നാം ഈ മണ്ണിൽ ജന്മമെടുക്കുന്നതിന് കാരണക്കാരായ പൂർവ്വികരെ കൃതജ്ഞതാപൂർവ്വം ഓർക്കുന്ന ചടങ്ങ് എല്ലാ മതങ്ങളിലും എല്ലാ സംസ്‌കാരങ്ങളിലും ഉണ്ട്. ആണ്ടുബലിയായും ഓർമ്മദിവസമായും ഒക്കെ നാം അത് ആചരിക്കാറുമുണ്ട്. ഇത്തരം ആചാരങ്ങളാണ് കുടുംബ ബന്ധങ്ങളെ ശക്തമായി നിലനിർത്തുന്നതിന് ഒരു പ്രധാന കാരണവും. ഇത്തരത്തിൽ, പൂർവ്വികരെ അനുസ്മരിക്കുന്ന ഒരു വിചിത്രമായ ആചാരമുണ്ട് ഇന്തോനേഷ്യയിൽ. കുഴിമാടങ്ങളിൽ നിന്നും പൂർവ്വികരുടെ അസ്ഥിമാടങ്ങൾ പുറത്തെടുത്ത് അത് വൃത്തിയാക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്ന ചടങ്ങാണിത്.

നോർട്ട് ടോറാജയിലെ പാൻഗളയിലുള്ള ടോർജ്ജ സമുദായത്തിലേതാണ് ഈ ചടങ്ങ്. കുളിപ്പിച്ച് വസ്ത്രം ധാരണം നടത്തിയ പൂർവ്വികരുടെ ഭൗതികാവശിഷ്ടങ്ങളോട് അവർ സംസാരിക്കും. എന്തിനധികം, അവർക്കായി സിഗരറ്റിന് തീപിടിപ്പിച്ച് കൊടുക്കുകപോലും ചെയ്യും. എല്ലാ ഓഗസ്റ്റ് മാസത്തിലും ആണ് ഈ ചടങ്ങ് നടക്കുക. ഇത് ടോർജ സമുദായക്കാരുടെ ഏറ്റവും വലിയ ഉത്സവമാണ്. ജീവിതത്തേയും മരണത്തേയും ബന്ധിപ്പിക്കുന്ന ആഘോഷം. ഇവയ്ക്കിടയിലെ ബന്ധത്തിന് അതിർവരമ്പുകളില്ലെന്നാണ് ടോർജകൾ വിശ്വസിക്കുന്നത്.

പ്രത്യേക തരം കത്തി ഉപയോഗിച്ചാണ് ഭൗതിക ശരീരത്തിലെ വസ്ത്രങ്ങൾ അവർ നീക്കം ചെയ്യുക. പിന്നീട് പുതിയ വസ്ത്രങ്ങളും പാദരക്ഷകളും ധരിപ്പിക്കും. അഡിദാസ് പോലുള്ള ബ്രാൻഡഡ് ഉദ്പന്നങ്ങളും ഇതിനായി ഉപയോഗിക്കുന്നവരുണ്ട്. മതപരമായി ഇവർ കൃസ്തുമതത്തിൽ വിശ്വസിക്കുന്ന പ്രൊട്ടസ്റ്റന്റ് കൃസ്ത്യാനികളാണ്. എന്നാലും, തങ്ങളുടെ പരമ്പരാഗത സംസ്‌കാരവും ആചാരങ്ങളും ഇന്നും അവർ പരിപാലിക്കുന്നു.

പ്രിയപ്പെട്ടവർ മരണമടഞ്ഞാൽ ശരീരം മാസങ്ങളോളം, ചിലപ്പോഴൊക്കെ വർഷങ്ങളോളം അവർ വീടുകളിൽ സൂക്ഷിക്കുന്നു. വീടുകളിൽ സൂക്ഷിക്കുവാൻ സൗകര്യമില്ലാത്തവർക്ക്, ഇത് സൂക്ഷിക്കുവാനായി 'ടോങ്കോനൻ' എന്ന പ്രത്യേക കെട്ടിടം തന്നെയുണ്ട്. പിന്നീട്, ശവസംസ്‌കാരം നടത്തുന്നതുവരെ ഇവർ ഈ മൃതദേഹങ്ങളുമായി സംസാരിക്കുകയും മറ്റു പലവിധത്തിൽ ആശയവിനിമയം നടത്തുകയും ചെയ്യും, അവർ ജീവിച്ചിരിക്കുന്നു എന്നതുപോലെ.

ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾക്കരികിൽ എത്തി അവർ ഇടക്കിടക്ക് ശവപ്പെട്ടി വൃത്തിയാക്കുകയും, മൃതദേഹം ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ മാറ്റി പുതിയവ ധരിപ്പിക്കുകയും ചെയ്യും. മതിയാവോളം സമയം മൃതദേഹങ്ങൾക്കൊപ്പം ചെലവഴിച്ചുകഴിഞ്ഞാൽ, ഈ ശവപ്പെട്ടി നിറയെ സമ്മാനങ്ങളും നൽകി, വിവിധ വർണ്ണങ്ങളാൽ ശവപ്പെട്ടി അലങ്കരിച്ചതിന്‌ശേഷമായിരിക്കും ശവമടക്കം. ഇത് മറ്റുള്ളവർക്ക് വിചിത്രമായ ഒരു ആചാരമായി തോന്നാമെങ്കിലും ടോർജൻ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണിത് എന്നാണ് ടോർജൻ നേതാവയ എറിക് റാന്റെ പറയുന്നത്.

മരിച്ചവരുടെ ആത്മാക്കൾ ഇപ്പോഴും അവരുടെ കൂടെ, അവരെ അനുഗ്രഹിച്ചും സംരക്ഷിച്ചും കഴിയുന്നു എന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ, മരണശേഷം ശവമടക്ക് വരെ മൃതദേഹം സൂക്ഷിക്കുമ്പോൾ അതിനെ ആരും മൃതദേഹം എന്നു വിളിക്കാറില്ല, മറിച്ച് 'മാകുള' എന്നാണ് വിളിക്കുക. രോഗി എന്നാണ് ആ വാക്കിന് അർത്ഥം. ഓഗസ്റ്റ് മാസത്തിൽ ഈ ആഘോഷം നടക്കുന്ന സമയത്ത് പുറത്തുനിന്നുള്ള സന്ദർശകർക്കും ഇവിടെയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, അവർക്കും ഇതിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

ബന്ധങ്ങൾ കേവലം ഭൗതികമായ ഒന്നല്ലെന്നും, അത് ആത്മാവുമായി ബന്ധപ്പെട്ട ഒന്നാണെന്നുമുള്ള കിഴക്കിന്റെ തത്വശാസ്ത്രത്തെ ബലപ്പെടുത്തുന്ന മറ്റൊരു ആചാരമാണിത്.