പന്തളം: ഉത്സവം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം മടങ്ങിയ യുവാവിനെ കാറിടിച്ചു വീഴ്‌ത്തിയ ശേഷം മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെ ബംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ക്വട്ടേഷൻ സംഘാംഗങ്ങൾ അടക്കമാണ് പിടിയിലുള്ളത്.

അടൂർ പറക്കോട് കൊച്ചുകുറ്റിയിൽ തെക്കേതിൽ നിർമൽ ജനാർദനൻ (കണ്ണപ്പൻ-32), പറക്കോട് സുബൈർ മൻസിലിൽ അജ്മൽ (27) എന്നിവരെയാണ് ക്രൈം എസ്ഐ സി.കെ. വേണു, സിപിഓമാരായ അർജുൻ കൃഷ്ണൻ, സിഎസ് അനൂപ്, സന്ദീപ് ജി നായർ എന്നിവർ ചേർന്ന് ബംഗളൂരുവിലെ ഒരു ലോഡ്ജിൽ നിന്ന് പിടികൂടിയത്.

കഴിഞ്ഞ അഞ്ചിന് രാത്രി 11.30 നാണ് വള്ളിക്കോട് തൃക്കോവിൽ തൃപ്പാറ തെക്കേത്തുണ്ട് പറമ്പിൽ നിബിൻ കുമാറി(26)നെ പ്രതികൾ ആക്രമിച്ചത്. ഇടിച്ച് വീഴ്‌ത്തിയ ശേഷം കാർ കാലിൽ കൂടി കയറ്റി. തലയ്ക്കും കാലിനും കഴുത്തിനും വെട്ടേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന നിബിനെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലെത്തിച്ചിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ട നിബിന്റെ രക്ഷപ്പെടൽ അത്ഭുതകരമാണ്.

തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ വച്ച് പ്രതികളിൽ ചിലരുമായി നിബിൻ വാക്കേറ്റവും സംഘട്ടനവും ഉണ്ടാക്കിയിരുന്നു. ഇവരിൽ ചിലരെ കൈയേറ്റം ചെയ്തിരുന്നുവത്രേ. അതിന്റെ പ്രതികാരമായിട്ടാണ് ഗുണ്ടാ സംഘങ്ങളെ ഇറക്കി പ്രത്യാക്രമണം നടത്തിയത്.

കീരുകുഴി ശരത് ഭവനിൽ ശരത്, പറക്കോട് ഇജാസ് മൻസിലിൽ ഇജാസ്, പന്തളം തെക്കേക്കര തട്ടയിൽ പടുകോട്ടുക്കൽ സദനം വീട്ടിൽ വിഷ്ണു, പ്രിജിത്ത് ഭവനിൽ പ്രിജിത്ത്, ശാലിനി ഭവനിൽ നിധിൻ എന്നിവർ ഈ കേസിൽ നേരത്തേ അറസ്റ്റിലായി റിമാൻഡിലാണ്. പത്തനംതിട്ട, അടൂർ, തിരുവല്ല സ്റ്റേഷനുകളിൽ ഇരുപതോളം കേസിൽ പ്രതികളാണ് ഒടുവിൽ അറസ്റ്റിലായവർ. ഇന്ന് നിബിന്റെ മൊഴിയെടുക്കും. അക്രമത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അതിന് ശേഷമേ പറയാൻ കഴിയൂവെന്ന് പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ പറഞ്ഞു.