ബ്രിട്ടീഷ പ്രധാനമന്ത്രി സ്‌കോട്ട്ലാൻഡിൽ ഒഴിവുകാലം ചെലവഴിക്കുന്നതിനിടയിൽ ഈ ആഴ്‌ച്ച സ്വതന്ത്ര സ്‌കോട്ട്ലാൻഡിന് വേണ്ടി വാദിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. 2014-ലെ റെഫറാണ്ടത്തിന് നേരെ വിപരീതമായി സ്വതന്ത്ര സ്‌കോട്ട്ലാൻഡിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 55 ശതമാനമായപ്പോൾ എതിർക്കുന്നവരുടെ എണ്ണം 45 ആയി കുറഞ്ഞു. ബോറിസ് ജോൺസൺ, കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വരുത്തിയ വീഴ്‌ച്ചകൾ മുതലാക്കുന്നതിൽ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ വിജയിച്ചുകൊണ്ടിരിക്കുന്നതിനിടയിലണ് ഈ പുതിയ സർവ്വേഫലം പുറത്തു വരുന്നത്.

സ്വതന്ത്ര സ്‌കോട്ട്ലാൻഡ് വാദത്തെ പിന്തുണക്കുന്ന ബിസിനസ്സ് ഫോർ സ്‌കോട്ട്ലാൻഡ് എന്ന സംഘടനയാണ് ഈ പോൾ സംഘടിപ്പിച്ചത്. സ്‌കോട്ടിഷ് ജനതയുടെ ആഗ്രഹത്തിന്റെ നേരായ ചുവരെഴുത്ത് എന്നാണ് സംഘടനയുടെ ചീഫ് എക്സിക്യുട്ടിവ് ഗോർഡോൺ മാക്ലിന്റയർ ഇതിനെ വിശേഷിപ്പിച്ചത്. സർവ്വേയിൽ പങ്കെടുത്ത 51 ശതമാനം പേർ സ്വതന്ത്ര സ്‌കോട്ട്ലാൻഡിനെ പിന്തുണച്ചപ്പോൾ 42 ശതമാനം പേർ മാത്രമാണ് ബ്രിട്ടനിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

7 ശതമാനം പേർക്ക് പ്രത്യേകിച്ചൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. ഈ 7 ശതമാനത്തെ ഒഴിവാക്കിയപ്പോഴാണ് 55 ശതമാനം പേർ സ്വതന്ത്ര സ്‌കോട്ട്ലാൻഡിനെ പിന്തുണച്ചതും 45 ശതമാനം പേർ അതിനെ എതിർത്തതും. 2014-ലെ റെഫറണ്ടത്തിന്റെ നേരെ വിപരീതമായ ഈ ഫലം രാഷ്ട്രീയ വൃത്തങ്ങളിൽ വളരെയധികം ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 2021-ലെ ഹാലിറൂഡ് തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമുയരാൻ പോകുന്ന പുതിയ റെഫറണ്ടത്തിൽ സ്വതന്ത്ര സ്‌കോട്ട്ലാൻഡ് വാദത്തിന് 10% പിന്തുണ കൂടുതൽ ലഭിക്കുമെന്നും സംഘടനയുടെ ചീഫ് എക്സിക്യുട്ടിവ് പറഞ്ഞു.

സ്‌കോട്ട്ലാൻഡിന് സ്വാതന്ത്ര്യം നൽകുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു വോട്ടെടുപ്പിന് സാധ്യതയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയപ്പോൾ സ്‌കോട്ടലൻഡിലെ ജനങ്ങളുടെ ഭാവി തീരുമാനിക്കാൻ അവർക്കുള്ള അവകാശത്തെ ബോറിസ് ജോൺസൺ ഹനിക്കുകയാണെന്നായിരുന്നു എസ് എൻ പി ഉപ നേതാവ് കീത്ത് ബ്രൗൺ പറഞ്ഞത്. കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്തതിൽ ടോറി സർക്കാരിനുണ്ടായ പരാജയം കൂടുതൽ സ്‌കോട്ട്ലാൻഡ്കാരെ സ്വാതന്ത്ര്യ വാദത്തിലേക്ക് അടുപ്പിച്ചിട്ടുണ്ട്.

തുടർച്ചയായ അഭിപ്രായ സർവ്വേകളിൽ സ്വതന്ത്ര സ്‌കോട്ട്ലാൻഡ് വാദത്തിന് 50 ശതമാനത്തിന് മുകളിൽ പിന്തുണ ലഭിക്കുമ്പോൾ അത് തീർച്ചയായും പ്രതിഫലിപ്പിക്കുന്നത് ജനങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു എന്നു തന്നെയാണ് അടുത്ത മേയിൽ നടക്കാനിരിക്കുന്ന ഹോളിറൂഡ് തെരഞ്ഞെടുപ്പിൽ സ്റ്റർജൻ ഉയർത്തുന്ന പ്രധാന ആവശ്യവും ഒരു രണ്ടാം റെഫറണ്ടം വേണമെന്നതായിരിക്കും.

സ്‌കോട്ടിഷ ഗ്രീൻ പാർട്ടിയും ഈ പുതിയ സർവ്വേഫലത്തിൽ ആഹ്ലാദം രേഖപ്പെടുത്തി. ബ്രിട്ടീഷ് സർക്കാർ സ്‌കോട്ടലാൻഡിനോട് കാണിക്കുന്ന അവഗണനയാണ് ജനങ്ങളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് എന്നും പാർട്ടി പറഞ്ഞു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്‌ച്ചയാണ് ബോറിസ് ജോൺസൺ സർക്കാരിനുണ്ടായത്. ഇംഗ്ലണ്ടിൽ സ്ഥിതിഗതികൾ കൈവിട്ടുപോയപ്പോഴും സ്‌കോട്ട്ലാൻഡ് ഒരു പരിധിവരെ പിടിച്ചുനിന്നു.