കണ്ണുർ: കണ്ണൂർ സിറ്റി അറയ്ക്കൽ രാജവംശത്തിന്റെ ഭരണാധികാരിയായി ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ വെള്ളിയാഴ്‌ച്ച നാലുമണിയോടെസ്ഥാനാരോഹണം നടത്തി. അറയ്ക്കൽ രാജകുടുംബത്തിൽ രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഒരു രാജാവ് സ്ഥാനാരോഹണം നടത്താനിരിക്കുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെ രാജകുടുംബത്തിലെ ഏറ്റവും മുതിർന്നയാൾ രാജാവോ റാണിയോ ആയി ഭരണം നടത്തുക എന്നതാണ് അറയ്ക്കൽ രാജകുടുംബത്തിന്റെ കീഴ്‌വഴക്കം.

എന്നാൽ ആൺ-പെൺ വ്യത്യാസമില്ലാതെ ഭരണാധികാരിയെ സുൽത്താൻ എന്നാണ് വിളിക്കുന്നത്. ഇന്നലെ അന്തരിച്ച സുൽത്താൻ ആദിരാജ മറിയുമ്മ (ചെറിയ ബീക്കുഞ്ഞി ബീവി-87)യ്ക്കുശേഷം രാജകുടുംബത്തിലെ ഏറ്റവും പ്രായമേറിയയാൾ എന്നനിലയ്ക്കാണ് എൺപതുകാരനായ ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ അറയ്ക്കലിന്റെ ചെങ്കോലും കിരീടവും അണിഞ്ഞത്. 1959ൽ നടന്ന ചരിത്രപ്രസിദ്ധമായ അറയ്ക്കൽ രാജകുടുംബത്തിലെ സ്വത്തുക്കളുടെ ഭാഗംവയ്ക്കാൻ യോഗത്തിൽ പങ്കെടുത്തവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന കുടുംബത്തിലെ ഏക പുരുഷ അംഗമാണ് ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ.

ആദിരാജ ഹംസ കോയമ്മ തങ്ങളായിരുന്നു ഇതിനുമുസ് രാജാവായിരുന്നയാൾ. ഇദ്ദേഹത്തിന്റെ മരണശേഷം പിന്നീട് വനിതകളായിരുന്നു സിംഹാസനത്തിലിരുന്നിരുന്നത്. കഴിഞ്ഞതിങ്കളാഴ്‌ച്ച കാലം ചെയ്ത സുൽത്താൻ ആദിരാജ മറിയുമ്മയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായിക്കഴിഞ്ഞശേഷമായിരിക്കും ആദിരാജ ഹമീദ് ഹുസൈൻ കോയമ്മയുടെ സ്ഥാനാരോഹണം നടന്നത്. താണയിലെ അദ്ദേഹത്തിന്റെ ഷാസിലെന്ന വീട്ടിലാണ്പഴയ രാജകീയ ചടങ്ങുകളോടെയായിരുന്നു സ്ഥാനാരോഹണം നടന്നത്.

പരേതരായ ടി. ഉമ്മർകുട്ടി ഇളയ-ഖദീജ ബീവി ദമ്പതികളുടെ മകനാണ്. മലഞ്ചരക്ക് വ്യാപാരിയായ ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ അറക്കൽ രാജവംശത്തിന്റെ ആസ്ഥാനമായ അറയ്ക്കൽ കെട്ടിനു സമീപപ്രദേശമായ കണ്ണൂർ താണയിലെ ഷാസ് എന്ന വീട്ടിലാണ് താമസം. പരേതയായ കല്ലുപുതിയ വീട്ടിൽ സഹീദയാണ് ഭാര്യ. ഇബ്രാഹിം ഷമീസ് ഏക മകനാണ്. ഖദീജ ആദിരാജ, ഖൈറുന്നീസ ആദിരാജ, പരേതരായ ആദിരാജ ഇസ്മയിൽ കോയമ്മ, സക്കീന ആദിരാജ എന്നിവർ സഹോദരങ്ങളാണ്. കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്.എൻ കോളേജ് ടീമിന്റെ താരവും കൂടിയാണ് ഹമീദ് ഹുസൈൻകോയമ്മ

സ്ഥാനാരോഹണ ചടങ്ങിൽ എംഎ‍ൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ്, കണ്ണുർ കോർപറേഷൻ മേയർ ടി. ഒ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.