മലപ്പുറം: മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിഷയത്തിൽ ബലിയാടായ സഹീർ കാലടിക്ക് നീതിയില്ല. ബന്ധു നിയമന വിവാദത്തെ തുടർന്ന് ജോലി ചെയ്തിരുന്ന മാൽകോ ടെക്‌സിലെ ഫിനാൻസ് മാനേജർ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന സഹീറിനു രാജി വെച്ച് ഒരു വർഷമായിട്ടും അവഗണനയാണ് സർക്കാരിൽ നിന്നും ലഭിക്കുന്നത്. രാജി വെച്ച ശേഷം ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങൾ സഹീറിനു ലഭിച്ചിട്ടില്ല. ആനുകൂല്യങ്ങൾ പൂർണമായി ലഭ്യമാക്കണമെന്നും മാൽകോ ടെക്‌സിലെ അഴിമതി അന്വേഷിക്കണമെന്നും തന്റെ രാജിയിൽ വ്യവസായ വകുപ്പ് ഉന്നതരുടെ ബന്ധം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു രാജി വെച്ച് ഒരു വർഷത്തിന്നകം അഞ്ചു പരാതികളാണ് മുഖ്യമന്ത്രിക്ക് നൽകിയത്. ഈ അഞ്ച് പരാതിയും ഫലം കാണാത്തതിനെ തുടർന്ന് ആറാമത് പരാതിയാണ് ഇപ്പോൾ സഹീർ നൽകിയിരിക്കുന്നത്. ഒരു പരാതിയിലും നടപടി വന്നിട്ടില്ല.

മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ചട്ടം മറികടന്ന് നിയമിച്ചത് വലിയ വിവാദമായിരുന്നു. സഹീറിനു ലഭിക്കേണ്ട പോസ്റ്റാണ് അദീബിനു പോയത്. മാധ്യമങ്ങൾ ഇതുയർത്തി വാർത്ത നൽകിയിരുന്നു. ഇതോടെ സഹീർ ജോലി ചെയ്തിരുന്ന മാൽകോ ടെക്‌സിൽ നിന്നും തൊഴിൽ പീഡനങ്ങൾ നേരിടേണ്ടി വരുകയും ഇരുപത് വർഷം സർവീസ് ബാക്കിയിരിക്കെ ജോലി രാജിവയ്‌ക്കേണ്ടി വരുകയും ചെയ്തു. മുഴുവൻ കാലയളവ് കണക്കാക്കുമ്പോൾ ഒരു കോടിയിലേറെ രൂപ ശമ്പളമായി ലഭിക്കേണ്ടിയിരുന്ന ജോലി തനിക്ക് ഇട്ടൊഴിഞ്ഞു പോകേണ്ടി വന്നു എന്നാണ് പരാതിയിൽ സഹീർ ചൂണ്ടിക്കാട്ടുന്നത്. എം. ഡി നടത്തിയ അഴിമതികൾ തെളിവ് സഹിതം ചൂണ്ടിക്കാണിച്ച് ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, രജിസ്ട്രാറായ ഹാന്റ്‌ലൂം ഡയറക്ടർ എന്നിവർക്കും കൂടാതെ തൊഴിൽ പീഡനം, ഭീഷണി വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

കാര്യമായ ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. സഹീറിന്റെ പ്രശ്‌നം കേരള നിയമസഭയിൽ മുഖ്യമന്ത്രിയോട് ചോദ്യമായി പി.കെ.അബ്ദുറബ് എംഎ‍ൽഎ. ഉന്നയിച്ചിരുന്നു. ഹൈക്കോടതിയിൽ ഒരു റിട്ടും സഹീർ നൽകിയിട്ടുണ്ട്. ഇതിൽ കാടാമ്പുഴ പൊലീസ് മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം സഹീറിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സുതാര്യമായ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള നിയമ പോരാട്ടം തുടരുകയാണ് ഇപ്പോൾ സഹീർ. കേരള ഹൈക്കോടതിയിൽ റിട്ട് ഹരജിയും സഹീർ നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ വ്യവസായ മന്ത്രിക്ക് കൈമാറിയതായുള്ള മറുപടി മാത്രമാണ് സഹീറിനു ലഭിച്ചത്. മന്ത്രി കെ.ടി.ജലീൽ ഉൾപ്പെട്ട ബന്ധു നിയമന വിവാദത്തിൽ യഥാർത്ഥ രക്തസാക്ഷി സഹീറാണ്. സഹീറിനു തന്റെ ജോലി നഷ്ടമായി. ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചപ്പോൾ യഥാർത്ഥത്തിൽ ഈ പോസ്റ്റ് ലഭിക്കേണ്ടിയിരുന്നത് സഹീറിനായിരുന്നു. യോഗ്യതകൾ പ്രകാരം സഹീർ ആയിരുന്നു യോഗ്യതയുള്ള അപേക്ഷാർഥി. എന്നാൽ തന്റെ ബന്ധുവിന് ജലീൽ ഈ പോസ്റ്റ് ദാനം ചെയ്തു. മാധ്യമങ്ങൾ സഹീറിന്റെ യോഗ്യത ഉയർത്തിക്കാട്ടി തുടരൻ വാർത്തകൾ നൽകി. മന്ത്രി ജലീൽ ആർക്കും പരാതിയില്ലല്ലോ എന്ന് തുടരൻ പ്രസ്താവനകൾ നടത്തി.

സംഭവം വിവാദമായപ്പോൾ അദീബിനു രാജിവെച്ച് ഒഴിവാകേണ്ടി വന്നു. മന്ത്രി സഹീറിനു പരാതിയില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയ സമയത്ത് സഹീർ തന്റെ ഫെയ്‌സ് ബുക്കിൽ ഒരു കുറിപ്പിട്ടു. അർഹതയുള്ള പോസ്റ്റ് അദീബ് റാഞ്ചിക്കൊണ്ട് പോയത് വിശദമാക്കിയായിരുന്നു സഹീറിന്റെ കുറിപ്പ്. മാധ്യമങ്ങൾ ഇതും വാർത്തയാക്കി. ഇതോടെ മന്ത്രി ജലീൽ പൂർണമായും സഹീറിനു എതിരായി. മാൽകോ ടെക്‌സ് എംഡി അഴിമതി ചൂണ്ടിക്കാട്ടിയതിന് സഹീറിനു എതിരായിരുന്നു. ബന്ധു നിയമന പ്രശ്‌നം വന്നപ്പോൾ വ്യവസായ മന്ത്രിയുടെ മന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെ സഹായം മാൽകോ ടെക്‌സ് എംഡിക്ക് ലഭിച്ചു. ഇതോടെ എംഡിയിൽ നിന്ന് നേരിടേണ്ടി വന്ന തൊഴിൽ പീഡന പരമ്പരയെ തുടർന്നാണ് മാൽകോ ടെക്‌സ് ഫിനാൻസ് മാനേജർ സ്ഥാനം സഹീർ രാജിവെച്ച് ഒഴിയുന്നത്. മാൽകോ ടെക്‌സിലെ അഴിമതിയും ആനുകൂല്യങ്ങൾ നൽകാത്തതും ചൂണ്ടിക്കാട്ടി സഹീർ നൽകിയ പരാതിക്ക് അവഗണ തന്നെയാണ് തുടരുന്നത്.

അഴിമതി എതിർത്തപ്പോൾ എംഡി എതിരായി

സർക്കാർ അധീനതയിലുള്ള സ്പിന്നിങ് മില്ലായ മാൽകോ ടെക്‌സിലെ അഴിമതി ചൂണ്ടിക്കാട്ടിയതിനു എംഡി സി.ആർ.രമേശ് ഫിനാൻസ് മാനേജരായ സഹീറിനോട് അതൃപ്തി വെച്ച് പുലർത്തിയിരുന്നു. എംഡിയുടെ അഴിമതിക്കും ക്രമക്കേടിനും കൂട്ട് നിൽക്കാൻ സഹീർ തയ്യാറായില്ല. മാൽകോ ടെക്‌സിൽ ടെൻഡർ നടപടികൾ ഇല്ലാതെ നൂൽ വിൽപ്പന നടത്താൻ ഫിനാൻസ് മാനേജരായ സഹീറിനു എംഡി നിർദ്ദേശം നൽകിയതോടെയാണ് സഹീറും എംഡി രമേശും തമ്മിൽ അകലുന്നത്. അഞ്ച് ലക്ഷത്തിൽ കൂടുതലുള്ള ഇടപാടുകൾക്ക് ടെൻഡർ ആവശ്യമുണ്ട്. ഇത് പിന്നീട് പ്രശ്‌നമാകുമെന്ന് കണ്ടതോടെയാണ് ഫിനാൻസ് മാനേജർ സ്ഥാനത്തുണ്ടായിരുന്ന സഹീർ എംഡിയോട് എതിർപ്പ് അറിയിച്ചത്. ഇതോടെ സ്വന്തം നിലയിലുള്ള നടപടികളുമായി എംഡി മുന്നോട്ടു പോയി. ഇതിന്നിടയിലാണ് ബന്ധു നിയമനവിവാദം വരുകയും സഹീർ പ്രതികരിക്കുകയും ഒക്കെ ചെയ്തത്. മന്ത്രി തലത്തിൽ സഹീറിനോട് നിലനിന്ന എതിർപ്പ് എംഡി ഉപയോഗപ്പെടുത്തിയതോടെ സഹീറിനു സ്ഥാപനത്തിൽ നിലനിൽപ്പ് ഇല്ലാതായി.

രാജിയും വയ്‌ക്കേണ്ടി വന്നു. ശാരീരിക കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ടു വർഷം അവധി നൽകിയതിനു എംഡി എതിര് നിന്നു. മലപ്പുറം മാൽകോ ടെക്‌സ് എംഡി ആവശ്യപ്പെട്ടപ്രകാരം ഫിനാൻസ് മാനേജരുടെ ജോലി ആളില്ലാത്ത അവസ്ഥയിൽ നിർവഹിച്ചപ്പോൾ അതിനു നോട്ടീസ് നൽകി നടപടികൾക്ക് തുടക്കമിട്ടു. മെഡിക്കൽ ലീവിൽ പോയപ്പോൾ അത് റദ്ദ് ചെയ്യാൻ ഡിഎംഒയ്ക്ക് കത്ത് നൽകുക തുടങ്ങി സർവീസിൽ സഹീർ ബന്ധു നിയമന വിവാദത്തെ തുടർന്ന് വേട്ടയാടപ്പെട്ടു. ഇരുപത് വർഷം ബാക്കിയുണ്ടായിരുന്ന സർവീസ് പൊടുന്നനെ പാതി വഴിയിൽ അവസാനിപ്പിച്ച് സഹീർ പടിയിറങ്ങി. ഇപ്പോൾ ആനുകൂല്യങ്ങൾ തേടിയും മാൽകോ ടെക്‌സിലെ അഴിമതി അന്വേഷിക്കണം എന്നും പറഞ്ഞു മുഖ്യമന്ത്രിക്ക് നിരന്തര പരാതികളാണ് സഹീർ നൽകുന്നത്.

ഒരു പരാതിയിലും ഇതേ വരെ നടപടിയും വന്നിട്ടില്ല. വ്യവസായ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രകാശൻ മാസ്റ്റർ, മന്ത്രിയുടെ പിഎ പവിത്രൻ, ഹാന്റ്‌ലൂം ഡയരക്ടർ കെ.സുധീർ എന്നിവരുടെ പേര് സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതിയാണ് ഒന്നുമാകാതെ അവസാനിക്കുന്നത്. സർവീസിൽ നിലനിൽക്കുമായിരുന്നെങ്കിൽ ഒരു കോടിയോളം ശമ്പളം ലഭിക്കുമായിരുന്നു. ഈ ജോലിയാണ് തൊഴിൽ പീഡനം കാരണം അവാസാനിപ്പിക്കേണ്ടി വന്നത്-പരാതിയിൽ സഹീർ ചൂണ്ടിക്കാട്ടിയിരുന്നു. ബന്ധുനിയമന പ്രശ്‌നത്തിൽ മനസറിയാതെ കുടുങ്ങി പോയതാണ് എന്നാണ് സഹീർ മറുനാടനോട് പറഞ്ഞത്. പ്രശ്‌നങ്ങളെക്കുറിച്ച് സഹീറിന്റെ പ്രതികരണം ഇങ്ങനെ:

ന്യൂനപക്ഷ വികസന കോർപറേഷനിൽ ജോലിക്ക് അപേക്ഷിച്ചത് വിനയായി; സഹീർ

ഞാൻ മാൽകോ ടെകസിൽ നിന്നും രാജിവെച്ചിട്ടു ഒരു വർഷമായി. 2006 മുതൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ വർഷം ജോലി രാജിവെച്ചു. എനിക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഇനിയും ലഭിക്കാനുണ്ട്. മാൽകോ ടെക്‌സിലെ ജോലിയുള്ള വേളയിൽ അഴിമതി ചൂണ്ടിക്കാട്ടിയത് എംഡിക്ക് പിടിച്ചില്ല. എംഡി.സിആർ.രമേശ് എനിക്ക് പൂർണമായി എതിരായിരുന്നു. മാൽകോ ടെക്‌സിലെ അഴിമതി ചൂണ്ടിക്കാട്ടി ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അന്വേഷണം വന്നിട്ടില്ല. പക്ഷെ അവിടെ ഓഡിറ്റ് വന്നപ്പോൾ എല്ലാം ശരിയാണെന്ന് തെളിഞ്ഞു. ന്യൂനപക്ഷ വികസന കോർപറേഷനിൽ എംഡി പോസ്റ്റിനു അപേക്ഷിച്ചതാണ് വിനയായത്.

ന്യൂനപക്ഷ വികസന കോർപറേഷനിൽ 2016-ൽ അപേക്ഷിച്ചിരുന്നു. 2019ൽ വീണ്ടും അപേക്ഷിച്ചിരുന്നു. ആദ്യം അദീബിനു നിയമനം നൽകി. എനിക്ക് അന്ന് ഡബിൾ പിജിയുണ്ടായിരുന്നു. എന്നെ അവഗണിച്ചാണ് അദീബിനെ നിയമിച്ചത് എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. അന്ന് ആ വിവാദത്തിൽ ഞാൻ പങ്കാളിയല്ലായിരുന്നു. മന്ത്രി കെ.ടി.ജലീൽ രക്ഷപ്പെടാൻ എന്റെ പേര് വലിച്ചിഴച്ചു. സഹീറിന് പരാതി ഇല്ലല്ലോ എന്നാണ് പറഞ്ഞത്. അപ്പോൾ ഞാൻ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തി. പഠിച്ച് നേടിയ യോഗ്യതകളാണ് എനിക്ക് ഉള്ളത്. ഇതെല്ലാം ഞാൻ ഫെയ്‌സ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സർക്കാർ തലത്തിൽ എനിക്ക് പിന്തുണയില്ലാതായത്.

2018 നവംബറിലാണ് ബന്ധു നിയമന പ്രശ്‌നങ്ങൾ നടക്കുന്നത്. അദീബിനെ നിയമിക്കുന്ന സമയത്ത് ആറു അപേക്ഷകൾ ആണ് അന്നുണ്ടായിരുന്നത്. അന്ന് ഏറ്റവും യോഗ്യൻ ഞാൻ ആയിരുന്നു. എന്നെ അവഗണിച്ചാണ് അദീബിനെ തിരഞ്ഞെടുത്തത്. വാർത്ത വന്നപ്പോൾ മന്ത്രിക്ക് ക്ഷീണമായി. ജലീലിന്റെ ഓഫീസിൽ നിന്ന് ശക്തമായ സമർദ്ദം എനിക്ക് എതിരെ വന്നു. ഞാൻ മുൻപ് എംഎസ്എഫ് പ്രവർത്തകനായിരുന്നു. അദീബിന്റെ ബന്ധു നിയമനം പി.കെ.ഫിറോസ് പൊക്കിക്കൊണ്ട് വന്നപ്പോൾ മന്ത്രി എന്നെ തെറ്റിദ്ധരിച്ചു.

ഞാനാണ് പ്രശ്‌നം കുത്തിപ്പൊക്കിയത് എന്നാണ് മന്ത്രി കരുതിയത്. എനിക്ക് സത്യത്തിൽ ഇതൊന്നും അറിയുമായിരുന്നില്ല. ആറുതവണ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഒരു പ്രതികരണമില്ല. ന്യൂനപക്ഷ വികസന കോർപറേഷനിൽ രണ്ടു തവണ ജോലിക്ക് അപേക്ഷ നൽകിയതിന്റെ പേരിൽ വേട്ടയാടലാണ് വന്നത്. എല്ലാം . ബന്ധു നിയമനം മറച്ച് വെയ്ക്കാൻ വേണ്ടി. ജീവന് വലിയ ഭീഷണിയാണ് അന്ന് വന്നത്. ഡിജിപിക്ക് പരാതി നൽകി. മന്ത്രിമാരുടെ ഓഫീസിനെതിരെ പരാതി നൽകിയതിന്റെ പേരിൽ ഭീഷണിയുണ്ട് എന്ന് പറഞ്ഞു ഡിജിപിയെ വരെ എതിർ കക്ഷിയാക്കി സംരക്ഷണം തേടി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പരാതിയിൽ ആകെ നടന്നത് കാടാമ്പുഴ സ്റ്റേഷനിൽ നിന്നും മൊഴി എടുപ്പിക്കാൻ വിളിച്ചു എന്നത് മാത്രമാണ്. പക്ഷെ എഫ്‌ഐആർ വന്നിട്ടില്ല.

എംഡി ആവശ്യപ്പെട്ടത് ടെൻഡർ വിളിക്കാതെ കരാർ നൽകാൻ

നൂൽവിൽപ്പനയാണ് മാൽകോ ടെക്‌സിൽ നടക്കുന്നത്. ടെൻഡർ ഇല്ലാത്ത വില്പന നടത്തുന്നതിനെ എതിർത്തിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പർച്ചേസ് ആണെങ്കിലും സെയിൽ ആണെങ്കിലും ടെൻഡർ ചെയ്യണം. പർച്ചേസ് കമ്മറ്റിയിലും സെയിൽസ് കമ്മറ്റിയിലും ഞാനുണ്ടായിരുന്നു. എംഡിമാർ വരും പോകും. ജീവനക്കാർ സ്ഥാപനത്തിൽ കാണും. ക്രമക്കേട് വന്നാൽ ഉദ്യോഗസ്ഥർ കുടുങ്ങും. ഇത് ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു.

കണ്ണൂർ മില്ലിൽ ഇതേ പോലെ എംഡി ക്രമക്കേട് കാണിച്ചപ്പോൾ ഓഡിറ്റ് റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിരുന്നു. 2018 ഏപ്രിലിലാണ് എംഡിയായി സി.ആർ.രമേശ് എത്തുന്നത്. ഇതോടെ മാൽകോ ടെക്‌സിൽ പ്രശ്‌നങ്ങൾ തുടങ്ങി. ഇപ്പോഴും രമേശ് തന്നെയാണ് തുടരുന്നത്. കണ്ണൂരിൽ ടെൻഡർ ഇല്ലാതെ വിൽപ്പന നടത്തുന്നുണ്ട്. കുറ്റിപ്പുറത്തും ഇതേ രീതിയിൽ വിൽപ്പന നടത്തണം എന്നാണ് പറഞ്ഞത്. ആറു എംഡിമാരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ട്. ഒരു പ്രശ്‌നവും വന്നില്ല. മലപ്പുറത്തെ മാൽകോ ടെക്‌സിൽ ഫിനാൻസ് മാനേജർ ഇല്ലാത്ത പ്രശ്‌നം വന്നു. മലപ്പുറം മിൽ എംഡി കത്ത് നൽകി. എന്നെ മലപ്പുറത്ത് അയക്കാൻ അവശ്യപ്പെട്ടാണ് കത്ത് നൽകിയത്. എന്നെ ചില ദിവസങ്ങൾ വിട്ടു നൽകാൻ രമേശ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതൊന്നും ഞാൻ അറിഞ്ഞുള്ള കാര്യങ്ങളല്ല. എംഡിമാർ തമ്മിൽ നടന്ന കത്തിടപാടുകളാണ്.

ഞാൻ മലപ്പുറം മില്ലിൽ ഒരു ദിവസം ജോലി ചെയ്തു. ഒരു പ്രതിഫലവും ഞാൻ കൈപ്പറ്റിയിട്ടില്ല. അവിടെ പോയി ജോലി ചെയ്ത പേരിൽ പിന്നീട് മാൽകോ ടെക്‌സ് എംഡിയിൽ നിന്നും വന്നത് കാരണം കാണിക്കൽ നോട്ടീസാണ്. എന്നെ അറിയിക്കാതെ ജോലി ചെയ്തു എന്ന് പറഞ്ഞാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഞാൻ ഹൈക്കോടതിയിൽ പോയി നോട്ടീസിനു സ്റ്റേ വാങ്ങി. ഇതോടെ എന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങളിൽ എംഡി രമേശ് ഏർപ്പെട്ടിരിക്കുകയാണ് എന്ന് എനിക്ക് മനസിലായി. 27 കോടിയുടെ വികസന പ്രവർത്തനങ്ങൾ മാൽകോ ടെക്‌സിൽ നടക്കുകയായിരുന്നു. കേന്ദ്ര സഹായത്തോടെ നടക്കുന്ന വികസന പ്രവർത്തനങ്ങളാണ്. നടപടിക്രമങ്ങൾ അനുസരിച്ചാണ് കാര്യങ്ങൾ ചെയ്തിരുന്നത്.

ഇതോടെ രമേശ് എന്നെ ചുമതലയിൽ നിന്നും നീക്കി. എംഡിക്ക് താത്പര്യമുള്ള ആളുകൾക്ക് നൽകി. ചെക്ക് വാങ്ങാൻ ആളുകൾ വന്നപ്പോഴാണ് ഇത്തരം ജോലികൾ അവിടെ നടക്കുന്നു എന്ന് മനസിലാക്കുന്നത്. ടെൻഡർ ഇല്ലാതെ പ്രവർത്തികൾ ഒന്നും ചെയ്യാൻ പാടുള്ളതല്ല. ചെക്ക് ഒപ്പിടുന്നത് എംഡിയും ഞാനും കൂടിയാണ്. നടപടിക്രമങ്ങൾ ഇല്ലാതെ ടെൻഡർ നൽകിയാൽ ചെക്ക് ക്ലിയർ ചെയ്യാൻ കഴിയില്ലെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി രജിസ്ട്രാർക്കും പ്രിൻസിപ്പാൾ സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഹാന്റ് ലൂം രജിസ്ട്രാർക്ക് ഞാൻ അഴിമതി ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. അത് ലെറ്റർ ആയി നൽകണം എന്നാണ് പറഞ്ഞത്. പരാതി കിട്ടിയപ്പോൾ രജിസ്ട്രാർ അത് എംഡിക്ക് തന്നെ അത് ഫോർവേഡ് ചെയ്തു. ഇതോടെ എംഡിക്ക് എന്നോടുള്ള എതിർപ്പിനു ശക്തി കൂടി. ആ സമയത്ത് എനിക്ക് ശാരീരിക പ്രശ്‌നങ്ങളും തുടങ്ങി. മനസ് മടുത്ത ഈ ഘട്ടത്തിലാണ് ന്യൂനപക്ഷവികസന കോർപ്പറേഷൻ വിവാദങ്ങൾ തലപൊക്കുന്നത്.

ഇതോടെ എംഡിക്ക് വലിയ പിൻബലം വ്യവസായ വകുപ്പിൽ നിന്നും ലഭിച്ചു. ഇതോടെ എംഡിക്ക് കാര്യങ്ങൾ എളുപ്പമാക്കി. 2019 ജനുവരിയിൽ ഞാൻ മെഡിക്കൽ ലീവിൽ പോയി. മെഡിക്കൽ ലീവിന് പോകും മുൻപ് ഞാൻ എംഡിക്ക് ലീവിന് അപേക്ഷ നൽകിയിരുന്നു. ലീവ് അപേക്ഷ നൽകിയപ്പോൾ എംഡി എനിക്ക് നോട്ടീസ് ആണ് നൽകിയത്. ആളില്ലാത്ത സമയം ലീവ് എടുക്കുന്നു എന്ന് പറഞ്ഞുള്ള കാരണം കാണിക്കൽ നോട്ടീസാണ് നൽകിയത്. രണ്ടു വർഷത്തെ ലീവ് അപേക്ഷ നിരസിച്ചു. ബിപി കുറയുന്ന പ്രശ്‌നം, അലർജി പ്രശ്‌നങ്ങൾ ആണ് വന്നത്. സ്പിന്നിങ് മിൽ ആയതിനാൽ പൊടി കൂടുതലാണ്. ഞാൻ മെഡിക്കൽ ലീവിന് അപേക്ഷ നല്കി മെഡിക്കൽ ലീവിൽ പോയി. എംഡി പക്ഷെ ജില്ലാ ഡിഎംഒയ്ക്ക് കത്ത് നൽകി. മെഡിക്കൽ ലീവ് റദ്ദ് ചെയ്യണം എന്നാണ് പറഞ്ഞത്. ഡിഎംഒ അത് താലൂക്ക് മെഡിക്കൽ ബോർഡിനു വിട്ടു. മെഡിക്കൽ ബോർഡ് എന്നെ വിളിച്ചു വരുത്തി വിശദമായ പരിശോധന നടത്തി. മെഡിക്കൽ ബോർഡ് ലീവ് ശരിവെയ്ക്കുകയാണ് ചെയ്തത്.

ലോംഗ് ലീവിന് അപേക്ഷ നൽകി. ഇത് എംഡി ഒറ്റയടിക്ക് നിരസിച്ചു. എല്ലാ കാര്യങ്ങളും വിശദമാക്കി മുഖ്യമന്ത്രിക്കും ഹാന്റ്‌ലൂം രജിസ്ട്രാർക്കും രാജിക്കത്ത് നൽകി. വിജിലൻസ് അന്വേഷണമോ സ്വതന്ത്ര അന്വേഷണമോ മാൽകോ ടെകസിൽ നടത്തണം എന്നാണ് ഞാൻ അവശ്യപ്പെട്ടത്. അതൊന്നും നടത്താതെ രാജി മാത്രം അംഗീകരിച്ചു. ഗ്രാറ്റ്‌വിറ്റിയും നൽകിയിട്ടില്ല. ഞാൻ ഹൈക്കോടതിയെ സമീപിച്ചു. മന്ത്രി ജലീലിനും രേഖാമൂലം പരാതി നൽകിയിരുന്നു. യാതൊരു ഇടപെടലും വന്നില്ല. ന്യൂനപക്ഷ വികസന കോർപറേഷൻ വെബ്സെറ്റിൽ ജിഎമ്മിന്റെ ഒഴിവ് വന്നപ്പോൾ അപേക്ഷിച്ചു എന്നത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ്.

അന്ന് എനിക്ക് ജോലി ലഭിക്കാതിരിക്കാൻ പറഞ്ഞ കാരണം എക്‌സിക്യുട്ടീവ് എംബിഎയാണ് എന്നതാണ് പറഞ്ഞത്. 2019ൽ വീണ്ടും വിളിച്ചിരുന്നു. അന്നും ഞാൻ അപേക്ഷ നൽകിയിരുന്നു. പക്ഷെ എംഡി എനിക്ക് എൻഒസി നൽകിയില്ല. എനിക്ക് അഭിമുഖത്തിനു പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്റെ ക്വാളിഫിക്കെഷൻ പ്രശ്‌നം ആണെങ്കിൽ 2019-ൽ എന്നെ അഭിമുഖത്തിനു വിളിക്കാൻ പാടില്ലായിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി ഞാൻ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വീണ്ടും കുറിപ്പ് ഇട്ടിരുന്നു. കണ്ണൂർ പൊളിറ്റിക്‌സിൽ സ്വാധീനമുള്ള എംഡിയാണ് മാൽകോ ടെക്‌സിലേത്. ന്യൂനപക്ഷ മന്ത്രി ജലീൽ, വ്യവസായവകുപ്പ് ഓഫീസിലെ ഉന്നതർ എന്നിവർ എല്ലാം കൂടി എനിക്ക് തടയിട്ടു. ഒരു വർഷം നീണ്ട പീഡനമാണ് പിന്നീട് നടന്നത്. 20 വർഷം സർവീസ് ബാക്കിയുള്ളപ്പോഴാണ് രാജി വയ്ക്കുന്നത്. അനുകൂല്യങ്ങൾക്ക് ഒപ്പം അതിനാൽ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരവും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്- സഹീർ പറയുന്നു.