ആലപ്പുഴ: രജിസ്‌ട്രേഷൻ വകുപ്പിൽ ശുദ്ധികലശത്തിന് ഇറങ്ങിയ മന്ത്രി ജി. സുധാകരൻ വക ഇത്തവണ എട്ടിന്റെ പണി കിട്ടിയത് സ്വന്തം ജില്ലയിലെ തന്നെ ഉദ്യോഗസ്ഥന്. വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ വധു വരന്മാരെ പല തവണ വട്ടം ചുറ്റിച്ച ഉദ്യോഗസ്ഥനാണ് മന്ത്രിയുടെ വക എട്ടിന്റെ പണി കിട്ടിയത്. ആലപ്പുഴയിലെ സബ് രജിസ്റ്റ്രാർ ഓഫിസിലെ സെക്ഷൻ ക്ലാർക്ക് ഷാജിയാണ് പണി ചോദിച്ച് മേടിച്ചത്. വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ വധു വരന്മാരെ പലവട്ടം മടക്കി അയച്ച ഷാജിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മന്ത്രിയുടെ സമൂഹമാധ്യമ പേജിൽ കൂടിയാണ് ഇക്കാര്യം അറിയിച്ചത്.

പരാതി ലഭിച്ച് 24 മണിക്കൂറിനകം നടപടിയുണ്ടായതായി മന്ത്രി അറിയിച്ചു. ഇടനിലക്കാർ വഴിയല്ലാതെ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ വധൂവരന്മാർക്കും സാക്ഷികൾക്കുമാണ് ക്ലർക്കിന്റെ പെരുമാറ്റ ദൂഷ്യം കാരണം ദുരവസ്ഥ നേരിടേണ്ടി വന്നത്. ആലപ്പുഴ ബാറിലെ അഭിഭാഷകരായ ജീവൻ, റെയ്‌നി എം. കുര്യാക്കോസ് എന്നിവർ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയപ്പോഴാണ് ഇവരെ പല കാരണങ്ങൾ പറഞ്ഞ് പല തവണ മടക്കി അയയ്ക്കുകയും വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സം സൃഷ്ടിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തത്.

പലതവണയാണ് വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ വധു വരന്മാരെ ഈ ഉദ്യോഗസ്ഥൻ മനപ്പൂർവ്വം മടക്കി അയച്ചത്. ജൂൺ 22ന് ഓൺലൈനായി ഇവർ മാര്യേജ് ഓഫിസർ മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് അപേക്ഷയുടെ പ്രിന്റും ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ രേഖയുമായി ഓഫിസിലെത്തിയപ്പോൾ ക്ലാർക്ക് അപമര്യാദയായി പെരുമാറിയെന്ന് മന്ത്രിക്കു ലഭിച്ച പരാതിയിൽ പറയുന്നു. പല തവണ ഇവരെ മടക്കി അയയ്ക്കുകയും വരാൻ പറയുന്ന ദിവസങ്ങളിൽ വധു വരന്മാർ എത്തുമ്പോൾ മുങ്ങുകയും ചെയ്യുന്നതായിരുന്നു പതിവ്. നേരിൽ കാണുമ്പോൾ വൈകിയെന്നു പറഞ്ഞ് അപേക്ഷ കൈപ്പറ്റാനും വിസമ്മതിച്ചു.

കഴിഞ്ഞ 23ന് വധൂവരന്മാർ സാക്ഷികൾക്കൊപ്പം 10 മണിക്ക് ഓഫിസിലെത്തിയെങ്കിലും വൈകിട്ടു വരെ നിർത്തി. ഒടുവിൽ റജിസ്‌ട്രേഷൻ നടപടികൾക്കു മുതിരാതെ പറഞ്ഞയച്ചു. പിന്നീടുള്ള തീയതികളിലും സമാനമായി തിരിച്ചയച്ചു. ഒടുവിൽ ഒരു മാസത്തിന് ശേഷം കഴിഞ്ഞ 30-ാം തീയതിയാണ് റജിസ്‌ട്രേഷൻ ചെയ്യാൻ സാധിച്ചത്. വിവാഹശേഷം പല പ്രാവശ്യം വിവാഹ സർട്ടിഫിക്കറ്റ് നൽകാതെയും ഇയാൾ ബുദ്ധിമുട്ടിച്ചതായും പരാതിയുണ്ട്.

സർക്കാർ ഓഫിസുകളിലെ അഴിമതി തടയാൻ തുടർച്ചയായി നടപടികൾ സ്വീകരിക്കുമ്പോഴും ചില ഉദ്യോഗസ്ഥർ വകുപ്പിന്റെ മുന്നേറ്റത്തെ തടയുന്നതിന് കൈക്കൂലി എന്ന സംസ്‌കാരത്തിൽ നിന്ന് പുറത്തു വന്നിട്ടില്ലെന്ന് മന്ത്രി പറയുന്നു. ഇത്തരക്കാർ ഇടതു സർക്കാരിൽ നിന്ന് യാതൊരു ദയയും പ്രതീക്ഷിക്കേണ്ടതില്ലെന്നും സത്യസന്ധതയോടെ ജോലി ചെയ്യുന്നവർക്ക് പൂർണ സംരക്ഷണം നൽകുമെന്നും മന്ത്രി പറഞ്ഞു.

മുൻ ഡിസിസി പ്രസിഡന്റും പ്രഭാഷകനുമായ പ്രഫ. ബാലചന്ദ്രന്റെയും പ്രഫ. ഇന്ദിര ബാലചന്ദ്രന്റെയും മകനായ ജീവനും ജീവിതസഖി റെയ്‌നിക്കുമുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി, ഇരുവർക്കും വിവാഹാശംസകൾ നേർന്നു. ഐ.ബി.റാണി ഐപിഎസിന്റെ സഹോദരനാണ് ജീവൻ.