- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡും വംശവെറിയും പിച്ചിച്ചീന്തിയ അമേരിക്ക; പ്രതീക്ഷകൾ ഏറെ നൽകാൻ ഇല്ലാത്ത രണ്ട് സ്ഥാനാർത്ഥികൾ; സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും സാധാരണക്കാരനെ വേട്ടയാടുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അർത്ഥശൂന്യമായി മാറുകയാണോ? പ്രതിസന്ധികൾക്കിടയിൽ അമേരിക്കയിൽ തിരഞ്ഞെടുപ്പ് എത്തുമ്പോൾ
ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ഒരു പരിതാപകരമായ അവസ്ഥയിലൂടെയാണ് ആധുനിക അമേരിക്ക കടന്നുപോകുന്നത്. ഒരുപക്ഷെ അടിമത്തം നിർത്തലാക്കിയതിന് ശേഷം, രാജ്യം ലോകത്തിന് മുന്നിൽ നാണം കെട്ടുനിന്ന മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല. സ്വന്തം കുട്ടികളുടെ മുന്നിൽ വച്ച്, നിരായുധനായ ഒരു കറുത്ത വർഗ്ഗക്കാരന് നേരെ പൊലീസ് ഉതിർത്തത് എട്ട് വെടിയുണ്ടകളായിരുന്നു. തുടന്നുണ്ടായ കലാപം, മാസങ്ങൾക്ക് മുൻപ് മിന്നിപ്പോളീസിൽ പൊലീസ് അതിക്രമത്തിനിരയായി ഒരു കറുത്തവർഗ്ഗക്കാരൻ മരിച്ചപ്പോൾ നടന്നതിന് സമാനമായതായിരുന്നു.
നവംബറിലെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സർവ്വസന്നാഹവും കൂട്ടുകയാണ് ഡെമോക്രാറ്റുകൾ എന്ന് ട്രംപ് തന്റെ പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ പറഞ്ഞതിന്റെ പിറ്റേന്നായിരുന്നു ഈ സംഭവം. ഡെമോക്രാറ്റുകൾ അധികാരത്തിൽ എത്തിയാൽ അമേരിക്ക ഒരു നിയമരഹിത രാഷ്ട്രമായി മാറുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എട്ട് വെടിയുണ്ടകൾ ഏറ്റുവാങ്ങിയ ജേക്കബ് ബ്ലേക്ക് എന്ന 29 കാരൻ ഇപ്പോൾ അരയ്ക്ക് താഴെ തളർന്ന് കിടക്കുകയാണ്.
കലാപത്തിൽ കത്തിയെരിഞ്ഞ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇനിയും പൂർണ്ണമായി നീക്കം ചെയ്തിട്ടില്ല. ഭരിക്കുന്നത് ഡെമോക്രാറ്റുകളല്ല എന്ന് ട്രംപ് ഓർത്തില്ലെന്നു തോന്നുന്നു, അവരെത്തിയാൽ നിയമവാഴ്‌ച്ചയില്ലാതെയാകും എന്നു പറയാൻ.
സ്ഥാനാർത്ഥികളും പാർട്ടികളും
സത്യത്തിൽ രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥികളും അണികൾക്ക് ആവേശം പകരുന്നില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. പുതിയ പ്രസിഡണ്ട് ആരാണെന്നറിയുവാനുള്ള ആകാംക്ഷ, സാധാരണക്കാരിലും കാണുന്നില്ല. ഒരുപക്ഷെ, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിർജ്ജീവമായ ഒരു പ്രസിഡണ്ട് തെരഞ്ഞെടുപ്പായിരിക്കും ഇത്. റിപ്പബ്ലിക്കൻ പാർട്ടിക്കാരിൽ തന്നെ ട്രംപിനോട് എതിർപ്പുള്ളവരുള്ളപ്പോൾ, ഇപ്പുറത്ത് ജോ ബിഡന്റെ അവസ്ഥയും മറ്റൊന്നല്ല. അഭിപ്രായ സർവ്വേകളിൽ മുന്നിട്ട് നിൽക്കുമ്പോഴും പ്രചാരണങ്ങളിൽ അതിന്റെ മുൻതൂക്കം കൊണ്ടുവരുവാൻ അദ്ദേഹത്തിന് കഴിയുന്നില്ല. നവംബറിൽ തെരഞ്ഞെടുക്കപ്പെട്ടാൽ, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടായിരിക്കും78 കാരനായ ബിഡൻ.
എന്തായാലും, ഒരു ലൈംഗികാസക്തൻ, വംശീയവാദികൾക്ക് പിന്തുണ നൽകുന്നവൻ, കഴിവുകെട്ടവൻ എന്നൊക്കെ നേരത്തേ സ്വന്തം പാർട്ടിക്കാർ തന്നെ വിശേഷിപ്പിച്ചിരുന്ന ബിഡനെ ഇപ്പോൾ അമേരിക്കൻ ജനാധിപത്യത്തിന്റെ സംരക്ഷകനെന്ന് വിശേഷിപ്പിക്കാൻ സ്വന്തം പാർട്ടിക്കാരെങ്കിലും തയ്യാറായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. സ്ഥാനാർത്ഥിത്തതിനായി അദ്ദേഹത്തെ ഏറ്റവുമധികം എതിർത്ത ഇന്ത്യൻ വംശജയായ കമലാ ഹാരിസ് ഇപ്പോൾ വൈസ്പ്രസിഡണ്ട് സ്ഥാനാർത്ഥിയുമാണ്. ഏതായാലും ഇപ്പോൾ ഡെമോക്രാറ്റുകൾ സ്വീകരിച്ചിരിക്കുന്ന നയം 'മാന്യനായ ജോ ബിഡന് വോട്ടു ചെയ്യുക' എന്നതാണ്, മറ്റൊന്നും കാര്യമായി പറയുവാനില്ലാത്തതിനാൽ.
അതേസമയം മറുവശത്ത് ട്രംപിനും പാർട്ടിയിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതി ഏറെ വിമർശിക്കപ്പെട്ട ഒന്നാണ്. കൊറോണയിൽ പ്രതിഛായ തകർന്ന് നിൽക്കുമ്പോഴായിരുന്നു, ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്നു പറഞ്ഞതുപോലെ ജോർജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതകവും തുടർന്നുള്ള ലഹളയും അരങ്ങേറിയത്. അമേരിക്കയുടെ സമീപകാല ചരിത്രത്തിൽ ഒന്നും സംഭവിക്കാത്തതുപോലെ വൈറ്റ്ഹൗസ് മതിൽക്കെട്ടിനകത്തും പ്രതിഷേധക്കാർ കയറി. സുപ്രീം കോടതിയിൽ യാഥാസ്ഥിതിക ചിന്താഗതിയുള്ളവരെ ജഡ്ജിമാരായി നിയമിച്ചതും, സാധാരണക്കാർക്ക് ആശ്വാസമായിരുന്ന ഒബാമ കെയർ പദ്ധതി നിർത്തലാക്കിയതും, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകാത്ത നയങ്ങളും, കർശനമായ കുടിയേറ്റ നിയമങ്ങളുമൊക്കെ പൊതുജനങ്ങൾക്കിടയിൽ ട്രംപിന്റെ പ്രതിഛായ തകർത്തുകഴിഞ്ഞിരിക്കുന്നു.
മാത്രമല്ല, ചൈനയോട് കിടപിടിക്കാൻ തക്ക ശക്തി ഇപ്പോൾ അമേരിക്കയ്ക്ക് ഉണ്ടോ എന്ന് വിദേശ രാജ്യങ്ങൾ സംശയിച്ചു തുടങ്ങിയിരിക്കുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ അമേരിക്ക അനുഭവിച്ചിരുന്ന അപ്രമാദിത്തത്തിന് അറുതി വരുത്തിയിരിക്കുകയാണ്. ഇതും ട്രംപിന് വിനയായി മാറിയിരിക്കുന്നു. ചൈന വിരുദ്ധവികാരം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെയാണ് ട്രംപ് പ്രചാരണം നടത്തുന്നത്. ഉറക്കം തൂങ്ങി എന്ന് ട്രംപ് കളിയാക്കുന്ന ബിഡന് പക്ഷെ ഇക്കാര്യത്തിൽ ട്രംപിന് ഒപ്പമെത്താൻ കഴിഞ്ഞിട്ടില്ല.കൊറോണക്കാലത്ത് അധികം പേരും പോസ്റ്റൽ വോട്ടുകളേയായിരിക്കും ആശ്രയിക്കുക എന്നും അതിൽ കൃത്രിമത്വം കാണിച്ച് ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് വിജയം പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് തന്റെ പ്രചാരണത്തിൽ മുന്നറിയിപ്പ് നൽകുകയുണ്ടായി.
തൊഴിലില്ലായ്മയും ദാരിദ്ര്യവും കലാപവും
ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക. എന്നാൽ അത് വളരെ വേഗം മാറുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ മാസത്തെ തൊഴിലില്ലായ്മ 10.2 ശതമാനമായിരുന്നു. രോഗവ്യാപനത്തിന് മുൻപ് ഫെബ്രുവരിയിൽ ഇത് കേവലം 3.5 ശതമാനമായിരുന്നു എന്നോർക്കണം. അതുപോലെയാണ് വ്യാപാരമേഖലയും. ചില്ലറവില്പന മേഖലയും ഹോസ്പിറ്റാലിറ്റി മേഖലയും വ്യോമയാന മേഖലയുമൊക്കെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സമീപകാലത്തൊന്നും തിരിച്ചുപിടിക്കാൻ ആവാത്തവിധം സമ്പദ്ഘടന താഴേക്ക് പോയിരിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.
കൊറോണയെ പുച്ഛിച്ചും, മഹാവ്യാധി പകരുവാൻ തുടങ്ങിയ ആദ്യകാലങ്ങളിൽ ആവശ്യമായ നടപടികൾ എടുക്കാതെ സാഹചര്യം വഷളാക്കിയതും ട്രംപിന്റെ കഴിവുകേടായി തന്നെയാണ് ഭൂരിഭാഗം അമേരിക്കക്കാരും വിലയിരുത്തുന്നത്. ഫ്ളൂ വന്ന് ആയിരങ്ങൾ മരിച്ചിട്ടും അമേരിക്ക അടച്ചില്ല, രോഗത്തേക്കാൾ ചെലവേറിയതാകരുത് ചികിത്സ തുടങ്ങിയ ട്രംപ് വചനങ്ങളെല്ലാം, അദ്ദേഹത്തെ മനുഷ്യത്വമില്ലാത്തവനായി ചിത്രീകരിക്കാനെ ഉതകിയുള്ളു.പല കാര്യങ്ങളിലും കർക്കശ നിലപാട് ആവർത്തിക്കുമ്പോഴും, ബ്ലാക്ക് ലൈവ്സ് മാറ്റർ കലാപം വേണ്ടവിധം കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിനായില്ല എന്നതും ശ്രദ്ധിക്കണം.
വർദ്ധിച്ച തൊഴിലില്ലായ്മയായിരുന്നു, ബി എൽ എം പ്രക്ഷോഭത്തിന് ആളുകൾ കൂടുവാൻ ഒരു പ്രധാന കാരണമായി സാമൂഹ്യരംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടിയത്. തൊഴിൽ നഷ്ടപ്പെട്ടതിലുള്ള നിരാശയും, അനിശ്ചിതമായ ഭാവിയേ ഓർത്തുള്ള ഉത്കണ്ഠയും, ഒപ്പം ഇതിനിടയാക്കിയ ഭരണകൂടത്തോടുള്ള കോപവുമാണ് തെരുവുകളെ യുദ്ധക്കളമാക്കിയതെന്ന് അന്ന് ഒരു പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞൻ പറഞ്ഞിരുന്നു. അങ്ങനെ എല്ലാ നിലയിലും പരാജയപ്പെട്ട ട്രംപാണ് ഡെമോക്രാറ്റുകൾ ഭരണത്തിൽ ഏറിയാൽ നിയമവ്യവസ്ഥ താറുമാറാകും എന്ന് പറയുന്നത്. അതേസമയം, ഈ പ്രക്ഷോഭം ആളിക്കത്തിക്കാൻ തുനിഞ്ഞിറങ്ങിയ ഡെമോക്രാറ്റുകൾക്കും ക്രമസമാധാനത്തെകുറിച്ചോ നിയമവാഴ്‌ച്ചയേ കുറിച്ചോ ഒന്നും പറയുവാനാകാത്ത സ്ഥിതിയാണ്.
വിശ്വാസം നേടാനാകാതെ ഡെമോക്രാറ്റുകൾ
ട്രംപിനെതിരെ അതിശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിലും അത് വോട്ടാക്കി മാറ്റുവാൻ ഡെമോക്രാറ്റുകൾക്ക് കഴിയുമോ എന്നതും ഒരു വസ്തുതയാണ്,. ചില ഡെമോക്രാറ്റിക്‌മേയർമാരുടേയും കൗൺസിലുകളുടെയും നടപടികൾ ഇവരെ ജനങ്ങളിൽ നിന്നും അകറ്റുന്നതിന് കാരണമായിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ബോയിങ് തുടങ്ങിയ ഭീമൻ കമ്പനികളുടെ ആസ്ഥാനമായ സിയാറ്റിലിൽ, പൊലീസിൽ 50 ശതമാനം അളുകളെ കുറച്ചത് അത്തരത്തിൽ ഒരു നടപടിയായിരുന്നു. ഇതിനെ തുടർന്ന് കറുത്തവർഗ്ഗക്കാരിയായ പൊലീസ് ചീഫ് രാജിവയ്ക്കുകയും ചെയ്തിരുന്നു.
ബി എൽ എം പ്രക്ഷോഭകാലത്താണ് ഈ നടപടിയുടെ പരിണിതഫലം അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ഒരു സെൻട്രൽ ഡിസ്ട്രിക്ടിനെ നാല് ആഴ്‌ച്ചകളോളം പൊലീസ് വിമുക്ത മേഖലയാക്കുവാൻ പ്രക്ഷോഭകാരികൾക്ക് കഴിഞ്ഞു. ഇത് സാധാരണക്കാരായ, സമാധാന ജീവിതം കാംക്ഷിക്കുന്നവരെ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും അകറ്റുവാൻ കാരണമായിട്ടുണ്ട്. പ്രണയത്തിന്റെ വേനലവധികൾ ആസ്വദിച്ചിരുന്ന സിയാറ്റിലിൽ ഇത് അക്രമത്തിന്റെ വേനലാണ് എന്നായിരുന്നു ഒരു പൗരൻ ഇതേക്കുറിച്ച് പറഞ്ഞത്.
എന്നാൽ, ഡെമോക്രാറ്റുകളിലെ ഇടതുപക്ഷ ചായ്വുള്ള വിഭാഗത്തിലല്ല മിതവാദിയായ ബിഡൻ ഉൾപ്പെടുന്നത് എന്നത്, അത്തരത്തിലുള്ള നടപടികൾ കാരണമുണ്ടായ ജനരോഷം മാറ്റുവാൻ സാധിക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ കരുതുന്നത്. ഒരുപറ്റം സോഷ്യലിസ്റ്റുകളുടെ തടവുകാരനാണ് ബിഡൻ എന്ന് റിപ്പബ്ലിക്കുകൾ ആരോപിച്ചതും, ഇവർക്കെതിരെയുള്ള ജനരോഷം തങ്ങൾക്ക് അനുകൂലമാക്കി മാറ്റുവാൻ ആയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ