ജിദ്ദ: ആഫ്രിക്കൻ കുടിയേറ്റക്കാർക്ക് നരകതുല്യമായ കാരാഗൃഹങ്ങളായി മാറുകയാണ് സൗദി അറേബ്യ എന്ന് സൺഡേ ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. മദ്ധ്യപൂർവ്വ ദേശത്തെ കൊടുംചൂടിൽ ഇടുങ്ങിയ മുറിക്കുള്ളിൽ കൂട്ടത്തോടെ അടച്ചിടപ്പെട്ട കുടിയേറ്റക്കാരുടെ ദയനീയ ചിത്രം ഉൾപ്പടെയാണ് സൺഡേ ടെലെഗ്രാഫ് വാർത്ത കൊടുത്തിരിക്കുന്നത്. സൗദി പൊലീസ് തങ്ങളോട്, മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറുന്നതെന്നാണ് ഈ തടവുകാർ പറയുന്നത്.

ചാട്ടവാറടിയും ഇലക്ട്രിക് റോഡുകൾകൊണ്ടുള്ള ശിക്ഷയും പതിവാണ്. ഇടക്ക് ഹൃദയാഘാതം മൂലം മരണപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നവരുടെ മൃതദേഹം വാഹനങ്ങളെത്തി കോരിക്കൊണ്ടുപോകും. കോവിഡ് ബാധയുടെ ആദ്യഘട്ടങ്ങളിൽ ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തുവാൻ സൗദി നിർബന്ധിതയായിരുന്നു. അതിനു ശേഷം രോഗം പടരാതിരിക്കാൻ ബാക്കിയുള്ളവരെ ഇത്തരം ദുരിതപൂർണ്ണമായ അന്തരീക്ഷത്തിൽ തടവിലാക്കിയിരിക്കുകയാണ്.

ആരുമറിയാതെ അകത്തേക്ക് ഒളിച്ചുകടത്തിയ ഒരു ഫോണിൽ എടുത്ത ചിത്രങ്ങളിൽ ഒന്നിൽ കാണുന്നത് അർദ്ധനഗനരായ കുടിയേറ്റക്കാർ വൃത്തികെട്ട മുറിയുടെ നിലത്ത് കിടക്കുന്നതാണ്. മറ്റൊരു മുറിയിൽ ഒരു തുണിയിൽ പൊതിഞ്ഞ മൃതദേഹം കിടക്കുന്നതുകാണാം. അതേ മുറിയിൽ ഭക്ഷണം കിട്ടാതെ വിശന്നു കരയുന്നവരേയും കാണാം. ''ഇതൊരു നഗരമാണ്. മൃഗങ്ങളെ പോലെയാണ് ഞങ്ങളോട് പെരുമാറുന്നത്'' എത്യോപ്യക്കാരനായ ഒരു കുടിയേറ്റക്കാരൻ പറയുന്നു.

ഒരു നല്ല ജീവിതം സ്വപ്നം കണ്ട് സ്വന്തം നാടുവിട്ടിറങ്ങി എന്നൊരു തെറ്റുമാത്രമേ ഇവർ ചെയ്തിട്ടുള്ളു. ആവശ്യത്തിന് ഭക്ഷണമോ മരുന്നോ പോലും ലഭ്യമാക്കാതെ അവരെ കുടുസ്സുമുറികളിൽ പൂട്ടിയിട്ടീരിക്കുന്നത് രോഗം പടരാതിരിക്കാനാണ് എന്നാണ് പറയുന്നത്. എന്നാൽ, ഇത്തരത്തിലുള്ള വൃത്തിഹീനമായ ചുറ്റുപാടിൽ, ഇത്രയധികം പേർ ഒരു മുറിയിൽ കഴിയുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തിന് സാധ്യത കൂടുതലാണെന്നും, അതല്ലാതെ തന്നെ അവരുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കുമെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

സൺഡേ ടെലെഗ്രാഫിന്റെ റിപ്പോർട്ട് പരകാരം ഇത്തരത്തിലുള്ള ഒരു തടവറ പുണ്യനഗരമായ മെക്കയ്ക്ക് അടുത്തുള്ള അൽ ഷുമൈസിയിലാണ്. മറ്റൊന്ന് യമൻ അതിർത്തിക്കടുത്തുള്ള ജസാനിലും. ഈ രണ്ട് തടവറകളിലും മാത്രം നൂറുകണക്കിന് ആഫ്രിക്കൻ കുടിയേറ്റക്കാരുണ്ട്. ഇനിയും ചില തടവറകൾ കൂടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ടെലെഗ്രാഫ് പറയുന്നത്.

വിവിധ മനുഷ്യാവകാശ സംഘടനകൾ ഈ ക്രൂരതക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധനിക രാഷ്ട്രമായ സൗദി അറേബ്യക്ക് കുടിയേറ്റക്കാരെ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നതിനെ ന്യായികരിക്കാൻ ഒരിക്കലും സാധിക്കില്ല എന്നും അവർ പറയുന്നു. എന്നാൽ, സൗദി ഭരണകൂടം ഇതിനെ കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല.

ഏകദേശം 2 ലക്ഷത്തോളം കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനായിരുന്നു സൗദി അറേബ്യ ഉദ്ദേശിച്ചിരുന്നത്. പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിൽ 2,879 എത്യോപ്യൻ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.