ന്യൂഡൽഹി: രാജ്യത്ത് ഇപ്പോഴുള്ള മുഖ്യമന്ത്രിമാരെയും ഭരണവ്യവസ്ഥയെയും കുറിച്ച് ഐ എ എൻ എസ്- സീവോട്ടർ നടത്തിയ സർവ്വേയിലെ ഫലങ്ങൾ പുറത്ത്. പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് സർവേ റിപ്പോർട്ട്.

ജനകീയത കുറഞ്ഞ പത്തു മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപിയിൽനിന്നോ സഖ്യകക്ഷികളിൽ നിന്നോ ഉള്ളവർ ആണെന്നും ഐഎഎൻഎസ്, സീവോട്ടർ സർവേ പറയുന്നു.സർവേ പ്രകാരം ഒഡിഷയിലെ നവീൻ പട്‌നായിക് ആണ് രാജ്യത്തെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി. തൊട്ടു താഴെ ഡൽഹിയിലെ അരവിന്ദ് കെജരിവാൾ ഉണ്ട്. ആന്ധ്രയിലെ വൈഎസ് ജഗന്മോഹൻ റെഡ്ഡി യാണ് മൂന്നാമത്. നവീൻ ബിജെഡിയുടെയും കെജരിവാൾ എഎപിയുടെയും ജഗൻ വൈഎസ്ആ ർ കോൺഗ്രസിന്റെയും നേതാക്കളാണ്.

ജനപ്രീയതയുടെ കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ മുന്നിൽ വന്നത് പതിനൊന്നു മുഖ്യമന്ത്രിമാരാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ യുപി, കർണാടക, ബിജെപി സഖ്യകക്ഷി ഭരിക്കുന്ന ബിഹാർ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ ദേശീയ ശരാശരിക്കും താഴെയാണ്. ഹരിയാന, കേരളം, പഞ്ചാബ് എന്നിവിടങ്ങളിൽ മോദിക്കു ജനപിന്തുണ ആർജിക്കാനായിട്ടില്ല.

മോദി യുടെ ജനപിന്തുണ ഏറ്റവും കുറവ് പഞ്ചാബിലാണ്. ഉത്തരാഖണ്ഡിലെ ത്രിവേന്ദ്ര സിങ് റാവത്ത് ആണ് രാജ്യത്തെ ഏറ്റവും ജനകീയത കുറഞ്ഞ മുഖ്യമന്ത്രി. ഹരിയാനയിലെ മനോഹർലാൽ ഖട്ടർ, പഞ്ചാബിലെ അമരിന്ദർ സിങ് എന്നിവരാണ് തൊട്ടു പിന്നിലെന്ന് സർവേ ഫലത്തിൽ പറയുന്നു. ഇതിൽ അമരിന്ദർ കോൺഗ്രസ് നേതാവാണ്.

തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ പരിശോധിച്ചാൽ കേരളം, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ ജനകീയതയുടെ കാര്യത്തിൽ ദേശീയ ശരാശരിയേ ക്കാൾ മുകളിലാണ്. കേരളത്തിൽ പിണറായി വിജയനും ബംഗാളിൽ മമത ബാനർജിയും അസമിൽ സർബാനന്ദ് സോനാവാളും ഭരണാനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്ന് സർവേ പറയുന്നു.

ഇ തിൽ സോനാവാൾ മാത്രമാണ് ബിജെപിയിൽനിന്നുള്ളത്.ബിജെപിയും സഖ്യകക്ഷികളും ഭരി ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ജനകീയതയിൽ പിന്നിൽ ആണെങ്കിലും അതതു സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ജനപ്രിയതയുണ്ട്. എന്നാൽ ബിജെപി ഇതര സം സ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർക്കാണ് ജനകീയത കൂടുതൽ. ഇവിടങ്ങളിൽ മോദി പിന്നിലാണ്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു ബിജെപി ഭരണ സംസ്ഥാനങ്ങളിലും ബിജെപി ഇതര സംസ്ഥാനങ്ങളിലും ജനകീയത ഇല്ലെന്ന് സർവേ പറയുന്നു. രാജ്യത്ത് മുപ്പതിനായിരം പേരിലാണ് സർവേ നടത്തിയത്.