- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാൾ പൊതു തെരഞ്ഞെടുപ്പിലേക്ക്; കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിലേക്ക്; പാർലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ ശുപാർശ അംഗീകരിച്ച് പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി; രാജ്യമെമ്പാടും പ്രതിഷേധവുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം
കഠ്മണ്ഡു: നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിട്ടു. പാർലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ ശുപാർശ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി അംഗീകരിക്കുകയായിരുന്നു. ഏപ്രിൽ 30നും മെയ് പത്തിനും പൊതു തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചതോടെ രാജ്യമെമ്പാടും പ്രതിഷേധവുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഭരണകക്ഷിയായിരുന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുമെന്ന് ഉറപ്പായി. അപ്രതീക്ഷിത നീക്കത്തിലൂടെ പാർട്ടിയെ പ്രതിരോധത്തിലാക്കിയ കെ പി ശർമ ഒലിക്കെതിരെ . എൻസിപി അച്ചടക്ക നടപടിയെടുത്തേക്കുമെന്നാണ് സൂചനകൾ.
ഇന്ന് ഉച്ചയോടെയാണ് അടിയന്തര ക്യാബിനറ്റ് യോഗത്തിന് പിന്നാലെ പ്രധാനമന്ത്രി കെ പി ശർമ ഒലി പാർലമെന്റ് പിരിച്ചുവിടാനുള്ള ശുപാർശ പ്രസിഡന്റിന് കൈമാറിയത്. പ്രധാനമന്ത്രിയുടെ ശുപാർശ പ്രസിഡന്റ് അംഗീകരിച്ചതായി രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. ഇതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്ത നേപ്പാളിൽ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പാർട്ടി ചെയർമാൻ പുഷ്പകമാൽ ദഹലിനെ (പ്രചണ്ഡ) പിന്തുണയ്ക്കുന്ന വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്യത്ത് പലയിടത്തും പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. തുടർ നടപടികൾ ചർച്ച ചെയ്യാനായി പ്രചണ്ഡ വിഭാഗം തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാർട്ടികളായിരുന്ന സിപിഎൻ യുഎംഎലും സിപിഎൻ മാവോയിസ്റ്റ് സെന്ററും ലയിച്ചാണ് എൻസിപി രൂപീകരിച്ചത്. തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും തുടക്കംമുതൽ ഇരു വിഭാഗങ്ങാളും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഒലിയുടെ നടപടിക്ക് പിന്നാലെ പാർട്ടി പിളർന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ പ്രീമിയർ പ്രചണ്ഡയുമായി പാർട്ടിക്കുള്ളിൽ തുടരുന്ന അധികാര വടംവലിയാണ് ശർമ ഒലിയുടെ നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പുതിയ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യപ്രതിപക്ഷ പാർട്ടിയായ നേപ്പാളി കോൺഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര ക്യാബിനെറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച ശുപാർശ രാഷ്ട്രപതിക്ക് കൈമാറാൻ തീരുമാനിച്ചതെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാന്റിങ് കമ്മിറ്റി അംഗം പി.ടി.ഐ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. അതേസമയം ഒലിയുടെ തീരുമാനത്തിനെതിരേ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുതിർന്ന എൻ.സി.പി നേതാവും മുൻ പ്രധാനമന്ത്രിയുമായ മാധവ് കുമാർ വ്യക്തമാക്കി. ഭരണഘടന വ്യവസ്ഥ അനുസരിച്ച് പാർലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഇല്ലെന്നും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ കൊണ്ടുവന്ന ഭരണഘടാന കൗൺസിൽ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഓർഡിനൻസ് പിൻവലിക്കാൻ ഒലിക്ക് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു. ഒലിക്കെതിരേയുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തി പ്രധാനമന്ത്രി പദം ഒഴിയണമെന്ന് മാധവ്, പ്രചണ്ഡ വിഭാഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
സഖ്യസർക്കാരിന് മാവോയിസ്റ്റുകൾ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് 2016 ജൂലൈയിൽ ഒലി സർക്കാർ രാജിവച്ചിരുന്നു. തുടർന്ന് 2018 ഫെബ്രുവരിയിലാണ് ഒലി വീണ്ടും നേപ്പാളിൽ പ്രധാനമന്ത്രിയായി അധികാരം ഏറ്റത്. സിപിഎൻ–യുഎംഎൽ അധ്യക്ഷനായ കെ.പി. ശർമ ഒലി, പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ രാജിവെച്ച ഒഴിവിലാണ് രണ്ടാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്.
2028 ജൂൺ ആറിനാണ് സിപിഎൻ (മാവോയിസ്റ്റ് സെന്റർ) പിന്തുണയോടെ ദ്യൂബ സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഇടതുമുന്നണിയിൽ സിപിഎൻ–യുഎംഎൽ പാർട്ടിയുടെ ഘടകകക്ഷിയായാണു ഡിസംബറിൽ തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. തിരഞ്ഞെടുപ്പിൽ സിപിഎൻ–യുഎംഎൽ, സിപിഎൻ (മാവോയിസ്റ്റ് സെന്റർ) എന്നീ പാർട്ടികൾ ചേർന്നുള്ള ഇടതുമുന്നണിക്കു നേപ്പാൾ പാർലമെന്റിലെ 275ൽ 174സീറ്റു നേടാൻ കഴിഞ്ഞിരുന്നു.
സർക്കാരിന്റെ മോശം പ്രവർത്തനവും എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടി ഏപ്രിൽ ആദ്യം പാർട്ടിതന്നെ ഒലിയിൽനിന്ന് രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജിക്കൊപ്പം പാർലമെന്റ് തന്നെ പിരിച്ചു വിട്ട് പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ് ഒലി.
മറുനാടന് ഡെസ്ക്