- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാസില ബീഗത്തെ റഹീം കൊലപ്പെടുത്തിയത് കടുത്ത സംശയരോഗം കാരണം; മിഠായിയിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷം കഴുത്തറുത്തു കൊലപ്പെടുത്തി; പ്രതി കടുത്ത മാനസികരോഗത്തിന് ചികിത്സ തേടിയ വ്യക്തി; ആത്മഹത്യ ചെയ്തിരിക്കാനുള്ള സാധ്യതയും തള്ളാനാകില്ലെന്ന് പൊലീസ്
തിരുവനന്തപുരം: പാലോട് പെരിങ്ങമല സ്വദേശി നാസില ബീഗത്തെ ഭർത്താവ് റഹിം കൊലപ്പെടുത്തിയത് കടുത്ത സംശയരോഗം കാരണമെന്ന് പൊലീസ്. പ്രതിയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. തന്നെ അന്വേഷിക്കേണ്ടെന്ന് കത്തെഴുതിവച്ചാണ് പ്രതി മുങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഭാര്യയെ റഹിം അനാവശ്യമായി സംശയിച്ചിരുന്നുവെന്ന് കത്തിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം ചാക്ക ഐടിഐ ജീവനക്കാരനായ റഹിം കടുത്ത മാനസികരോഗത്തിന് ചികിത്സ തേടിയ വ്യക്തിയാണെന്നും പ്രതി ആത്മഹത്യ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പാലോട് പൊലീസ് പറഞ്ഞു.
പെരിങ്ങമലയിലുള്ള നാസിലയുടെ വീട്ടിൽ വച്ചാണ് റഹീം നാസിലയെ കൊലപ്പെടുത്തിയത്. മിഠായിയിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷമാണ് റഹിം നാസിലയെ കൊലപ്പെടുത്തിയത്. മകൾക്കും മിഠായി നൽകിയിരുന്നു. ഇതിന് ശേഷം ഇവർ ഒരുമിച്ചാണ് ഉറങ്ങാൻ കിടന്നത്. ശേഷം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയുടെ നെഞ്ചിലും കഴുത്തിലും പ്രതി ആഞ്ഞ് കുത്തുകയായിരുന്നു.
ഇതിനു ശേഷമാണ് പ്രതി മുങ്ങിയത്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള എല്ലാവിധ സാധനങ്ങളും വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് റഹിം വീടുവിട്ട് പോയത്. അടുത്തിടെ രഹസ്യമായി വാങ്ങിയ ഒരു ഇരുചക്രവാഹനത്തിലാണ് കൃത്യം നടത്തിയ ശേഷം റഹിം പോയത്. അട്ടക്കുളങ്ങര ഭാഗത്ത് ഈ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ഓട്ടോയിലും ബസിലുമായി പുത്തൻതോപ്പ് എന്ന സ്ഥലം വരെ റഹിം യാത്ര ചെയ്തതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മനസ്സിലായി.
ഇയാൾ തെലങ്കാനയിലെ നിസാമാബാദ് എന്ന സ്ഥലത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ പോയി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് പോയതിനാൽ ആ വഴിക്കും അന്വേഷണം സാധ്യമായിരുന്നില്ല. പിന്നീട് തമിഴ്നാട്ടിൽ ഉണ്ടെന്ന വിവരം ലഭിച്ചെങ്കിലും അതിൽ കഴമ്പുണ്ടായിരുന്നില്ല. പുത്തൻതോപ്പിൽ വച്ചാണ് അവസാനമായി ഇയാളെ സംബന്ധിക്കുന്ന എന്തെങ്കിലും വിവരം പൊലീസിന് ലഭിച്ചത്.
പ്രതി മുൻപും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. 2018ൽ ആയിരുന്നു ആ ശ്രമം. എന്നാൽ അന്ന് നാസില രക്ഷപ്പെട്ടു. ഇതിന് ശേഷം റഹിമിന് ഒപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് നാസില സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. ഇതിനിടെ മാനസിക രോഗത്തിന് റഹിം ചികിത്സ തേടുകയും ചെയ്തു. ചികിത്സ കഴിഞ്ഞ് ദീർഘകാലത്തിന് ശേഷമാണ് പിന്നീട് നാസില റഹിമിന് ഒപ്പം പോയത്. ഒളിവിലുള്ള റഹിം ആത്മഹത്യ ചെയ്തിരിക്കാനുള്ള സാധ്യത ശക്തമാണ്.
പുത്തൻതോപ്പിൽ നിന്ന് 20 ദിവസത്തിലധികം പഴക്കമുള്ള സംശയം തോന്നിപ്പിക്കുന്ന രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. എന്നാൽ പഴക്കം കാരണം മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത് റഹിമിന്റേതാണോ എന്ന് ഉറപ്പിക്കുന്നതിനായി ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ച ശേഷം അന്വേഷണത്തിന്റെ മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കും.
മറുനാടന് മലയാളി ബ്യൂറോ