- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറമേ നിന്നുള്ളവരെ വിലക്കിയത് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളും സിനിമ-സീരിയൽ ചിത്രീകരണവും ഏറിയതോടെ; ജൈവകലവറയായ ഇരിങ്ങോൾ കാവിന്റെ വിശുദ്ധി കാത്ത് വരുമാനം വർദ്ധിപ്പിക്കാൻ പുതിയ കർമപദ്ധതി; നിത്യഹരിതവനം സന്ദർശകർക്കായി വീണ്ടും തുറക്കും
പെരുമ്പാവൂർ: ചരിത്രവും ഐതിഹ്യവും ഇടകലർന്ന ജൈവകലവറയാണ് ഇരിങ്ങോൾകാവ്. കാടിന് നടുവിൽ ഒരു ദുർഗാക്ഷേത്രം. പ്രകൃതി തന്നെ ഈശ്വരനായ ഇടം. ഇവിടെ വനഭൂമി മിതമായ ഫീസ് ഈടാക്കി സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകൾക്കും, സിനിമ, സീരിയൽ ചിത്രീകരണത്തിനും ഇടക്കാലത്ത് വിട്ടുനൽകിയിരുന്നു. ഇത് ക്ഷേത്ര വിശുദ്ധിക്ക് കളങ്കമേൽപ്പിക്കുന്നു എന്ന് വിശ്വാസികൾ പരാതിപ്പെട്ടതോടെ വനഭൂമിയിൽ പുറമേ നിന്നുള്ളവരെ വിലക്കി. എന്നാൽ, ക്ഷേത്രവിശുദ്ധി കാത്തുസൂക്ഷിച്ച്, കൈമുതലായുള്ള ജൈവവൈവിധ്യം പ്രയോജനപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കാൻ കർമപദ്ധതി തയ്യാറാക്കുകയാണ് ഇരിങ്ങോൾകാവ് ഭരണസമിതി. ഇത്തരത്തിലൊരു തീരുമാനം സംസ്ഥാനത്തുതന്നെ ആദ്യമായിരിക്കും.
ക്ഷേത്രത്തിന്റെയും അനുബന്ധ വനഭൂമിയുടെയും സവിശേഷതകൾ സന്ദർശകരിലേക്ക് എത്തിക്കുന്നതിന് വിശദമായ കർമ്മപദ്ധതി തയ്യാറാക്കണം. ഇതിനായി പലതട്ടിൽ ആലോചനകൾ നടന്നുവരുന്നു. ഇതുവഴി ക്ഷേത്രത്തിൽ നിന്നുള്ള സാമ്പത്തികവരുമാനം വർദ്ധിപ്പിക്കാൻകഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താൽക്കാലിക ക്ഷേത്രഭരണസമിതി സെക്രട്ടറി എം പി സദാനന്ദൻ മറുനാടനോട് പറഞ്ഞു.
ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമായ, ക്ഷേത്രത്തിന് ചുറ്റുമുള്ള 55 ഏക്കറോളം വരുന്ന വനഭൂമിയിലേയ്ക്ക് സന്ദർശകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി കർമ്മപദ്ധികൾ ദേവസ്വം ബോർഡിന്റെ പരിഗണനയിലാണ്. ക്ഷേത്രവിശുദ്ധി കർശനമായി കാത്തുസൂക്ഷിച്ചുകൊണ്ട് ഈ വനഭുമിയിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന കാര്യം ദേവസ്വം ബോർഡിന്റെ സജീവ പരഗണനയിലാണ്. ഇക്കാര്യത്തിൽ ദേവസ്വംബോർഡ് ക്ഷേത്രഭരണസമിതിയുടെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്. താമസിയാതെ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൈലന്റ് വാലി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ നിത്യഹരിതവനം ഇരിങ്ങോൾകാവിനോട് അനുബന്ധിച്ചുള്ളതാണെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ വ്യക്തമായിട്ടുള്ളത്.
180-ൽപ്പരം ഔഷധസസ്യങ്ങളും 70- ഇനം പക്ഷികളും ഇവിടെയുണ്ടെന്ന് കേരളഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.അപൂർവ്വയിനത്തിൽ പ്പെട്ട ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ വനമേഖല.രാജ്യത്ത് പട്ടണനടുവിൽ ഇത്രയും വിസ്തൃമായ വനഭൂമിയിൽ സ്ഥിതി ചെയ്യുന്ന കാവ് ഒരു പക്ഷേ ഇതുമാത്രമായിരിക്കും. ദക്ഷിണകേരളത്തിലെ ഏറ്റവും വലിയ കാവെന്ന ഖ്യാതിയും ഇരിങ്ങോൾ കാവിന് സ്വന്തമാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ളതാണ് ഈ ക്ഷേത്രം.കോവിഡ് പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്്. ഇത് ഈ ക്ഷേത്രത്തിലെ വികസനപ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. നിത്യപൂജയുള്ള ഈ ക്ഷേത്രത്തിൽ 8 ജീവനക്കാരുണ്ട്്.ഇവിടെ നിന്നുള്ള വരുമാനം കൊണ്ട് ക്ഷേത്രത്തിലെ ചെലവ് നടന്നുപോകില്ല.അപ്പോഴാണ് വനഭൂമി പ്രയോജനപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കാൻ ആലോചനയുണ്ടായത്.ഇത് നല്ലതുടക്കമായിട്ടാണ് വിശ്വാസികളിൽ ഏറെപ്പേരും കരുതുന്നത്.
എറണാകുളം പെരുമ്പാവൂരിനടുത്താണ് പട്ടണ നടുവിലെ ആത്മീയ ചൈതന്യമെന്ന് വിശേഷിപ്പിക്കാവുന്ന ഇരിങ്ങോൾകാവ് സ്ഥിതിചെയ്യുന്നത്.കാവിനോടനുബന്ധിച്ചുള്ള വനത്തിൽ പലഭാഗത്തേയ്ക്കും കാൽനട പാതകൾ രൂപപ്പെടുത്തിയിരുന്നു.ഈ പാതകകൾ വിശ്വാസികൾക്കായി തുറന്നുനൽകുന്നതിനും പാതയിലൂടെ കടന്നുപോകുന്നവർക്ക് കാണത്തക്ക രീതിയിൽ വൃക്ഷ-ലതാതികളിൽ ,അവയുടെ പേരുകളും സവിശേഷതകളും ഉൾക്കൊള്ളിച്ചുള്ള ബോർഡുകൾ സ്ഥാപിക്കുന്നതിനും വനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്രമ സൗകര്യം ഒരുക്കുന്നതിനുമാണ് ആലോചനകൾ നടക്കുന്നത്.
താമസിയാതെ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാവുമെന്നാണ് സൂചന. ഇത്തരത്തിലൊരു പദ്ധതി നടപ്പിലാവുന്നതോടെ ആത്മീയചൈതന്യം തേടിയെത്തുന്നവർക്കൊപ്പം പരിസ്ഥിതി സ്നേഹികളും ഇവിടേയ്ക്കെത്തുമെന്നും ഇത് പ്രദേശത്തിന്റെ കീർത്തി വർദ്ധിപ്പിക്കുമെന്നും മറ്റുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. നട്ടുച്ചവെയിലും കുളിർമ്മ പകരുന്ന അന്തരീക്ഷവും സദാസമയവും ഉയരുന്ന കിളികളുടെ കളകളാരവവും വള്ളിപ്പർടപ്പുകളും ഇടതൂർന്ന കാടുമെല്ലാം ഇവിടൈയെത്തുന്ന സന്ദർശകരിൽ നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.വനമേഖലയായി മാറിയിട്ട് ദശാബ്ദങ്ങൾ പിന്നിട്ടെങ്കിലും ഇവിടം വന്യമൃഗങ്ങൾ താവാളമാക്കിയിട്ടല്ല എന്നാണ് ഇതുവരെയുള്ള നിരീക്ഷണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.
കൃഷ്ണാവതാരവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന പ്രധാന ഐതീഹ്യം.വനദുർഗ്ഗയാണ് ഇവിടുത്തെ പ്രതിഷ്ഠ. പൂജകാര്യങ്ങളിലും ഇവിടെ സവിശേഷതകളുണ്ട്. പുജയ്ക്ക് ചന്ദനത്തിരിയും സുഗന്ധ പുഷ്പങ്ങളും നിഷിദ്ധമാണ്. ചെത്തി,തുളസി, താമര തുടങ്ങിയ പുഷ്പങ്ങൾ മാത്രമാണ് ഇവിടെ പൂജയ്ക്കെടുക്കുന്നത്. സുഗന്ധ പുഷ്പങ്ങൾ ചൂടി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.അഭിഷേകത്തിന് പച്ചവെള്ളം മാത്രമാണ് ഉപയോഗിക്കുക.
ആചാര-അനുഷ്ടാനങ്ങളിലും സവിശേഷതകളുണ്ട്. പിടിയാനയാണ് ഇവിടുത്തെ എഴുന്നള്ളിപ്പിനായി എത്തിക്കുന്നത്. ഇവിടെ ഉപദേവ പ്രതിഷ്ഠയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. നവരാത്രി ഉത്സവമാണ് പ്രധാന ആഘോഷം.
ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്നിരുന്ന സംഗീതോത്സവത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തിട്ടുണ്ട്. കുട്ടികളെ എഴുത്തിനിരുത്തും നടന്നിരുന്നു.ക്ഷേത്രകലകൾക്കും മേളങ്ങൾക്കുമാണ് പ്രാധാന്യം.
മറുനാടന് മലയാളി ലേഖകന്.