മൂന്നു വർഷം പ്രവർത്തിച്ചു. ജമ്മു-കശ്മീരിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് സേനാമെഡലും 'അസം റൈഫിൾസ്' ഐ.ജിയെന്ന നിലയിൽ നാഗാലാൻഡിൽ നടത്തിയ പ്രവർത്തനങ്ങൾക്കായി വിശിഷ്ട സേവാമെഡലും പിന്നീട് അതിവിശിഷ്ട സേവാമെഡലും ലഭിച്ചു.
മഹാരാഷ്ട്ര സ്വദേശിയാണ് ജനറൽ നരവണെ. 1980 ജൂണിൽ സിഖ് ലൈറ്റ് ഇൻഫന്ററി റെജിമെന്റിന്റെ ഏഴാം ബറ്റാലിയനിലാണ് അദ്ദേഹം സേവനമാരംഭിച്ചത്. ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നടക്കം പരിശീലനം നേടിയ നരവണെ കരസേനാ ഉപമേധാവിയാവുംമുമ്പ് ചൈനയുമായുള്ള ഏകദേശം 4000 കിലോമീറ്റർ വരുന്ന അതിർത്തി കാക്കുന്ന കിഴക്കൻ കമാൻഡിന്റെ തലവനായിരുന്നു. മ്യാന്മാറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെ, ജമ്മുകശ്മീർ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയൻ കമാൻഡർ എന്നീ നിലകളിലും പ്രവർത്തിച്ചു. ശ്രീലങ്കയിലെ സമാധാനസേനയുടെ ഭാഗവുമായിരുന്നു. അസം റൈഫിൾസ് (നോർത്ത്) ഇൻസ്പെക്ടർ ജനറലെന്ന നിലയിൽ നാഗാലാൻഡിൽ നടത്തിയ മികച്ച പ്രവർത്തനത്തിന് വിശിഷ്ട സേവാ മെഡലും സ്ട്രൈക്ക് ഫോഴ്‌സ് കമാൻഡറെന്ന നിലയിൽ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു.
ഇന്ത്യൻ വിദേശകാര്യ രംഗത്ത് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ നേട്ടാണ് സൗദി അറേബ്യയുമായുള്ള കൂട്ടുകെട്ട്. സാമ്പത്തിക രംഗത്തുള്ള കൂടുതൽ സഹകരണത്തിന് പുറമേ സൈനിക സഹകരണത്തിനു കൂടിയാണ് സൗദിയുമായി ഇന്ത്യ ഒരുങ്ങുന്നത്. ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം ലോകം മുഴുവൻ ചർച്ചആവുകയും ചെയ്തു. ഇറാനുമായി ഇന്ത്യ അടുക്കാതിരിക്കാൻ കൂടിയാണ് പാക്കിസ്ഥാനെ അവഗണിച്ചു കൊണ്ട് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയുമായി കൂടുതൽ അടുക്കുന്നത്. പാക്കിസ്ഥാനുമായി വലിയ ബന്ധം പുലർത്തിയിരുന്ന സൗദി അറേബ്യ കാശ്മീർ വിഷയത്തിൽ അടക്കം ഇന്ത്യൻ നിലപാടിനൊപ്പമാണ് നിന്നത്. ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്ത് പാക്കിസ്ഥാനെ സഹായിച്ചിരുന്ന നിലപാടുകൾ കൈക്കൊണ്ട രാജ്യമാണ് മാറുന്ന കാലത്ത് ഇന്ത്യക്കൊപ്പം തോൾചേരുന്നത്. ഈ നയതന്ത്ര ബുദ്ധിക്ക് പിന്നിൽ നരവനെയായിരുന്നു.
പാക്കിസ്ഥാനുമായുള്ള സൗദിയുടെ ബന്ധം ശിഥിലമായി കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ത്യൻ കരസേന മേധാവി സൗദി അറേബ്യയിലെത്തിയത്. കാശ്മീർ വിഷയത്തിൽ അടിയന്തിരമായി ഒ.ഐ.സി സെഷൻ വിളിച്ചു ചേർക്കാത്തതിൽ സൗദിക്കെതിരെ പാക്കിസ്ഥാൻ വലിയ രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി അറേബ്യയിലെത്തിയ പാക് ആർമി തലവൻ ക്വമാർ ജാവേദ് ബജ്വയെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് കാണാതിരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യം നരവനെ തന്ത്രപരമായി ഉപയോഗിച്ചു. ഇതോടെ സൗദിയും പാക്കിസ്ഥാനുമായുള്ള ബന്ധവും വഷളായി.
എന്നാൽ, കാശ്മീർ വിഷയത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ (ഒഐസി) ഭീഷണിപ്പെടുത്താൻ ശ്രമിച്ച പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് കടക്കുകയും ചെയ്തു സൗദി അറേബ്യ. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നായിരുന്നു സൗദിയുടെ നിലപാട്. എന്നാൽ, ഇത് അംഗീകരിക്കാതെ പാക്കിസ്ഥാൻ ഒഐസിയെ പിളർത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പാക് വിദേശകാര്യമന്ത്രി ഭീഷണി ഉയർത്തിയതിനെ തുടർന്ന് പാക്കിസ്ഥാനുള്ള വായ്പയും എണ്ണ വിതരണവും സൗദി അവസാനിപ്പിച്ചിരുന്നു. തുടർന്ന് പാക്കിസ്ഥാൻ വിവിധ തലങ്ങളിലൂടെ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും നിലപാടിൽ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്ന നിലപാടണ് സൗദി സ്വീകരിച്ചത്. റിയാദിന് ആധിപത്യമുള്ള ഒഐസി പിളർക്കുമെന്ന ഭീഷണി തങ്ങളുടെ ആഭ്യന്തരവിഷയത്തിലുള്ള കൈകടത്തലായിട്ടാണ് സൗദി കരുതുന്നത്. മുസ്ലിം രാജ്യങ്ങൾ ആർക്കും കീഴ്‌പ്പെട്ടല്ല കഴിയുന്നതെന്ന സന്ദേശം നൽകാനാണ് വായ്പയും എണ്ണവിതരണവും സൗദി പൊടുന്നനെ നിർത്തിയത്.
നേരത്തെ പാക്കിസ്ഥാന് നൽകിയ ഒരു ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടക്കാൻ സൗദി പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2018 നവംബറിൽ സൗദി അറേബ്യ പ്രഖ്യാപിച്ച 6.2 ബില്യൺ ഡോളർ പാക്കേജിന്റെ ഭാഗമായിരുന്നു വായ്പ. ഇതിൽ തന്നെ മൂന്ന് ബില്യൺ ഡോളർ വായ്പയും 3.2 ബില്യൺ ഡോളറിന്റെ എണ്ണയുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പാക്കിസ്ഥാൻ സന്ദർശിച്ചപ്പോൾ ആയിരുന്നു ഈ കരാറുകളിൽ ഒപ്പുവെച്ചത്. ഈ തീരുമാനമെല്ലാം സൗദിയുടെ അനിഷ്ടത്തിന് തെളിവായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ