നിക്കാൻ പോകുന്ന കുട്ടിയുടെ ആരോഗ്യത്തെ കരുതി ഗർഭിണികൾ ചായയും കാപ്പിയും പൂർണ്ണമായും ഒഴിവാക്കണമെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. ഗർഭിണി ആയിരിക്കുമ്പോഴോ ഗർഭധാരണത്തിന് ശ്രമിക്കുന്ന അവസരത്തിലോ ചെറിയ തോതിൽ പോലും കഫൈൻ ശരീരത്തിലേക്ക് പോകരുത് എന്നാണ് ഈ പഠനം നടത്തിയ ഗവേഷകർ പറയുന്നത്. 20 വർഷമായി നടത്തിയ 48 പഠനങ്ങളിൽ തെളിഞ്ഞത് ഒരു ചെറിയ അളവിലുള്ള കഫൈൻ പോലും ഗർഭഛിദ്രത്തിനോ, ചാപിള്ളക്കോ, ജനന സമയത്തുള്ള ഭാരക്കുറവിനോ കാരണമായേക്കാം എന്നാണ്.

ഈ കണ്ടെത്തൽ തികച്ചും ഞെട്ടിക്കുന്നതാണെന്നും, പരിമിതമായ അളവിൽ കഫൈൻ സുരക്ഷിതമാണെന്നുള്ള പഴയ പഠന റിപ്പോർട്ടുകൾക്ക് കടക വിരുദ്ധമാണെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. റോയൽ കോളേജ് ഓഫ് ഒബ്സ്റ്റെട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സിന്റെ അഭിപ്രായപ്രകാരം ഗർഭിണികൾ ഒരു ദിവസം 200 മില്ലിഗ്രാമിൽ കൂടാത്ത -ഉദ്ദേശം രണ്ട് കപ്പ് ചായയോ കാപ്പിയോ- കഫൈൻ കഴിക്കണം എന്നാണ്. ഈ ഉപദേശം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോളേജിലെ ശാസ്ത്രജ്ഞർ പറഞ്ഞു.

അതേസമയം, ഈ പുതിയ പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ജാക്ക് ജെയിംസ് പറയുന്നത് സ്ത്രീകൾ, സുരക്ഷിതമാണെന്ന് കരുതപ്പെടുന്ന അളവിൽ കഫൈൻ ഉപയോഗിക്കുന്നതിനാൽ ലൊകമെമ്പാടുമായി ആയിരക്കണക്കിന് കുഞ്ഞുങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നു എന്നാണ്. ഐസ്ലാൻഡിലെ റെയ്ക്ജവിക് യൂണിവേഴ്സിറ്റിയിലാണ് ഈ പുതിയ പഠനം നടന്നത്. ചെറിയ അളവിലുള്ള കഫൈൻ ഉപയോഗം പോലും ഗർഭഛിദ്രത്തിന് 36 ശതമാനം വരെ സാധ്യതയുണ്ടാക്കുന്നു എന്നാണ് പഠനത്തിൽ വെളിപ്പെട്ടത്. ചാപിള്ളയ്ക്കുള്ള സാധ്യത 19 ശതമാനവും ജനന സമയത്തെ ഭാരക്കുറവിനുള്ള സാധ്യത 51 ശതമാനവും ആണ്. ബാല്യകാലത്തെ ലൂക്കേമിയ, അമിതവണ്ണം എന്നിവയ്ക്കും ഇത് കാരണമായേക്കാം.

ബ്രിട്ടനിലെ ഓരോ ഗർഭിണിയും പ്രതിദിനം 200 മില്ലിഗ്രാം കഫൈൻ വീതം കഴിച്ചാൽ 70,000 കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് പ്രൊഫസർ ജെയിംസ് പറയുന്നത്. ഒട്ടുമിക്ക ഗർഭിണികൾക്കും കഫൈൻ ഉപഭോഗം ഒരു സ്വഭാവമായി മാറിയിട്ടുണ്ട്. കഫൈൻ സാധാരണയായി പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഒരു മണിക്കൂറിനുള്ളിൽ അതിന്റെ ഏറ്റവും വലിയ സാന്ദ്രതയിലെത്തും. രക്തത്തിലെ കഫൈൻ അളവ് പകുതിയാക്കുവാൻ ഏകദേശം അഞ്ച് മണിക്കൂർ സമയമെടുക്കും. അതിനുശേഷം ഈ അളവ് സാവധാനം കുറഞ്ഞുവരും.

എന്നാൽ, ഗർഭകാലത്ത്, ഈ അളവ് കുറയ്ക്കുവാൻ കൂടുതൽ സമയം എടുക്കും എന്നാണ് പ്രൊഫസർ ജെയിംസ് പറയുന്നത്. ഗർഭകാലം 38 ആഴ്‌ച്ചകൾ പിന്നിടുമ്പോഴേക്കും ഈ അളവ് പകുതിയാക്കുവാൻ ഏകദേശം 18 മണിക്കൂർ വേണ്ടി വരും എന്ന് അദ്ദേഹംപറയുന്നു. അതായത്, ഗർഭസ്ഥ ശിശു, ഒരു രാസപദാർത്ഥവുമായി മണിക്കൂറുകൾ സമ്പർക്കത്തിൽ ഏർപ്പെടുന്നു. ഇത് കുട്ടിയുടെ വളർച്ചയിൽ വിപരീതമായ സ്വാധീനമുണ്ടാക്കും. ഹൃദയമിടിപ്പിന്റെ നിരക്ക് വർദ്ധിപ്പിക്കുക, രക്തധമനികളുടെ പ്രവർത്തനക്ഷമത കുറയുക തുടങ്ങിയവയൊക്കെ ഇതിനാൽ സംഭവിക്കാം.

കഫൈൻ കഴിക്കുന്ന അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾ സാധാരണയായി കഫൈൻ സ്വാധീനത്തിൽ നിന്നും മുക്തിനേടുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാറുണ്ട് എന്നാണ് പ്രൊഫസർ ജെയിംസ് പറയുന്നത്. ശരിയായ ഉറക്കമില്ലായ്മ, ശർദ്ദി, തുടങ്ങിയവ അതിന്റെ ചില ലക്ഷണങ്ങളാണ്. എന്നാൽ, മറ്റു ചില പഠനങ്ങൾ-ഒരു പക്ഷെ കൂടുതൽ വിശ്വസനീയമായവ- പറയുന്നത് ഗർഭിണികൾ കഫൈൻ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല എന്നാണെന്ന് ആർ സി ഒ ജിയിലെ ഡോ. ഡാഗിനി രാജൈസിംഗം പറയുന്നു. കഫൈൻ ശരീരത്തിനോ ഗർഭസ്ഥ ശിശുവിനോ ഉണ്ടാക്കാവുന്ന അപകട സാധ്യത തുലോം പരിമിതമാണെന്നും അവർ പറഞ്ഞു.

പഠനത്തിൽ കഫൈൻ മൂലമെന്ന് പറയപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങൾ കഫൈൻ മൂലമേ അല്ലായിരിക്കാം എന്നാണ് പ്രീമിയർ റിസർച്ചിലെ ഡോ. ആഡം ജേക്കബ്സ് പറയുന്നത്. ഗർഭിണികളായ സ്ത്രീകൾ ആരും കഫൈൻ ഉപയോഗിക്കരുതെന്ന വെളീപ്പെടുത്തലിന് തെളിവുകൾ താങ്ങാവുന്നില്ല എന്നാണ് ആസ്ട്രേലിയയിലെ അഡെലെയ്ഡ് യൂണിവേഴ്സിറ്റിയിലെ ഡോ. ല്യുക്ക് ഗ്രെസെസ്‌കോവൈക്കും പറയുന്നത്.

മിതമായ അളവിൽ കഫൈൻ ഗർഭകാലത്ത് അനുവദനീയമാണ് എന്ന് തെളിഞ്ഞ ഒരു പഴയപഠനത്തിലെ വിവരങ്ങൾ വീണ്ടും മൂല്യനിർണ്ണയം ചെയ്യുക മാത്രമാണ് പ്രൊഫസർ ജെയിംസ് ചെയ്തിട്ടുള്ളത് എന്നും വിമർശകർ പറയുന്നു.