മടിക്കേരി: കുടകിൽ മലയാളികൾ ഭീതിയിൽ. നാളെ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മുതൽ 11 ാം തീയ്യതി വൈകീട്ട് 6 മണിവരെ കുടകിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കയാണ്. കുടക് ജില്ലയിലെ വീരാജ്പേട്ട, മടിക്കേരി, സോമവാർപേട്ട, താലൂക്കുകളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. ഇവിടെ ഘോഷയാത്രകൾ, റാലികൾ, മുദ്രാവാക്യം വിളികൾ എന്നിവയും ആയുധങ്ങൾ കൈവശം വെച്ച് നടക്കുന്നതും നിരോധിച്ചിരിക്കയാണ്. 2015 ൽ മടിക്കേരിയിൽ ടിപ്പു ജയന്തിയോടനുബന്ധിച്ച് നടന്ന കലാപത്തിൽ മലയാളികളുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കരിങ്കൊടി പ്രകടനവും കല്ലേറും നടന്നിരുന്നു. 

കുടകിലെ നഗരസഭകളിൽ നടന്ന തെരഞ്ഞെടുപ്പിലും കർണ്ണാടകത്തിലെ ലോകസഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ബിജെപി. ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. അതിന്റെ മറവിൽ ആരെങ്കിലും അക്രമം കാട്ടുമോ എന്ന സംശയം പൊലീസിനുണ്ട്. മലയാളികൾ ഏറ്റവും അധികം കഴിയുന്ന മേഖലയാണ് കുടക്. തോട്ടമുടമകളും കച്ചവടക്കാരും തൊഴിലാളികളും അതിന് പുറമേ മെഡിക്കൽ കോളേജ്, ടെക്നിക്കൽ കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കുടകിലുണ്ട്. പലരും ഇന്നലെയോടെ നാട്ടിലെത്തിയിട്ടുണ്ട്. ഇന്നും നാളേയും കഴിഞ്ഞേ അവർ മടങ്ങുകയുള്ളൂ. അതുപോലെ തന്നെ കുടകിൽ കഴിയുന്നവർ നാളെ വീട്ടിന് പുറത്ത് പോകില്ല. കടകളും തോട്ടമുള്ളവരും കടകളടച്ചും തോട്ടത്തിൽ പോകാതേയും കഴിയും. ഇന്ന് വൈകീട്ടോടെ മലയാളികൾ പുറത്തേക്കിറങ്ങില്ല. ടിപ്പു ജയന്തി ആഘോഷത്തിന്റെ മറവിൽ മലയാളി വിരോധവും മുസ്ലിം വിരോധവും ആളിപ്പടരാതിരിക്കാൻ കർണാടക സർക്കാർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സർക്കാർ ചടങ്ങുകളോ വിവാഹമോ അല്ലാതെ മറ്റൊരു സ്വകാര്യ ചടങ്ങിനും അനുവാദമില്ല.

ടിപ്പു സുൽത്താനെക്കുറിച്ചുള്ള യഥാർത്ഥ ചരിത്ര വസ്തുതകൾ പോലും വിസമരിക്കപ്പെടുകയാണ്. കർണാടകത്തിലെ ചിക്ക് മാഗ്ളൂർ ജില്ലയിലുള്ള ശ്രിംഗേരി ശാരാദാ പീഠത്തിൽ നിന്നും മറുനാടൻ ശേഖരിച്ച വിവരങ്ങൾ ഇങ്ങിനെ. ശ്രിംഗേരി മഠം ദക്ഷിണ ഭാരതത്തിലെ ഹൈന്ദവരുടെ ആത്മീയ തലസ്ഥാനമാണ്. ആദി ശങ്കരൻ സ്ഥാപിച്ചതും 12 വർഷക്കാലം അദ്ദേഹം ഇവിടെ താമസിക്കുകയും ചെയ്തതുകൊണ്ടു തന്നെ ഈ മഠം ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിലും ഔന്നത്വത്തിൽ നിൽക്കുന്നു. ബ്രഹ്മ വിദ്യയുടെ അധിദേവതയായ ശാരദാ ദേവിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. മാത്രമല്ല ഒരു ശ്രീ ചക്രം സ്വയം വരച്ച് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ നാല് പ്രധാന നാല് ശിഷ്യന്മാരിലൊരാളായ സുരേശ്വരാചാര്യരെ പിൻഗാമിയായ ഈ പീഠത്തിൽ നിയോഗിക്കുകയും ചെയ്തു. അക്കാലം തൊട്ടു തന്നെ ശ്രിംഗേരി മഠം ദക്ഷിണേന്ത്യയിലെ പ്രധാന ആത്മീയ കേന്ദ്രങ്ങളായി അറിയപ്പെട്ടു.

ഹൈന്ദവ രാജാക്കന്മാരെ പോലെ തന്നെ ശ്രിംഗേരി മഠത്തോടും മഠാധിപതിയോടും മൈസൂർ സുൽത്താന്മാരായ ഹൈദരാലിയും, ടിപ്പു സുൽത്താനും ആദരവ് പ്രകടിപ്പിച്ചിരുന്നു. അഭിനവ സച്ചിതാനന്ദ ഭാരതി ആചാര്യർ വാഴുന്ന 1741, 1767 കാലത്ത് ആചാര്യരുടെ പൂനാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ യാത്രക്കായി ആന, അഞ്ച് കുതിരകൾ, ഒരു പ്ലക്ക്, അഞ്ച് ഒട്ടകങ്ങൾ, പട്ട് വസ്ത്രങ്ങൾ, കമ്പിളികൾ എന്നിവയും യാത്രാ ചെലവിനായി 10,500 രുപയും ഹൈദരാലി അയച്ചു കൊടുത്തതായി ശ്രിംഗേരിയിലെ രേഖകളിൽ പറയുന്നു. ഹൈദരാലി എഴുതിയ കത്തിൽ ഇങ്ങിനെ പറയുന്നു. ' താങ്കൾ വലിയ മഹാനാണ്. താങ്കളെ നമസ്‌ക്കരിച്ച് അനുഗ്രഹം വാങ്ങാൻ എല്ലാവരും ഇച്ചിക്കുന്നതായും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ആചാര്യരുടെ യാത്രക്ക് 10,500 രൂപയും നൽകിയതായി പറയുന്നു. '

1777 ൽ നൈസാമിന്റെ അക്രമം കാരണം അന്നത്തെ ആചാര്യരായ ആറാം നൃസിംഹ ഭാരതി നാസിക്കിൽ കഴിച്ചു കൂട്ടുകയായിരുന്നു. അക്കലാത്ത് ശ്രിംഗേരി മഠത്തിന്റെ സംരക്ഷണം ഹൈദരാലി ഏറ്റെടുക്കുകയായിരുന്നു. 1750 ൽ ഹൈദരാലി അയച്ച സർക്കാർ ഉത്തരവിൽ തന്റെ ഉദ്യോഗസ്ഥർ ശ്രിംഗേരി മഠത്തിലേക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യണമെന്നും നിർദേശിക്കുന്നു. ഹൈദരാലിയെ തുടർന്ന് മകൻ ടിപ്പു സുൽത്താനും ശ്രിംഗേരി മഠത്തോട് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയത്. ഹൈന്ദവ രാജാവായ പരശുരാം ഭാവയുടെ സേനാനായകനായ പട്വർദ്ധന്റെ നേതൃത്വത്തിലുള്ള സൈന്യം ശ്രിംഗേരി കൊള്ളയടിക്കുകയും 60 ലക്ഷം രൂപ വിലയുള്ള വസ്തുക്കൾ കവർച്ച ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ ടിപ്പു സുൽത്താൻ അന്നത്തെ ആചാര്യരെ സാന്ത്വനപ്പെടുത്തി കത്തെഴുതി.

നശിപ്പിക്കപ്പെട്ട ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് 400 സ്വർണ്ണനാണയങ്ങൾ ടിപ്പു സുൽത്താൻ അയച്ചു കൊടുക്കുകയും ചെയ്തു. ടിപ്പു സുൽത്താൻ സച്ചിതാനന്ദ ഭാരതി സ്വാമികൾക്കെഴുതിയ കത്തിൽ ' പുണ്യസ്ഥലങ്ങളെ നശിപ്പിക്കുന്ന ദുഷ്ടന്മാർ തീർച്ചയായും അതിന്റെ ഫലങ്ങൾ അനുഭവിക്കും. ചിരിച്ചു കൊണ്ട് പാപം ചെയ്യുന്നവർ തീവ്ര ദുഃഖ:ത്തിന് പാത്രമാവാതിരിക്കില്ല. ഗുരുവിനോട് ചെയ്യുന്ന അപരാധം കുടുംബ നാശവും ധനനാശവും സകല നാശങ്ങളും വിതക്കുമെന്നും എഴുതിയിട്ടുണ്ട്.' മാത്രമല്ല ആചാര്യർക്ക് ഒരു പല്ലക്കും ആനയും വസ്ത്രങ്ങളും കാണിക്കയായി നൽകുകയും ചെയ്തു. 1791 നും 1798 നും ഇടയ്ക്ക് ടിപ്പു സുൽത്താൻ ആചാര്യർക്ക് 29 കത്തുകൾ എഴുതിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കത്തിൽ അദ്ദേഹം ഇങ്ങിനെ എഴുതി. ' ഞാൻ മൂന്ന് ശക്തികളെ വിശ്വസിക്കുന്നു. ഒന്ന് ഈശ്വര കൃപ, രണ്ട് ആചാര്യരുടെ അനുഗ്രഹം, മൂന്ന് എന്റെ ഭുജബലം.' മാത്രമല്ല ശ്രിംഗേരി ആചാര്യരോട് ഒരു ശതചണ്ഡീയ യഞ്ജം നടത്തിതരുവാൻ അപേക്ഷിക്കുന്നുമുണ്ട്. അതിനായി ഒരു പ്രതിനിധിയെ നിയോഗിച്ചതായും പറയുന്നു.

നഗർ നാട്ടിലെ ത്രയംബക റാവുവും കൊപ്പായിലെ അമീൻദാറും ശ്രിംഗേരിയിൽ താമസിച്ച് ആവശ്യമുള്ള പാത്രങ്ങൾ , വസ്ത്രങ്ങൾ മറ്റ് സാധന സാമഗ്രികൾ, എന്നിവ ഏർപ്പാട് ചെയ്തു തരും. എന്നോട് ദയ തോന്നി മേൽപ്പറഞ്ഞ യഞ്ജങ്ങളെല്ലാം യഥാവിധി നിർവ്വഹിച്ചു തരണമേ എന്ന് അങ്ങയെ തല കുനിച്ച് പ്രാർത്ഥിക്കുന്നു. ബ്രാഹ്മണർക്ക് സന്ദർപ്പണം ചെയ്യണം. എന്നും ടിപ്പു സുൽത്താൻ എഴുതിയിട്ടുണ്ട്. യഞ്ജ കർമ്മങ്ങൾക്ക് ശേഷം ടിപ്പു സുൽത്താൻ എഴുതിയ കത്തിൽ യഞ്ജങ്ങൾ കാരണം തനിക്ക് വിജയങ്ങൾ കൈവന്നതായും തന്റെ നാട്ടിൽ ധാരാളം മഴ പെയ്തതായും ധാരാളം വിളവ് വർദ്ധിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു കത്തിൽ ആചാര്യരെപ്പോലെ മഹാത്മാക്കളുള്ള സ്ഥലത്ത് എപ്പോഴും സുഭിക്ഷതയായിരിക്കുമെന്ന് ടിപ്പു സുൽത്താൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആചാര്യർ അന്യ ദിക്കിലേക്ക് പോകുമ്പോൾ ശ്രിംഗേരിയിലെ ഭരണ നിർവ്വഹണത്തിന് തന്റെ ഉദ്യോഗസ്ഥന്മാർ മേൽനോട്ടം വഹിക്കണമെന്ന് കൽപ്പിച്ചിരുന്നു. ടിപ്പുവിന്റെ എല്ലാ കത്തുകളിലും ശ്രിംഗേരി മഠത്തോട് ആചാര്യന്മാരോടുമുള്ള ഭക്തി വിശ്വാസം രേഖപ്പെടുത്തിയിരുന്നു.