- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്ത്യയുടെ വിധി ഇപ്പോൾ ന്യൂസീലൻഡിന്റെ കൈകളിൽ; കിവീസ് അഫ്ഗാനോടു തോറ്റ് ഇന്ത്യ സെമിയിലെത്തിയാൽ പ്രശ്‌നമാകും; പാക്കിസ്ഥാൻകാർക്ക് ഒരു പ്രത്യേക വൈകാരികതയുണ്ട്'; മുന്നറിയിപ്പുമായി അക്തർ
കറാച്ചി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ന്യൂസിലൻഡ് - അഫ്ഗാനിസ്ഥാൻ മത്സര ഫലത്തെ ആശ്രയിച്ചിരിക്കെ ന്യൂസീലൻഡ് തോറ്റാൽ അതേക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങളുയരുമെന്ന് പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. അടുത്ത മത്സരത്തിൽ ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനോടു തോറ്റ് ഇന്ത്യയുടെ സെമി പ്രവേശനം യാഥാർഥ്യമായാൽ അത് വലിയ പ്രശ്‌നമാകുമെന്നാണ് അക്തർ മുന്നറിയിപ്പ് നൽകുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ന്യൂസീലൻഡിന്റെ കാര്യത്തിൽ പാക്കിസ്ഥാൻകാർ വൈകാരികമായി പ്രതികരിക്കാൻ സാധ്യത കൂടുതലാണെന്നും അക്തർ മുന്നറിയിപ്പു നൽകി. ഇന്ത്യയ്ക്ക് സെമിയിൽ കടക്കണമെങ്കിൽ അടുത്ത മത്സരത്തിൽ അഫ്ഗാൻ ന്യൂസീലൻഡിനെ അട്ടിമറിച്ചേ തീരൂ. ഈ സാഹചര്യത്തിലാണ് അക്തറിന്റെ പരാമർശം.
'ഇന്ത്യയുടെ വിധി ഇപ്പോൾ ന്യൂസീലൻഡിന്റെ കൈകളിലാണ്. പക്ഷേ, ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനോടു തോറ്റാൽ ചോദ്യങ്ങളുയരുമെന്ന് തീർച്ചയാണ്. അങ്ങനെ സംഭവിച്ചാൽ അതാകും പിന്നെ പ്രധാന ചർച്ചാവിഷയം. ഇക്കാര്യത്തിൽ വിവാദങ്ങൾക്കൊന്നും ഞാനില്ല. പക്ഷേ, ന്യൂസീലൻഡിന്റെ കാര്യത്തിൽ നിലവിൽ പാക്കിസ്ഥാൻകാർക്ക് ഒരു പ്രത്യേക വൈകാരികതയുണ്ടെന്ന് മുന്നറിയിപ്പു നൽകുന്നു' അക്തർ പറഞ്ഞു.
'അഫ്ഗാനിസ്ഥാനേക്കാൾ എന്തുകൊണ്ടും മികച്ച ടീമാണ് ന്യൂസീലൻഡ്. അവരെങ്ങാനും അഫ്ഗാനോടു തോറ്റാൽ അതു വലിയ പ്രശ്‌നമാകും. സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം തണുപ്പിക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. അക്കാര്യം നാം കണക്കിലെടുത്തേ മതിയാകൂ' അക്തർ പറഞ്ഞു.
അതേസമയം, ഇന്ത്യ ഫൈനലിലെത്തണമെന്നാണ് വ്യക്തിപരമായി തന്റെ ആഗ്രഹമെന്ന് അക്തർ പറഞ്ഞു. 'വ്യക്തിപരമായി ഇന്ത്യ ഫൈനലിൽ കടക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. അവിടെവച്ച് പാക്കിസ്ഥാന് ഒരിക്കൽക്കൂടി ഇന്ത്യയെ തോൽപ്പിക്കാൻ അവസരം ലഭിക്കുമല്ലോ. അത് നല്ലൊരു മത്സരമായിരിക്കുമെന്ന് തീർച്ചയാണ്. ലോകകപ്പിന്റെ ആവേശം കൂട്ടാനും അത് ഉപകരിക്കും' അക്തർ തന്റെ യുട്യൂബ് ചാനലിൽ പോസറ്റ് ചെയ്ത വിഡിയോയിൽ ചൂണ്ടിക്കാട്ടി.
ലോകകപ്പിന് തൊട്ടുമുമ്പ് സുരക്ഷ പ്രശ്‌നം ഉയർത്തി പാക്കിസ്ഥാൻ പര്യടനം റദ്ദാക്കി ന്യൂസിലൻഡ് നാട്ടിലേക്ക് മടങ്ങിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അക്തർ പാക്കിസ്ഥാൻ ആരാധകർ ഉയർത്തിയേക്കാവുന്ന വിവാദങ്ങൾ ചൂണ്ടിക്കാട്ടിയത്.
ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പാക്കിസ്ഥാനോടും ന്യൂസീലൻഡിനോടും തോറ്റെങ്കിലും, ഇന്ത്യയുടെ സാധ്യതകൾ അസ്തമിച്ചുവെന്ന് കരുതുന്നത് ശരിയല്ലെന്ന് അക്തർ പറഞ്ഞു. 'ഇന്ത്യയെ ഇത്ര നേരത്തേ എഴുതിത്ത്തള്ളരുതെന്ന് ഞാൻ എല്ലാവർക്കും മുന്നറിയിപ്പു നൽകിയിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ തോറ്റെങ്കിലും ഇന്ത്യയുടെ കിരീട പ്രതീക്ഷ അസ്തമിച്ചിട്ടില്ല.' അക്തർ പറഞ്ഞു.
'ചുറ്റിലും നടക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കരുതെന്നാണ് എനിക്ക് പാക്കിസ്ഥാൻ ടീമിനോടു പറയാനുള്ളത്. സ്‌കോട്ലൻഡിനെയും തോൽപ്പിച്ച് ഗ്രൂപ്പ് ഘട്ടം ഒന്നാം സ്ഥാനത്തോടെ പൂർത്തിയാക്കാനാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്' അക്തർ പറഞ്ഞു.
'പക്ഷേ എന്റെ മനസ്സിലൊരു കാര്യമുണ്ട്. ഈ ലോകകപ്പിൽത്തന്നെ ഇന്ത്യപാക്കിസ്ഥാൻ പോരാട്ടം ഒരിക്കൽക്കൂടി നടന്നാലോ? ഫൈനലിൽത്തന്നെ ഇരു ടീമുകളും ഒരിക്കൽക്കൂടി നേർക്കുനേർ വന്നാലോ? അത് ഇപ്പോഴും അസംഭവ്യമല്ല. ആദ്യ രണ്ടു മത്സരങ്ങളിൽ തോറ്റപ്പോൾ ഇന്ത്യ ഒരു തകർന്ന ടീമിനേപ്പോലെയാണ് കാണപ്പെട്ടത്. പക്ഷേ, ലോകകപ്പ് സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ശക്തമായിത്തന്നെ അവർ തിരിച്ചുവന്നു. ഇപ്പോഴും അവർക്ക് സാധ്യതയുണ്ട്' അക്തർ ചൂണ്ടിക്കാട്ടി.
സ്പോർട്സ് ഡെസ്ക്