- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെണ്ടുരുത്തി പാലത്തിൽ നിന്നും യുവതി കായലിലേക്ക് ചാടി; കണ്ട് തൊട്ടടുത്തു നിന്ന നാട്ടുകാരനായ രാജേഷ് കായലിലേക്ക് ചാടി; പിന്നാലെ ആനന്ദകുമാറും; കായലിൽ മുങ്ങിത്താഴ്ന്ന യുവതിയെ ഇരുവരും ചേർന്ന് അതിസാഹസികമായി പൊക്കിയെടുത്തു; നേവി ഉദ്യോഗസ്ഥനും നാട്ടുകാരനും അഭിനന്ദന പ്രവാഹം
കൊച്ചി: വെണ്ടുരുത്തി പാലത്തിൽ നിന്നും കായലിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപെടുത്തിയത് നേവി ഉദ്യോഗസ്ഥനും നാട്ടുകാരനും ചേർന്ന്. ഐ.എൻ.എസ് ഗരുഡയിലെ സെയിലറായ ടി.ആനന്ദകുമാറും നാട്ടുകാരനായ പി.ജി രാജേഷുമാണ് യുവതിയെ രക്ഷിച്ചത്. വണ്ടാനം സ്വദേശിനിയായ അക്ഷയ(26) എന്ന യുവതിയെയാണ് ഇവർ രക്ഷപെടുത്തിയത്. യുവതി ഇപ്പോൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വെണ്ടുരുത്തി പാലത്തിൽ നിന്നും യുവതി കായലിലേക്ക് ചാടി. ഇത് കണ്ട് തൊട്ടടുത്തു നിന്ന നാട്ടുകാരനായ രാജേഷ് കായലിലേക്ക് ചാടി. തൊട്ടു പിന്നാലെ ആനന്ദകുമാറും ചാടി. കായലിൽ മുങ്ങിത്താഴ്ന്ന യുവതിയെ ഇരുവരും ചേർന്ന് അതി സാഹസികമായി മുകളിലേക്കുയർത്തി. ഈ സമയം നേവിയുടെ നിരീക്ഷണ ബോട്ടും സമീപത്തേക്ക് കുതിച്ചെത്തി.
യുവതിയെയും രക്ഷപെടുത്താൻ ചാടിയവരെയും ബോട്ടിൽ കയറ്റി. യുവതിയെ ഉടൻ തന്നെ നേവി ആസ്ഥാനത്തെ ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആനന്ദകുമാറിനും രാജേഷിനും ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ വിട്ടയച്ചു. യുവതിയെ പിന്നീട് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും എറണാകുളം സൗത്ത് പൊലീസ് മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
യുവതി പാലത്തിൽ നിന്നും കായലിലേക്ക് ചാടുന്നത് കണ്ട് വാഹനങ്ങളിൽ യാത്ര ചെയ്തവർ വാഹനം നിർത്തി ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനാവാതെ നിന്നു. കാരണം ഈ ഭാഗത്ത് നല്ല ആഴം ഉള്ള പ്രദേശമാണ്. അപ്പോഴാണ് രാജേഷ് വേഗം വെള്ളത്തിലേക്ക് ചാടിയത്. യുവതിയെ മുങ്ങിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ നേവി ഉദ്യോഗസ്ഥൻ ആനന്ദും ഒപ്പം ചാടുകയായിരുന്നു. നൊടിയിടയിൽ ഇവർ രണ്ടുപേരും പ്രവർത്തിച്ചതിനാലാണ് യുവതിയെ രക്ഷപെടുത്താനായത്. ഇരുവരെയും നേവീ ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
വണ്ടാനം സ്വദേശിനിയായ അക്ഷയ കുടുംബ പ്രശ്നങ്ങൾ മൂലം വീട് വിട്ടിറങ്ങിയതായിരുന്നു. ഭർത്താവുമായി പിണക്കത്തിൽ കഴിഞ്ഞിരുന്ന അക്ഷയ ദിവസങ്ങളായി വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു. ആലുവയിലെ ബന്ധു വീട്ടിൽ പോയി തിരികെ വരുന്നതിനിടയിൽ വെണ്ടുരുത്തി പാലത്തിനടുത്തെത്തുകും കായലിലേക്ക് ചാടുകയുമായിരുന്നു. കുടുംബ പ്രശ്നമൂലം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന് അക്ഷയ മൊഴി നൽകിയത്.
ആരോഗ്യനില വീണ്ടെടുത്ത യുവതിയെ സൗത്ത് പൊലീസിന്റെ നേതൃത്വത്തിൽ ആശ്വസിപ്പിക്കുകയും പ്രശ്ന പരിഹാരത്തിന് പൊലീസ് മുൻകൈ എടുക്കാമെന്നും അറിയിച്ചു. തുടർന്ന് യുവതിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തി ഏൽപ്പിച്ച ശേഷമാണ് പൊലീസ് ആശുപത്രിയിൽ നിന്നും പിൻവാങ്ങിയത്. ഇന്ന് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.