തിരുവനന്തപുരം: തന്റെ മാതാപിതാക്കളെ ആക്രമിച്ച ഗുണ്ടകൾക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് പറഞ്ഞു പ്രധാനമന്ത്രിക്ക് പരാതി നൽകിയ പതിമൂന്നുകാരിയുടെ പിതാവ് സുജിത്ത് കൃഷ്ണ ഗജഫ്രോഡ് എന്ന നിഗമനത്തിൽ പേട്ട പൊലീസ്. അന്വേഷണത്തിൽ കേസുകളുടെ ബാഹുല്യം തെളിഞ്ഞതോടെയാണ് ഇന്നലെ സുജിത് കൃഷ്ണയെയും ഭാര്യ സിതാരയെയും പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്നുകാരിയുടെ അമ്മ സിതാരയ്ക്ക് എതിരെ കേസുകൾ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്. അടുത്തെങ്ങും പുറത്തെത്താൻ കഴിയാത്ത വിധം കേസുകൾ ഇവർക്ക് എതിരെയുണ്ട് എന്നാണ് പൊലീസിനു അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞത്. ഇവരുടെ അറസ്റ്റ് അറിഞ്ഞതോടെ പേട്ട പൊലീസ് സ്റ്റേഷനിലെ ഫോണുകൾക്ക് വിശ്രമമുണ്ടായില്ല. അന്വേഷണ ഉദ്യോഗസ്ഥരായ പേട്ട സിഐയെയും എസ്‌ഐയും തിരക്കി ഒട്ടു വളരെ കോളുകൾ ആണ് വന്നത്. .

റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, പണം പിടുങ്ങൽ, മർദ്ദന കഥകളാണ് ഇവർക്ക് എതിരെ പലരും നിരത്തിയത്. പലിശക്ക് കടം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 17 കേസിൽ പ്രതിയാണ് സുജിത്ത് കൃഷ്ണ. സിതാരക്കെതിരെയും കേസുള്ളതായി പൊലീസ് പറയുന്നുസമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ വരെ ഇവരുടെ തട്ടിപ്പിന് ഇരയായെന്നു പൊലീസിനു മനസിലാവുകയും ചെയ്തു. ഗുണ്ടയായ ശങ്കർ മോഹനെ വാഹനം ഇടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന ശങ്കറിന്റെ അമ്മയുടെ പരാതിയിലാണ് സുജിത്ത് കൃഷ്ണനും ഭാര്യ സിതാരയും അറസ്റ്റിലായത്. ഇവർ നടത്തിയ വധശ്രമം മറച്ചുവെക്കാനാണ് മകളെ മുൻനിർത്തി വ്യാജപരാതി ചമച്ചതെന്നാണ് പൊലീസ് പറയുന്നത്.

ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വത്തുക്കൾ ഒപ്പിട്ട് വാങ്ങിയെന്ന പരാതിയിൽ സുജിത്തിന്റെ വീട്ടിൽ കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഈ പരാതിക്ക് പിന്നിൽ തന്റെ ഡ്രൈവറും കൂട്ടാളിയുമായിരുന്ന ശങ്കർ മോഹനാണെന്ന ധാരണയിലാണ് വധശ്രമത്തിന് പദ്ധതി തയ്യാറാക്കിയത്. ശങ്കർമോഹനെ ചർച്ചക്കാണെന്ന പേരിൽ പേട്ട ഗുരുമന്ദിരത്തിന് സമീപം വിളിച്ച് വരുത്തി വാഹനം ഇടിപ്പിച്ച് അപകടപ്പെടുത്താൻ സുജിത്തും സിതാരയും ശ്രമിച്ചു. ശങ്കറും മറ്റ് സുഹൃത്തുക്കളും ഇവരെ പിന്തുടർന്നതോടെ ഇരുവരും പേട്ട സ്റ്റേഷനിൽ ഓടികയറി. അവിടെ വച്ചാണ് ഇവർ തമ്മിൽ പിടിവലി നടക്കുന്നത്. പതിമൂന്നുകാരി പ്രധാനമന്ത്രിക്ക് നൽകിയ പരാതിയും തന്നെ വിവാഹം കഴിച്ചു നൽകാൻ പിതാവിന് ഗുണ്ട ശങ്കർ നൽകിയ ഫോൺ റെക്കോർഡും ആധാരമാക്കി കഴിഞ്ഞ ദിവസം മറുനാടൻ വാർത്ത നൽകിയിരുന്നു.

പതിമൂന്നുകാരിയുടെ പരാതിയെ കുറിച്ച് അറിഞ്ഞു വിളിച്ചപ്പോൾ ത്രില്ലർ സിനിമയെ വെല്ലുന്ന ജീവിതാനുഭവങ്ങൾ നിറഞ്ഞ കഥയാണ് സുജിത്ത് കൃഷ്ണൻ മറുനാടന് മുന്നിൽ നിരത്തിയത്. ഇരുപത് ലക്ഷത്തോളം രൂപ മുടക്കി ഹിലൂർ മുഹമ്മദ് എന്നയാളിൽ നിന്നും ബെൻസ് വാങ്ങി തട്ടിപ്പിൽ കുരുങ്ങിയതോടെയാണ് സുജിത്ത് ആദ്യമായി ജയിലിൽ ആകുന്നത്. തട്ടിപ്പ് മനസിലാക്കി പൊലീസിൽ പരാതി നൽകും എന്ന് പറഞ്ഞപ്പോൾ തന്റെ സ്വന്തം ജാഗ്വാർ ഇയാൾ സുജിത്തിന് നൽകി. സുജിത്തിന്റെയും ഡ്രൈവർ ശങ്കറിന്റെയും പേരിൽ വ്യാജ പരാതി നൽകി. ഈ പരാതിയുടെ പുറത്ത് സുജിത്തും ഡ്രൈവർ ശങ്കറും ജയിലിയായി. ഈ കഥ ശരിയായിരുന്നുവെന്ന് പൊലീസ് മറുനാടനോട് വ്യക്തമാക്കിയിരുന്നു.

ഇതേ ശങ്കർ ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഗുണ്ടയായി മാറി. ഇതേ ശങ്കറാണ് പതിമൂന്നു വയസുള്ള സുജിത്തിന്റെ മകളെ വിവാഹം കഴിച്ചു നൽകാൻ ആവശ്യപ്പെട്ടു സുജിത്തിന് ഫോൺ സന്ദേശം നൽകിയത്. ഇതേ ശങ്കറിനെ തന്നെയാണ് കാറിടിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് സുജിത്തും സിതാരയും അഴികൾക്കുള്ളിലേക്ക് നീങ്ങിയതും. ശങ്കറും സുജിത്തും തമ്മിലുള്ള ശത്രുതയും ശങ്കർ സുജിത്തിന്റെ മകളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടുവെന്ന ഓഡിയോ സന്ദേശവും ആണ് മറുനാടൻ വാർത്തയാക്കിയത്.

ശങ്കറിനെ കാറിടിച്ച് കൊല്ലാൻ സുജിത്തും ഭാര്യയും ശ്രമിച്ചുവെന്ന ശങ്കറിന്റെ അമ്മയുടെ പരാതിയിലാണ് സുജിത്തും സിതാരയും അറസ്റ്റിലായത്. ഈ പരാതി വ്യാജമെന്ന് പൊലീസ് ആദ്യം കരുതിയെങ്കിലും അന്വേഷിച്ചു പോയപ്പോൾ സത്യം ഉണ്ടെന്നു മനസിലാക്കിയാണ് ഇവരെ അറസ്റ്റിലായത്. പേട്ട പൊലീസ് സ്റ്റേഷനിൽ വെച്ച് ഗുണ്ടകളും ഏവരും തമ്മിൽ നേർക്ക് നേർ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് പുറത്തിറങ്ങി വന്ന പൊലീസിനു കാണാൻ കഴിഞ്ഞത്. അതിൽ തന്നെ പൊലീസ് വശപ്പിശക് മണത്തിരുന്നു.

 

പക്ഷെ മറുനാടൻ വാർത്ത നൽകിയപ്പോൾ ഇവർക്ക് എതിരെ പെട്ട പൊലീസ് സ്റ്റേഷനിൽ പരാതികളുടെ ബഹളം തന്നെ വന്നു. അവഗണിക്കാൻ കഴിയാത്ത വ്യക്തിത്വങ്ങളാണ് സുജിത്തിനും സിതാരയ്ക്കും എതിരെ പരാതിയുമായി വിളിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശങ്കറും സിതാരയും നടത്തിയ റിയൽ എസ്റ്റേറ്റ് തട്ടിപ്പും പണം പിടുങ്ങൽ കഥകളും പൊലീസിനു മനസിലായത്. ശങ്കറിന്റെ അമ്മ നൽകിയ പരാതിയിൽ വാസ്തവമുണ്ടെന്നു പൊലീസിനു മനസിലാക്കാനും കഴിഞ്ഞു. ഇതോടെയാണ് ഇവരും അറസ്റ്റിലേക്ക് ആയത്.

ഗുണ്ടാനിയമ പ്രകാരം ശങ്കർ അറസ്റ്റിലാണ്. ഇയാളുടെ പേരിൽ കാപ്പ ചുമത്തപ്പെട്ടിട്ടുണ്ട്. ശങ്കർ റിമാന്റിൽ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ശങ്കറിന്റെ അമ്മ, മകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് കമ്മീഷണർക്ക് പരാതി നൽകിയത്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഗുണ്ടാസംഘങ്ങളെ പൊലീസ് സഹായിക്കുന്നുവെന്ന പരാതിയുമായി സുജിത്തിന്റെയും സിതാരയുടെയും മകൾ രംഗത്തെത്തി. പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതിയും അയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വധശ്രമം മറനീക്കി പുറത്തുവന്നത്. ഇത് തന്നെയാണ് അറസ്റ്റിനു വഴിവെച്ചതും. ശങ്കറിനെ കൊല്ലാൻ താൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കി സുജിത്ത് പ്രചരിപ്പിച്ച ശബ്ദ സന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. തന്റെ മാതാപിതാക്കളെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് മകളും ഗുണ്ടകൾക്കെതിരെ തെളിവ് നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് സുജിത്തും സിതാരയും ആരോപിച്ചിട്ടുമുണ്ട്.