- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിറ്റ് അല്ലെങ്കിൽ പൊളിക്കും; ലക്ഷ്യം മാലിന്യത്തിൽ നിന്നുള്ള സമ്പത്ത്; ആദ്യ ഘട്ടത്തിൽ പൊളിക്കുക 17 ലക്ഷം ഭാരവാഹനങ്ങളും 85 ലക്ഷം ചെറുവാഹനങ്ങളും; 'പൊളിക്കൽ' നയത്തിലൂടെ സാധ്യമാകുക വാഹനശ്രേണികളുടെ നവീകരണവും മാലിന്യമുക്ത നിരത്തുകളും
ന്യൂഡൽഹി: മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കൽ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെ നയത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ പൊളിക്കുക 17 ലക്ഷം ഭാരവാഹനങ്ങളും 85 ലക്ഷം ചെറുവാഹനങ്ങളും. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് പഴയ വാഹന പൊളിക്കാനുള്ള നയം കൊണ്ട് സർക്കാരിന്റെ ലക്ഷ്യം.
സർക്കാർ കണക്കനുസരിച്ച് ആദ്യഘട്ടത്തിൽ ഒരു കോടിയിലേറെ വാഹനങ്ങളാണ് പൊളിക്കൽ ശാലകളിലേക്ക് പോകുക. രാജ്യത്തിന്റെ വികസന യാത്രയിൽ ചരിത്രപരമായ തീരുമാനമെന്നാണ് ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടിയിൽ നയം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.
15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ നിന്ന് പൂർണമായി ഒഴിവാക്കും. ഈ വാഹനങ്ങൾ പൊളിക്കാൻ രാജ്യത്ത് 70 രജിസ്‌ട്രേഡ് കേന്ദ്രങ്ങൾ തുടങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
15വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ പൂർണമായി ഇല്ലാതാകുമെന്നും പകരം പുതിയ വാഹനങ്ങൾ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
The launch of Vehicle Scrappage Policy today is a significant milestone in India's development journey. The Investor Summit in Gujarat for setting up vehicle scrapping infrastructure opens a new range of possibilities. I would request our youth & start-ups to join this programme.
- Narendra Modi (@narendramodi) August 13, 2021
വാഹനങ്ങൾക്ക് ഓട്ടോമേറ്റഡ് ടെസ്റ്റിങ് നിർബന്ധമാക്കും. വാഹനങ്ങൾ പൊളിക്കാൻ നൽകുന്നവർക്ക് പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ രജിസ്‌ട്രേഷൻ ഫീയിലും റോഡ് നികുതിയിലും ഇളവ് നൽകും. ഏകജാലക രജിസ്‌ട്രേഷൻ സംവിധാനവും പ്രഖ്യാപിച്ചു. 70 വാഹന പൊളിക്കൽ കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ തുടങ്ങും. പരിസ്ഥിതിമലിനീകരണം തടയുന്നതിനൊപ്പം സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളും ഈ തീരുമാനം ഉണ്ടാക്കുമെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഫിറ്റല്ലാത്ത ഒരു കോടിയോളം വാഹനങ്ങൾ ഇന്ത്യയിൽ ഓടുന്നുണ്ടെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അതുകൊണ്ട് തന്നെ വാഹനങ്ങൾ പൊളിക്കുന്നത് കാലപ്പഴക്കം പരിഗണിച്ച് ആയിരിക്കില്ല. മറിച്ച് വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധിച്ച് അതിൽ പരാജയപ്പെടുന്ന വാഹനങ്ങളായിരുന്നു പൊളിക്കുക എന്നാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരിക്കുന്നത്.
പഴയ വാഹനങ്ങൾ പൊളിക്കുന്ന നയത്തിലൂടെ 99 ശതമാനം മെറ്റൽ മാലിന്യങ്ങൾ വീണ്ടെടുക്കാനാകും. ഇത് അസംസ്‌കൃത വസ്തുക്കളുടെ വില ഏകദേശം 40% കുറയ്ക്കുമെന്ന് കേന്ദ്രന്ത്രി നിതിൻ ഗഡ്കരി ഉച്ചകോടിയിൽ പറഞ്ഞു. മലിനീകരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് സ്‌ക്രാപ്പേജ് പോളിസി.
പുതിയ നയം നടപ്പാക്കുമ്പോൾ 3.7 കോടി ആളുകൾക്ക് തൊഴിൽ ലഭിക്കും. ജിഎസ്ടി വരുമാനത്തിൽ 40000 കോടി രൂപയുടെ നേട്ടമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഇ വാഹനങ്ങളിലേക്ക് കൂടി രാജ്യം മാറുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിലാണ് കേന്ദ്രസർക്കാർ പഴയ വാഹനങ്ങൾ പൊളിക്കുന്ന നയമെന്ന ആശയം മുന്നോട്ടുവെച്ചത്.
പൊളിക്കൽ നയം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ വാഹനശ്രേണികൾ കൂടുതൽ നവീനമാകുമെന്നും മികച്ച വാഹനങ്ങൾ നിരത്തുകളിൽ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള സാധ്യതകളും ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നാണ് മോദി ഉറപ്പ് നൽകിയിരിക്കുന്നത്.
പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകി, പുതിയ വാഹനം വാങ്ങുന്ന ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. വാഹനങ്ങളുടെ സ്‌ക്രാപ്പ് മൂല്യം ഷോറൂം വിലയുടെ ആറ് ശതമാനം വരെയായിരിക്കുമെന്നാണ് വിവരം. ഇതിനൊപ്പം വാണിജ്യ വാഹനങ്ങൾക്ക് 25 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 15 ശതമാനവും റോഡ് നികുതി ഇളവും ഒരുക്കിയേക്കും.
ന്യൂസ് ഡെസ്ക്