- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണ വന്നതു പോലെ സ്വയം പിൻവാങ്ങില്ല; ഹേർഡ് ഇമ്മ്യുണിറ്റി കൈവരിക്കുക എന്നത് നടക്കാത്ത സ്വപ്നം മാത്രം; നിലവിലുള്ള നയപരിപാടികൾ കൊറോണയെ തുരത്താൻ അപര്യാപതം; കൊറോണയെക്കുറിച്ച് ലോകാരോഗ്യ സംഘടന നൽകുന്നത് ഭയപ്പെടുത്തുന്ന മുന്നറിയിപ്പ്
വലിയൊരു വിഭാഗം ജനങ്ങൾക്ക് ഒരു രോഗം വന്നാൽ സ്വാഭാവികമായും അതിനെതിരെ ഒരു പ്രതിരോധ ശക്തി ഉണ്ടാകും. ഹേർഡ് ഇമ്മ്യുണിറ്റി എന്നറിയപ്പെടുന്ന ഇതുകൊറോണക്കെതിരെ കൈവരിക്കാൻ അടുത്തൊന്നും സാധ്യമല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ എമർജൻസി പ്രോഗാമിന്റെ ചുമതലയുള്ള ഐറിഷ് പകർച്ചവ്യാധി വിദഗ്ദൻ ഡോ, മിഖായേൽ റിയാൻ പറയുന്നത് ഹേർഡ് ഇമ്മ്യുണിറ്റി കൈവരിച്ച് കോവിഡിനെ തുരത്താമെന്ന സിദ്ധാന്തത്തിൽ വിശ്വാസം വേണ്ടെന്നാണ്.
ഹേർഡ് ഇമ്മ്യുണിറ്റി കൈവരിക്കണമെങ്കിൽ ചുരുങ്ങിയത് ജനസംഖ്യയുടെ 70 ശതമാനത്തിനെങ്കിലും രോഗബാധ ഉണ്ടാകണം എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. രോഗബാധ ഉണ്ടായാൽ മാത്രം പോര രോഗമുക്തിയും നേടണം. എങ്കിൽ മാത്രമേ ഹേർഡ് ഇമ്മ്യുണിറ്റി കൈവരിക്കാൻ കഴിയൂ. കൂടുതൽ ശുഭാപ്തി വിശ്വാസക്കാരായ ശാസ്ത്രജ്ഞർ പറയുന്നത്, 40 ശതമാനം ആളുകളിൽ കോവിഡ് 19 ന് എതിരായ ആന്റിബോഡിയുണ്ടെങ്കിൽ ഇത് കൈവരിക്കാൻ കഴിയുമെന്നാണ്.
എന്നാൽ പഠനങ്ങൾ തെളിയിക്കുന്നത്, കോവിഡ് താണ്ഡവമാടിയ ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ കേവലം 10 മുത 20 ശതമാനം പേർക്ക് മാത്രമാണ് രോഗത്തെ പ്രതിരോധിക്കുവാനുള്ള പ്രോട്ടീൻ ഉള്ളത് എന്നാണ്. ജനീവയിൽ, ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് റിയാൻ, ഹേർഡ് ഇമ്മ്യുണിറ്റി കൈവരിച്ച് കൊറോണയെ തുരത്താം എന്ന ആശയത്തെ തള്ളിക്കളഞ്ഞത്.
ഈ അവസ്ഥ കൈവരിക്കേണ്ടതിന് അടുത്തുപോലും ലോകം എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഹേർഡ് ഇമ്മ്യുണിറ്റയോരു പരിഹാരമായി കാണാനാവില്ല, അദ്ദേഹം പറയുന്നു. മഹാവ്യാധിയുടെ ആദ്യ നാളുകളിൽ, ഹേർഡ് ഇമ്മ്യുണിറ്റി ഒരു നയമായി എടുത്ത രാജ്യങ്ങളിൽ ഒന്നായിരുന്നു ബ്രിട്ടൻ. അതിന് സർക്കാർ ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നു. അതേസമയം, സ്വീഡൻ ഒരുപടി കൂടി കടന്ന്, ഈ നയം പ്രായോഗികമാക്കുവാൻ ലോക്ക്ഡൗൺ തന്നെ ഒഴിവാക്കി.
പ്രതിരോധ കുത്തിവയ്പ് ഇല്ലാതെയിരിക്കുകയും, മരണ സാദ്ധ്യത ഒഴിവാക്കുവാൻ തെളിയിക്കപ്പെട്ട ഒരു മരുന്ന് മാത്രം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഏതെങ്കിലും രാജ്യം ഈ നയം സ്വീകരിച്ചാൽ ലക്ഷങ്ങളായിരിക്കും മരണമടയുക. സാധാരണ ഗതിയിൽ കോവിഡിന്റെ മരണനിരക്ക് 0.6% ആണെങ്കിലും, അത് വൃദ്ധരിൽ കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ മഹാവ്യാധിയുടെ വ്യാപ്തി ഇനിയും കൃത്യമായി അളന്നിട്ടില്ല എന്നതാണ്. പലയിടങ്ങളിലും രോഗം അതിന്റെ മൂർദ്ധന്യ ഘട്ടത്തിൽ ആയിരുന്ന സമയത്ത്പോലും എല്ലാവരെയും പരിശോധനക്ക് വിധേയമാക്കിയില്ലായിരുന്നു. പരിശോധനാ സംവിധാനങ്ങളുടെ കുറവും, പലർക്കും രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതും ഇതിന് കാരണമായി. അതുകൊണ്ട് തന്നെ, രക്ത പരിശോധനയിലൂടെ എത്രപേരിൽ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികൾ ഉണ്ട് എന്ന് പരിശോധിക്കുന്നതായിരിക്കും എത്രപേർക്ക് രോഗബാധ ഉണ്ടായി എന്നുള്ളതിന്റെ കുറേക്കൂടി കൃത്യമായ കണക്ക് ലഭിക്കാൻ ഏറ്റവും ഉത്തമം.
എന്നാൽ, പല ശാസ്ത്രജ്ഞരും പറയുന്നത്, രോഗ വിമുക്തി നേടി മൂന്ന് മാസം കഴിയുമ്പോഴേക്കും ഈ ആന്റിബോഡികൾ ഇല്ലാതെയാകാൻ തുടങ്ങും എന്നാണ്. അതായത്, ഈ മാർഗ്ഗവും, ലോകത്ത് എത്രപേർക്ക് രോഗബാധയുണ്ടായി എന്നറിയുവാൻ പൂർണ്ണമായും സഹായിക്കില്ല എന്നർത്ഥം. എങ്കിലും ഇതുവരെ നടത്തിയിട്ടുള്ള ആന്റിബോഡി പരിശോധനകളുടെ വെളിച്ചത്തിൽ, ലോകത്ത് ഒരു രാജ്യത്തിനും ഹേർഡ് ഇമ്മ്യുണിറ്റി കൈവരിക്കാൻ സാധിച്ചതായി കണ്ടെത്തിയിട്ടില്ല. എന്നാൽ, രോഗം അതിശക്തമായി പടർന്ന ചില മേഖലകളിൽ ചെറിയൊരു തോതിൽ സംരക്ഷണം ലഭിച്ചതായി കണ്ടെത്തിയിട്ടുമുണ്ട്.
വളരെ സജീവമായ സാമൂഹിക ഇടപെടലുകൾ നടത്തുന്നവരിൽ, ഇത്തരത്തിലുള്ള പ്രതിരോധ ശേഷി വളർന്നിട്ടുണ്ടാകാം. അതായത്, അത്യാവശ്യ സേവന വിഭാഗത്തിൽ ജോലി ചെയ്യുന്നവർ, കൂട്ടുകുടുംബങ്ങളിൽ താമസിക്കുന്നവർ, അതുപോലെ, രോഗ ബാധയുടെ ആദ്യ നാളുകളിൽ, ധാരാളം സമയം വീടിന് വെളിയിൽ ചെലവഴിച്ചവർ തുടങ്ങിയവർക്ക് രോഗബാധ ഉണ്ടാവുകയും, രോഗ പ്രതിരോധ ശേഷി കൈവരിക്കുകയും ചെയ്തിട്ടുണ്ടാകാം.
പക്ഷെ ഈ വിഭാഗം സമൂഹത്തിന് മുഴുവനുമായി സംരക്ഷണം നൽകാൻ ഉതകുന്ന വിധത്തിൽ ഒരു ഹേർഡ് ഇമ്മ്യുണിറ്റിക്ക് കാരണമാകുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ