- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗരയൂഥത്തിലൂടെ 12 വർഷം നീളുന്ന യാത്ര; മറികടന്നു പോകുന്നത് എട്ടോളം വ്യത്യസ്ത ഛിന്നഗ്രഹങ്ങളെ; ഗ്രഹങ്ങളുടെ ഉത്പത്തിയേക്കുറിച്ചും പരിണാമങ്ങളെ കുറിച്ചും കൂടുതൽ അകക്കാഴ്‌ച്ച നൽകുമെന്ന പ്രതീക്ഷ; നാസയുടെ ലൂസി ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ
ആയിരം കാതം താണ്ടിയുള്ള യാത്രയും ആരംഭിക്കുന്നത് ആദ്യത്തെ ചുവടുവയ്പോടെയായിരിക്കും എന്നാണ് പറയാറ്. ഇന്നലെ രാവിലെ ലൂസി എന്ന ബഹിരാകാശയാനം ആദ്യ ചുവടു വച്ചപ്പോൾ അത് ചരിത്രത്തിലേക്കുള്ള ഒരു കുതിപ്പായി മാറി. 981 മില്ല്യൺ ഡോളർ ചെലവു വരുന്ന പദ്ധതി അനുസരിച്ച് ലൂസി ബഹിരാകാശത്തിലൂടെ ഊളിയിട്ടുപറക്കുക നീണ്ട 12 വർഷക്കാലമായിരിക്കും. അതിനിടെ വിവിധ ഛിന്നഗ്രഹങ്ങളെ കണ്ടുമുട്ടുകയും അവയെക്കുറിച്ചൊക്കെ പഠനങ്ങൾ നടത്തുകയും ചെയ്യും.
വ്യാഴത്തിനെ വലം ചുറ്റുന്ന, ട്രോജൻ അസ്ടെറോയ്ഡ്സ് എന്നറിയപ്പെടുന്നഛിന്നഗ്രഹങ്ങളിലേക്ക് യാത്രചെയ്യുന്ന ആദ്യ ബഹിരാകാശയാനമാണ് ലൂസി. സൗരയൂഥത്തിന്റെ ഉത്പത്തിയിലും വികാസത്തിലും നിർണ്ണായകമായ നാഴികക്കല്ലുകളേറെ വഹിക്കുന്നവയാണ് ഈ ഛിന്നഗ്രഹങ്ങൾ. ലൂസിയുടെ ബഹിരാകാശ ദൗത്യം ഗ്രഹങ്ങളുടെയും സൗരയൂഥത്തിന്റെയും ഉത്പത്തിയെക്കുറിച്ചും അവയ്ക്ക് സംഭവിച്ച പരിണാമങ്ങളെ കുറിച്ചും പുത്തൻ അറിവുകൾ പകർന്നു തരുമെന്ന് നാസ പറയുന്നു.
ഫ്ളോറിഡയിലെ കേപ് കനവരാൽ സ്പേസ് സ്റ്റേഷനിൽ നിന്നും ഇന്നലെ പ്രാദേശിക സമയം 5:34 നാണ് ലൂസി വിക്ഷേപിക്കപ്പെട്ടത്. കാൾ സാഗൻ, ആൽബർട്ട് ഐൻസ്റ്റീൻ, ബീറ്റിൽസ് എന്നിവരുടെ വാക്കുകൾ രേഖപ്പെടുത്തിയ ഒരു ബോർഡും ഈ യാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യ പരിണാമത്തെ കുറിച്ച് ഏറെ അകക്കാഴ്‌ച്ച സമ്മാനിച്ചത് പണ്ട് കണ്ടെത്തിയ ഒരു പൂർവ്വിക മനുഷ്യന്റെ ഫോസിലിൽ നിന്നായിരുന്നു. ഒരു സ്ത്രീയുടെ ശാരീരിക അവശിഷ്ടമായ ഈ ഫോസിലിന് ലൂസി എന്നായിരുന്നു പേർ നൽകിയത്. അത് ഓർമ്മപ്പെടുത്തും വിധമാണ് പ്രപഞ്ചത്തിന്റെ പരിണാമത്തെ കുറിച്ച് പഠിക്കുന്ന ഈ ദൗത്യത്തിനും ലൂസി എന്ന പേര് നൽകിയതും.
അതിനൊപ്പം തന്നെ യശ്ശശരീരനായ ജോൺ ലെനൻ രചിച്ച് ബീറ്റിൽസ് അനശ്വരമാക്കിയ ലൂസി ഇൻ ദി സ്‌കൈ വിത്ത് ഡയമണ്ട്സ് എന്ന ഗാനവും ഈ പേരിടാൻ പ്രചോദനമായിട്ടുണ്ട്. ജോണിയുടെ ലൂസി വീണ്ടും രത്നങ്ങളുമായി നക്ഷത്രങ്ങൾക്കരികിലേക്ക് പോവുകയാണ്. ജോണി തീർച്ചയായും സന്തോഷിക്കുന്നുണ്ടാകും, ജോൺ ലെനന്റെ സുഹൃത്തുകൂടിയായിരുന്ന ബീറ്റിൽസിന്റെ ഡ്രമ്മർ റിംഗോ സ്റ്റാർ പറയുന്നു. അവിടെ നീ മനുഷ്യരെ ആരെയെങ്കിലും കണ്ടെത്തിയാൽ എന്തെ സ്നേഹവും അന്വേഷണവും അവരെ അറിയിക്കണേ... റിംഗോ തുടർന്നു പറഞ്ഞു.
യുണൈറ്റഡ് ലോഞ്ച് അലയൻസ് അറ്റ്ലസ് വി റോക്കറ്റോടുകൂടി വ്യാഴാഴ്‌ച്ചയാണ് ലൂസിയെ വെർട്ടിക്കൻ ഇന്റഗ്രേഷൻ ഫെസിലിറ്റിയിൽ നിന്നും സ്പേസ് ലോഞ്ച് കോമ്പ്ളക്സിൽ എത്തിച്ചത്. ഇത് സാധ്യമാക്കുന്നതിനായി റോക്കറ്റിന്റെ അടിസ്ഥാന ഘടനയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. കൃത്യസമയത്തു തന്നെ കുതിച്ചുയർന്ന ലൂസിഭൂമിയെ രണ്ടുതവണ വലം വെച്ചതിനു ശേഷമായിരിക്കും നിശ്ചയിക്കപ്പെട്ട പ്രക്ഷ്യേപപഥത്തിലേക്ക് കയറുക. 2025 ഏപ്രിലിൽ ആയിരിക്കും ആദ്യത്തെ ഛിന്നഗ്രഹത്തെ സന്ദർശിക്കുക.
പ്രധാന ബെൽറ്റിലെ ഛിന്നഗ്രഹമായ ഡൊണാൾഡ് ജൊഹാൻസൺ ആയിരിക്കും ആദ്യം സന്ദർശിക്കുക. ലൂസി എന്ന ഫോസിൽ കണ്ടെത്തിയ പുരാവസ്തു ഗവേഷകന്റെ പേരാണ് ഈ ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്നത്. പണ്ടെങ്ങോ ജീവിച്ചിരുന്ന ഒരു മനുഷ്യ ജീവി ഇപ്പോൾ സൗരയൂഥത്തിന്റെ ഉത്പത്തി പഠിക്കുന്നതിന് പ്രചോദനമായതിൽ സന്തോഷമുണ്ടെന്ന് ജൊഹാൻസൺ പറഞ്ഞു. ലൂസി പറന്നുയരുന്നതിന് സാക്ഷ്യം വഹിക്കുവാൻ അദ്ദേഹവും കേപ് കനാവേരലിൽ എത്തിയിരുന്നു.
അതിനുശേഷം രണ്ടു വർഷം കഴിഞ്ഞ് 2027-ൽ ആയിരിക്കും ആദ്യ ട്രോജൻ അസ്ട്രോയ്ഡുമായി ലൂസി മുഖാമുഖം നടത്തുക. 2027-ലും 2028 ലും ആയി ആയിരിക്കും കൂടുതൽ ഛിന്നഗ്രഹ സന്ദർശനം നടക്കുക. അവസാനത്തെ ഛിന്നഗ്രഹ സന്ദർശനം നടക്കുക 2033-ൽ ആയിരിക്കും. ബാഹ്യ സൗരയൂഥ സന്ദർശനം നടത്തി ഭൂമിയിൽ തിരിച്ചെത്തുന്ന ആദ്യ ബഹിരാകാശ യാനമെന്ന ബഹുമതിയും ലൂസിക്ക് ഇതോടെ സ്വന്തമാകും.
ഇതിനു മുൻപ് ഈ മേഖലയിൽ എത്തിയ യാനങ്ങൾ എല്ലാം തന്നെ അവിടെ പറന്നു നടക്കുകയോ കത്തിനശിക്കുകയോ ആയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ