തിരുവനന്തപുരം: കേരളത്തിലെ ഗുജറാത്ത് എന്നായിരുന്നു തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂട് കടുക്കുമ്പോഴും ബിജെപി നേതാക്കൾ വിശേഷിപ്പിച്ചിരുന്നത്. അത്രയ്ക്ക് വിശ്വാസമായിരുന്നു മണ്ഡലം ഒപ്പം നിൽക്കുമെന്നത്. കെ മുരളീധരനും വി ശിവൻകുട്ടിയും എതിരാളികളായി കളം നിറഞ്ഞപ്പോഴും ബിജെപി വിശ്വാസം കൈവിട്ടിരുന്നില്ല.

എന്നാൽ വോട്ടെടുപ്പ് ദിനത്തിൽ പോലും സിറ്റിങ് എംഎൽഎ ഒ.രാജഗോപാലിന്റെ നാവിൽ നിന്നും വന്ന ചില വാക്കുകൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. നേമത്ത് ഒരു തവണ എംഎ‍ൽഎയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നുമായിരുന്നു ഒ. രാജഗോപാലിന്റെ പ്രതികരണം. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിനായിരുന്നു രാജഗോപാലിന്റെ മറുപടി. രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തിൽ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ ഈ വാക്കുകൾ അടക്കം സിറ്റിങ് എംഎൽഎ ഒ.രാജഗോപാലിന്റെ നിലപാടുകൾ ഏക സീറ്റായ നേമം ബിജെപിക്കു നഷ്ടമാക്കിയതിനു കാരണമായെന്നാണ് നിലവിലെ വിലയിരുത്തൽ.

അധികാരത്തിന്റെ അവസാന നാളുകളിൽ പാർട്ടിയെ പ്രസ്താവനകളിലൂടെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് ഒ.രാജഗോപാലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പാർട്ടി നിലപാടുകളിൽനിന്ന് വ്യത്യസ്ത സമീപനം നിയമസഭയിൽ സ്വീകരിച്ചതിനെത്തുടർന്ന് പരസ്യ പ്രസ്താവനകൾ പാർട്ടി വിലക്കിയിരുന്നു. എന്നാൽ സഭയ്ക്കു പുറത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ അദ്ദേഹം തുടർന്നു.

തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് കുമ്മനം തന്റെ പിൻഗാമിയാണെന്നു പറയാൻ കഴിയില്ലെന്നു ഒ.രാജഗോപാൽ മാധ്യമങ്ങളിൽ പ്രതികരിച്ചത്. പാർട്ടി വോട്ടുകൾക്ക് അപ്പുറമുള്ള നിഷ്പക്ഷ വോട്ടുകൾ കുമ്മനത്തിനു ലഭിക്കുമോയെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി. കുമ്മനം അനുഗ്രഹം തേടാനെത്തിയപ്പോഴായിരുന്നു കെ.മുരളീധരൻ പാരമ്പര്യമുള്ള ശക്തനായ നേതാവാണെന്നു രാജഗോപാൽ പറഞ്ഞത്. കടുത്ത മത്സരത്തിനിടെ കുമ്മനത്തിനു സ്വന്തം നേതാവിന്റെ പ്രസ്താവനകളെ പ്രതിരോധിക്കേണ്ട അവസ്ഥ വന്നു.



കൂടാതെ നേമത്ത് കെ.മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏർപ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. ആക്രമണം നടത്തിയത് ബിജെപി പ്രവർത്തകരാണെന്ന് അവർ പറയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു.

പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് മുരളീധരൻ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രി നടത്തിയ വികസന പ്രവർത്തനങ്ങളെ രാജഗോപാൽ പലതവണ പ്രകീർത്തിച്ചതും വിവാദമായി. താൻ പ്രതിപക്ഷത്താണെങ്കിലും മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ കണ്ണടച്ച് എതിർക്കുന്ന രീതിയില്ലെന്നും നല്ലത് ചെയ്താൽ അംഗീകരിക്കുമെന്നുമായിരുന്നു രാജഗോപാലിതന്റെ പ്രതികരണം.
ഇത്തരം പ്രസ്താവനകൾക്കൊപ്പം നായർ വോട്ടുകൾ ഭിന്നിച്ചതും ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചതും എൽഡിഎഫിനെ വിജയത്തിലേക്കു നയിച്ചു.

സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ച മണ്ഡലം എൽഡിഎഫ് തിരികെ പിടിച്ചു. നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻ കുട്ടി 5000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

2016ൽ വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ഒ. രാജഗോപാലിലൂടെ ബിജെപി നേമത്ത് അക്കൗണ്ട് തുറന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അന്ന് ബിജെപിക്ക് ലഭിച്ചത്. എന്നാൽ സംസ്ഥാനത്ത് ശക്തമായ ഇടത് അനുകൂല തരംഗത്തിൽ പിടിച്ചു നിൽക്കാൻ ബിജെപിയുടെ കേരളത്തിലെ ഗുജറാത്തിനും സാധിച്ചില്ല.

നേമത്തെ പരാജയം വിശദീകരിക്കേണ്ട ബാധ്യത ഇനി സംസ്ഥാന ബിജെപി നേതൃത്വത്തിന് ഉണ്ടാകും. വലിയതോതിൽ വിഭവങ്ങളും സംഘടനാ ശേഷിയും ഉപയോഗിച്ചിട്ടും നേമത്ത് വിജയം ഉറപ്പാക്കാൻ സാധിക്കാതെ പോയത് ബിജെപിക്ക് ക്ഷീണമായി മാറും.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മണ്ഡലത്തിൽ മേൽകൈയുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചാണ് മണ്ഡലത്തിൽ ശിവൻകുട്ടി വിജയത്തിലേക്ക് അടുക്കുന്നത്. അവസാന നിമിഷം വരെ വിജയമുറപ്പിക്കുന്ന തരത്തിൽ മുന്നിട്ടുനിൽക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.

ഭൂരിപക്ഷം കുറഞ്ഞാലും വിജയം ബിജെപി ഉറപ്പിച്ചിരുന്നു. ഈ നിലയിൽ നിന്നാണ് സംസ്ഥാനത്തെ ആദ്യ സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തുന്നത്.