- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ തകർത്തത് പാറമടകളെന്നു ലണ്ടനിലെ നേച്ചർ മാസിക; റബറിന്റെ പങ്കും ചെറുതല്ലെന്ന് സോഷ്യൽ മീഡിയയും; കേരള മോഡൽ അനുകരിക്കാൻ പറ്റുന്നതല്ലെന്ന വിമർശനത്തിനിടയിൽ റബറിനു പിന്തുണയുമായി കേന്ദ്രമന്ത്രി പ്രധാനും; കേരള സർക്കാരിനെ വിമർശിച്ച് ഓസ്‌ട്രേലിയൻ വിദഗ്ധനും രംഗത്ത്: മഹാപ്രളയത്തിന്റെ കാരണങ്ങൾ തേടുമ്പോൾ ലോകം പറയുന്നത്
ലണ്ടൻ: നോക്കി നിൽക്കേ കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയത്തിന് കാരണമെന്ത്? ശാസ്ത്ര ലോകം ഉത്തരം തേടുകയാണ്. കേരളത്തിൽ അർഹിക്കുന്ന ഗൗരവത്തോടെ പഠനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ലോകം ഈ മഹാപ്രളയത്തിന്റെ കാരണങ്ങൾ തേടി തുടങ്ങുകയാണ്. നിർഭാഗ്യവശാൽ ആദ്യ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത് മലയാളിയുടെ നെഞ്ചിനു നേരെ തന്നെയാണ്. അതായതു വരുത്തി വച്ച വിന എന്നാണ് ചുരുക്കത്തിൽ പറയാൻ കഴിയുക. മാസ്റ്റർ പ്ലാനുകളുടെ അഭാവത്തിൽ നടന്ന തെറ്റായ വികസനവും ഭൂമിയുടെ മാറു കീറിയ പാറമടകളും മുതൽ കേരളമെങ്ങും കയ്യേറിയ റബർ കൃഷി വരെയാണ് പ്രതിക്കൂട്ടിൽ. ഇതെല്ലം മലയാളിയുടെ വികല കാഴ്ചപ്പാടിൽ നിന്നും ഉണ്ടായ പ്രതികൂല ഘടകങ്ങൾ തന്നെയെന്നാണ് ശാസ്ത്ര ലോകത്തിന്റെ പൊതു വിലയിരുത്തൽ. ഇവയിൽ നിന്നും പൂർണമായ തിരിച്ചു പോക്ക് സാധ്യമല്ലാത്തതിനാൽ മലയാളിയുടെ ഭാവി ജീവിതത്തിൽ കൂടുതൽ ദുരിതങ്ങൾ വന്നെത്താൻ ഉള്ള സാധ്യത കൂടിയാണ് ശാസ്ത്ര റിപ്പോർട്ടുകളിൽ നിഴലിക്കുന്നത്. ഈ മാസം ആദ്യം പുറത്തുവന്ന ലണ്ടനിലെ നേച്ചർ മാസികയാണ് കേരളത്തിന്റെ മാറ് കീറിയ പാറമടകളാണ് പ്രളയ ദ
ലണ്ടൻ: നോക്കി നിൽക്കേ കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയത്തിന് കാരണമെന്ത്? ശാസ്ത്ര ലോകം ഉത്തരം തേടുകയാണ്. കേരളത്തിൽ അർഹിക്കുന്ന ഗൗരവത്തോടെ പഠനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ലോകം ഈ മഹാപ്രളയത്തിന്റെ കാരണങ്ങൾ തേടി തുടങ്ങുകയാണ്. നിർഭാഗ്യവശാൽ ആദ്യ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത് മലയാളിയുടെ നെഞ്ചിനു നേരെ തന്നെയാണ്. അതായതു വരുത്തി വച്ച വിന എന്നാണ് ചുരുക്കത്തിൽ പറയാൻ കഴിയുക.
മാസ്റ്റർ പ്ലാനുകളുടെ അഭാവത്തിൽ നടന്ന തെറ്റായ വികസനവും ഭൂമിയുടെ മാറു കീറിയ പാറമടകളും മുതൽ കേരളമെങ്ങും കയ്യേറിയ റബർ കൃഷി വരെയാണ് പ്രതിക്കൂട്ടിൽ. ഇതെല്ലം മലയാളിയുടെ വികല കാഴ്ചപ്പാടിൽ നിന്നും ഉണ്ടായ പ്രതികൂല ഘടകങ്ങൾ തന്നെയെന്നാണ് ശാസ്ത്ര ലോകത്തിന്റെ പൊതു വിലയിരുത്തൽ. ഇവയിൽ നിന്നും പൂർണമായ തിരിച്ചു പോക്ക് സാധ്യമല്ലാത്തതിനാൽ മലയാളിയുടെ ഭാവി ജീവിതത്തിൽ കൂടുതൽ ദുരിതങ്ങൾ വന്നെത്താൻ ഉള്ള സാധ്യത കൂടിയാണ് ശാസ്ത്ര റിപ്പോർട്ടുകളിൽ നിഴലിക്കുന്നത്.
ഈ മാസം ആദ്യം പുറത്തുവന്ന ലണ്ടനിലെ നേച്ചർ മാസികയാണ് കേരളത്തിന്റെ മാറ് കീറിയ പാറമടകളാണ് പ്രളയ ദുരന്തത്തിൽ ഒന്നാം പ്രതിപ്പട്ടികയിൽ എന്ന് സ്ഥാപിക്കുന്നത്. അഞ്ഞൂറോളം പേരെ കൊന്നൊടുക്കുകയും പതിനായിരങ്ങളുടെ വാസസ്ഥലങ്ങൾ ഇല്ലാതാക്കുകയും പതിനായിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടം സൃഷ്ടിക്കുകയും ചെയ്ത പ്രളയം പശ്ചിമ ഘട്ട മലനിരകളെ നിസ്സാരമായി കരുതി കൈകാര്യം ചെയ്തതിലൂടെയാണ് മനുഷ്യ ജീവിതത്തിലേക്ക് പെയ്തിറങ്ങിയതെന്നും നേച്ചർ മാസിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടു നടപ്പാക്കാൻ ശ്രമിച്ച ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ മുതലെടുപ്പു നടത്താൻ ശ്രമിച്ച രാഷ്ട്രീയ കക്ഷികളും ഇതോടെ പ്രതിപ്പട്ടികയിൽ വ്യക്തമായും സ്ഥാനം പിടിക്കുകയാണ്. വെള്ളപ്പൊക്കം രൂക്ഷത കാട്ടിയപ്പോൾ തന്നെ ഗോവ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ കൂടിയായ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ സൃഷ്ടാവ് മാധവ് ഗാഡ്ഗിൽ പ്രളയം മനുഷ്യ നിർമ്മിതമാണെന്നു പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇക്കാര്യത്തിൽ ലോകമെങ്ങും ശാസ്ത്ര ലോകത്തിനു ഏക മനസാണെന്നു വ്യക്തമാവുകയാണ്.
ഇതോടൊപ്പം അമേരിക്കയിലും ബ്രിട്ടനിലും അടക്കമുള്ള രാജ്യങ്ങളിൽ ഉപയോഗപ്പെടുത്തുന്ന കംപ്യുട്ടർ അടിസ്ഥാനമാക്കിയുള്ള റിസർവോയർ മാനേജ്‌മെന്റ് സിസ്റ്റം ഇന്ത്യയിൽ ഇല്ലാത്തതും പ്രളയ ദുരന്തം രൂക്ഷമാകാൻ കാരണമായെന്ന് നേച്ചർ ചൂണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്ര മന്ത്രാലയ സെക്രട്ടറി രാജീവൻ മാധവൻ നായരുടെ വാക്കുകളും ഇതിനായി നേച്ചർ മാസിക ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പശ്ചിമ ഘട്ട മലനിരകളെ ദുർബലപ്പെടുത്തും വിധം നടക്കുന്ന തെറ്റായ വികസന മാതൃകകളും ഈ റിപ്പോർട്ട് എടുത്തുകാട്ടുന്നു. തെക്കൻ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ സർവ്വനാശ സാധ്യതയാണെന്നു 2011 ൽ പുറത്തുവന്ന ഗാഡ്ഗിൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്ന കാര്യവും നേച്ചർ ഓർമ്മിപ്പിക്കുന്നു.
പാരിസ്ഥിക പഠനങ്ങൾ നടക്കാതെ 2011 നു ശേഷവും ഈ മേഖലയിൽ അനേകം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയത് ഗുരുതരമായ പിഴവാണ്. കെട്ടിടങ്ങളും റോഡുകളും നിർബാധം ഈ മേഖലയിൽ നിർമ്മിക്കപ്പെടുകയാണ്. ഇതിനാവശ്യമായ പാറക്കല്ലുകൾ സമീപ പ്രദേശങ്ങളിൽ നിന്ന് തന്നെയാണ് പൊട്ടിച്ചെടുക്കുന്നതും. ഇതിലൂടെ പ്രകൃതിക്കുണ്ടായ ആഘാതവും നദികളുടെയും പുഴകളുടെയും നീരൊഴുക്ക് തടസപ്പെട്ടതും ഒന്നും ശ്രദ്ധിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാതെ പോയതും റിപ്പോർട്ട് എടുത്തു കാട്ടുന്നു. പാറമടകളുടെ കാര്യത്തിൽ ഇപ്പോഴും നിയന്ത്രണം ഇല്ലാത്ത വിധം തന്നെയാണ് കാര്യങ്ങൾ മുന്നേറുന്നതെന്നും ഗാഡ്ഗിലിനെ ഉദ്ധരിച്ചു മാസിക വിവരിക്കുന്നു.
എന്നാൽ എന്തുകൊണ്ട് ഗാഡ്ഗിൽ റിപ്പോർട്ട് നിരാകരിക്കപ്പെട്ടു എന്ന് വ്യക്തമാക്കാൻ ഉള്ള ബാധ്യതയിൽ നിന്നും കേരള സർക്കാർ ഒഴിഞ്ഞു മാറരുതെന്നു പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ ഓസ്‌ട്രേലിയൻ വിദഗ്ധൻ ജേസൺ വോ മെഡിങ് നേച്ചർ മാസികയിലൂടെ ആവശ്യപ്പെടുന്നു. ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസിലിലെ വിദഗ്ധനാണ് ജേസൺ. പാറമടകളും അപർശിഷ്‌കൃത വികസന മോഡലും എല്ലാം ഗുരുതരമായ പിഴവാണ് വരുത്തി വച്ചതെന്ന് അദ്ദേഹവും ചൂണ്ടിക്കാട്ടുന്നു.
കനത്ത മഴയിൽ ഒഴുകി എത്തിയ വെള്ളത്തിന് പുഴയിലും നദിയിലും ഉൾക്കൊള്ളാൻ ആകാതെ പോയത് എന്തുകൊണ്ട് എന്ന് സംസ്ഥാനം പരിശോധിക്കണമെന്ന കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഭൂ ശാസ്ത്രജ്ഞൻ രാജീവ് സിൻഹയുടെ വാക്കുകളും നേച്ചർ റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാൻ ഉള്ള സാധ്യതയും ഏറെയാണ്. ഈ റിപ്പോർട്ട് തയാറാക്കുന്ന സമയത്തു കേരളത്തിൽ വീണ്ടും ആറു ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നേച്ചർ മാസികയുടെ ചൂണ്ടിക്കാട്ടലുകൾ കൂടുതൽ ഗൗരവം അർഹിക്കുകയാണ്.
അതിനിടെ മരങ്ങൾ പിഴുതെടുത്തു റബറിന്റെ പിന്നാലെ പോയതും കേരളത്തിനുണ്ടായ ദുരിതത്തിൽ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ടെന്നു സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ തെറ്റു തന്നെയാണ് ത്രിപുരയിലും ആവർത്തിക്കുന്നതെന്നും ഒരിക്കൽ കേരള മോഡൽ അനുകരണീയമായ ഒന്നല്ലെന്നാണുമാണ് വിമർശകരുടെ പക്ഷം. റബർ കൃഷിക്ക് വേണ്ടി ത്രിപുരയിൽ ആയിരക്കണക്കിന് ഏക്കർ വനഭൂമിയാണ് ഇതിനകം നഷ്ടമായിക്കഴിഞ്ഞത്.
എന്നാൽ തികച്ചും സാന്ദർഭികമായി ഇന്നലെ ഇൻഡോറിൽ നടന്ന തൊഴിൽ മേള ഉത്ഘാടനം ചെയ്യവേ കേന്ദ്ര പെട്രോളിയം, തൊഴിൽ മന്ത്രി ധർമേന്ദ്ര പ്രധാൻ റബറിനെ പുകഴ്‌ത്തിയത് കൗതുകകരമായി. ത്രിപുരയിൽ റബർ പ്ലാന്റിങ് രംഗത്ത് തൊഴിൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ദേബർമയുടെയും സംഘത്തിന്റെയും ഉദാഹരണം ചൂണ്ടികാട്ടിയപ്പോളാണ് റബറിന്റെ മേന്മകളിൽ മന്ത്രി വാചാലനായത്.
എന്നാൽ കേരളത്തെ പോലെ തന്നെ ത്രിപുരയും റബർ പ്ലാന്റേഷന്റെ ദോഷഫലം അനുഭവിക്കുന്ന സംസ്ഥാനമാണ് എന്നാണ് പരിസ്ഥിതി സംരക്ഷകരുടെ കുറ്റപ്പെടുത്തൽ. റബർ കൃഷിയിലൂടെ മണ്ണിനുണ്ടാകുന്ന ഇളക്കം മഴയിൽ വ്യാപകമായ മണ്ണിടിച്ചിലിനു കാരണമായി മാറും എന്നാണ് നിഗമനം. കേരളത്തിൽ കുടിയേറ്റ മേഖലയിൽ പ്രളയകാലത്തുണ്ടായ മണ്ണിടിച്ചിലിൽ റബർ കൃഷിക്കും തുല്യ പങ്കുണ്ടെന്നാണ് ഇത് സംബന്ധിച്ച വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്.