തിരുവനന്തപുരം: കെ.കരുണാകരൻ ഒരു തിരഞ്ഞെടുപ്പിൽ രണ്ടിടത്തു മത്സരിക്കാൻ തീരുമാനിച്ചപ്പോൾ തിരഞ്ഞെടുത്ത രണ്ടാം മണ്ഡലം, 1982-ലെ തിരഞ്ഞെടുപ്പിലാണ് കേരളം മുഴുവൻ ശ്രദ്ധിച്ച മത്സരത്തിന് നേമത്ത് അരങ്ങൊരുങ്ങിയത്. സാക്ഷാൽ കെ.കരുണാകരൻ തന്റെ പ്രിയപ്പെട്ട മാളയ്ക്കു പുറമേ നേമത്തും അന്നു മത്സരത്തിനിറങ്ങി. സിപിഎമ്മിലെ പി.ഫക്കീർഖാനെ കരുണാകരൻ പരാജയപ്പെടുത്തിയെങ്കിലും രണ്ടിടത്തും ജയിച്ചതോടെ ഇവിടെനിന്നു രാജിവച്ച് മാള നിലനിർത്തുകയായിരുന്നു. ഈ മണ്ഡലത്തിലേക്കാണ് കെ മുരളീധരന്റെ വരവ്. ഇനി ആരു ജയിക്കുമെന്ന പ്രവചനങ്ങൾ അസാധ്യം.

കരുണാകരൻ മാളയിലെ തോൽവിയിലെ ഭയം കാരണമായിരുന്നു നേമത്ത് മത്സരിച്ചത്. എന്നാൽ കെ മുരളീധരൻ എന്ന കരുണാകരന്റെ മകൻ ഇന്ന് നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത് മറ്റ് നേതാക്കളുടെ തോൽവി ഭയം കാരണമാണ്. കഴിഞ്ഞ തവണ ബഹുദൂരം പിന്നിലായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. അങ്ങനെ കോൺഗ്രസിന് വേരുകൾ അറ്റു പോയെന്ന് ഏവരും നേമത്തെ വിലയിരുത്തി. ഈ നേമത്തേയ്ക്കാണ് വടകര അങ്കം ജയിച്ച കരുത്തിൽ മുരളീധരൻ കീഴടക്കാൻ എത്തുന്നത്. ന്യൂനപക്ഷ വോട്ടും പിടിച്ച് ഹൈന്ദവ വോട്ട് ബാങ്കിൽ കടന്നു കയറിയും ജയം ഉറപ്പിക്കുകയാണ് ലക്ഷ്യം.

കുറച്ചു കാലമായി നേമത്ത് സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരം. മുരളി എത്തുന്നതോടെ ഇത് അതിശക്തമായ ത്രികോണ പോരായി മാറും. വട്ടിയൂർക്കാവിന്റെ പഴയ പതിപ്പായിരുന്ന തിരുവനന്തപുരം നോർത്തിൽ സിപിഎം നേതാവ് എം വിജയകുമാറായിരുന്നു ദീർഘകാലം എംഎൽഎ. മുരളീധരൻ എത്തുമ്പോൾ നോർത്ത വട്ടിയൂർക്കാവായി. ഈ മണ്ണ് മുരളി സ്വന്തമാക്കി. കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചപ്പോൾ വട്ടിയൂർക്കാവ് എംഎൽഎ സ്ഥാനം രാജിവച്ചു. അങ്ങനെ നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രശാന്ത് സിപിഎമ്മിനായി ജയിച്ചു കയറി. വട്ടിയൂർക്കാവിലും വ്യക്തിപ്രഭാവമായിരുന്നു മുരളിയുടെ കരുത്ത്. ഈ രാഷ്ട്രീയ മികവ് തന്നെയാണ് നേമത്തും കരുണാകരന്റെ മകന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് സാധ്യതകൾ നൽകുന്നത്.

1977ലെ അടിയന്തരാവാസ്ഥയ്ക്ക് ശേഷമാണ് കരുണാകരൻ ആദ്യമായി കേരളത്തിലെ മുഖ്യമന്ത്രിയായത്. രാജൻ കേസിലെ വിധികാരണം രാജിവച്ചപ്പോൾ എകെ ആന്റണി മുഖ്യമന്ത്രിയായി. പിന്നീട് പികെ വാസുദേവൻ നായരും. സിപിഎമ്മും സിപിഐയും ഒരു പക്ഷത്ത് എത്തിയപ്പോൾ 1977ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയ ഐക്യമുന്നണി ശിഥിലമായി. 1980ലെ തെരഞ്ഞെടുപ്പിൽ ഇകെ നയനാർ മുഖ്യമന്ത്രിയായി. എകെ ആന്റണിയുടെ കോൺഗ്രസും ഈ മുന്നണിയുടെ ഭാഗം. ഈ സഖ്യത്തെ കാസറ്റിങ് വോട്ടിന്റെ കരുത്തിൽ തകർത്ത് വീണ്ടും കരുണാകരൻ മുഖ്യമന്ത്രിയായി. എന്നാൽ സ്പീക്കറായിരുന്ന ലോലപ്പൻ നമ്പാടൻ വീണ്ടും കളം മാറി. ഇതോടെ കരുണാകരൻ സർക്കാർ വീണു.

1980ലെ സർക്കാരിനെ രാഷ്ട്രീയ നാടകങ്ങളിലൂടെ മറിച്ചിട്ടത് മാളയിൽ തിരിച്ചടിയാകുമോ എന്ന് കരുണാകരൻ ഭയന്നിരുന്നു. അങ്ങനെയാണ് നേമത്തും മത്സരിക്കാൻ തീരുമാനിച്ചത്. മാളയിൽ ജയിച്ചതോടെ നേമത്തെ കരുണാകരൻ കൈവിട്ടു. തൊട്ടടുത്തു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് സിപിഎം. മണ്ഡലം പിടിച്ചു. പിന്നീട് തുടർച്ചയായി നാലു തവണ സിപിഎം. മണ്ഡലം നിലനിർത്തുകയും ചെയ്തു. ഇതിന് ശേഷം കരുണാകരൻ തന്നെ നേമത്തിന് പ്രതിവിധി കണ്ടെത്തി. ശക്തൻ എന്ന വിശ്വസ്തനെ ഇറക്കി നേമം സ്വന്തമാക്കി. ശക്തനെ ഗതാഗത മന്ത്രിയുമാക്കി. പിന്നീട് ഈ നേമത്തിന്റെ മുഖം മാറി. പുനർ നിർമ്മാണത്തിലൂടെ നേമത്തിന്റെ സ്വഭാവം തന്നെ മാറി.

ഇപ്പോൾ നേരത്തേയുണ്ടായിരുന്ന തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിന്റെ മുക്കാൽ ഭാഗങ്ങളും ഉൾപ്പെട്ട കോർപ്പറേഷൻ പരിധിയിലെ പ്രദേശങ്ങളാണ് മണ്ഡലത്തിലുള്ളത്. പഴയ നേമം മണ്ഡലത്തിന്റെ ഗ്രാമീണമേഖലകൾ ഇപ്പോഴത്തെ കാട്ടാക്കട മണ്ഡലത്തിന്റെ ഭാഗമാണ്. ഈ മണ്ഡലം ശിവൻകുട്ടിയിലൂടെ സിപിഎം സ്വന്തമാക്കി. പിന്നെ രാജഗോപാലിലൂടെ ബിജെപി താമര വിരിയിച്ചു. കോൺഗ്രസിന് ഇനി ജീവന്മരണ പോരാട്ടമാണ്. ഇതിന് വേണ്ടിയാണ് കരുണാകര പുത്രനായ കെ മുരളീധരനെ പരിഗണിക്കുന്നത്. ലോക്സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപി. ഇവിടെ തങ്ങളുടെ അപ്രമാദിത്വം നിലനിർത്തുന്നുവെന്നത് രാഷ്ട്രീയ എതിരാളികൾക്കും വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ യു.ഡി.എഫും എൽ.ഡി.എഫും നേമം പിടിക്കാൻ ശക്തമായ പോരാട്ടത്തിനു തയ്യാറെടുക്കുകയാണ്.

1957-ലെ ആദ്യ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ എ.സദാശിവനാണ് നേമത്തുനിന്നു വിജയിച്ചത്. 1960-ൽ പി.എസ്‌പി.യിലെ വിശ്വംഭരനും 1965-ലും 1967-ലും സിപിഐ.യിലെ എം.സദാശിവനും 1970-ൽ പി.എസ്‌പി.യിലെ ജി.കുട്ടപ്പനും ഇവിടെനിന്നു നിയമസഭയിലെത്തി. 1977-ൽ കോൺഗ്രസിലെ എസ്.വരദരാജൻ നായർ സിപിഎമ്മിലെ പള്ളിച്ചൽ സദാശിവനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു. കോൺഗ്രസിലെ പിളർപ്പിനെത്തുടർന്ന് കോൺഗ്രസി(യു)ലെത്തിയ വരദരാജൻ നായർ, 1980-ൽ ഇവിടെ തോറ്റു. കോൺഗ്രസി(ഐ)ലെ ഇ.രമേശൻ നായരായിരുന്നു വിജയി. 1982-ൽ കരുണാകരൻ രാജിവച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ വി.ജെ.തങ്കപ്പൻ, രമേശൻ നായരെ പരാജയപ്പെടുത്തി മണ്ഡലം സിപിഎമ്മിന്റെ കൈയിലെത്തിച്ചു.

1987-ൽ 20755 വോട്ടിനും 1991-ൽ 6835 വോട്ടിനും വി.ജെ.തങ്കപ്പൻ വിജയം തുടർന്നു. 1996-ൽ സിപിഎമ്മിലെതന്നെ വെങ്ങാനൂർ ഭാസ്‌കരൻ കോൺഗ്രസിലെ കെ.മോഹൻകുമാറിനെ പരാജയപ്പെടുത്തി. എന്നാൽ, 2001-ൽ വെങ്ങാനൂർ ഭാസ്‌കരനെ പരാജയപ്പെടുത്തി കോൺഗ്രസിലെ എൻ.ശക്തൻ മണ്ഡലം യു.ഡി.എെേഫിലക്കത്തിച്ചു. 2006-ലും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശക്തൻ ജയം തുടർന്നു. മണ്ഡലം രൂപം മാറിയപ്പോൾ ശിവൻകുട്ടിയും രാജഗോപാലും നേമത്തെ പ്രതിനിധീകരിച്ചു. നിലവിലെ എംഎ‍ൽഎ. ഒ.രാജഗോപാലിനു പകരം മുൻ സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പേരാണ് ബിജെപി. ഇവിടേക്കു പരിഗണിക്കുന്നത്.

മുൻ എംഎ‍ൽഎ. വി.ശിവൻകുട്ടിയാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന നേമത്ത് തിരിച്ചുവരവിനായി കരുണാകരന്റെ മകൻ കോൺഗ്രസിനായും എത്തുന്ന പുതിയ രാഷ്ട്രീയ ചിത്രവും. അതാണ് നേമത്തെ ഇത്തവണ ചർച്ചകളിൽ സജീവമാക്കുന്നത്.