- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസ് ലൈക്കുകൾ വാരിക്കൂട്ടി മോദിയുടെ വീഡിയോകൾ; ഡിസേബിൾ ഓപ്ഷൻ ഉപയോഗിച്ച് എണ്ണം മറച്ച് യൂട്യൂബ് ചാനൽ: മൻ കി ബാത്ത് ഡിസ് ലൈക്കുകളുടെ കൂമ്പാരമായതിന് പിന്നാലെ 'ലൈക്', 'ഡിസ്ലൈക്' എണ്ണം മറച്ച് ബിജെപി യുട്യൂബ് ചാനൽ
ന്യൂഡൽഹി: ഡിസ് ലൈക്കുകൾ വാരിക്കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോകൾ. മൻകി ബാത്തിന് പിന്നാലെ മോദിയുടെ വീഡിയോകൾക്ക് ഡിസ് ലൈക്കുകളുടെ പ്രവാഹമായതോടെ വിഡിയോകളുടെ 'ലൈക്', 'ഡിസ്ലൈക്' എണ്ണം മറച്ച് വെച്ചിരിക്കുകയാണ് ബിജെപി. ഇനി വിഡിയോക്ക് ലൈക്കോ, ഡിസ്ലൈക്കോ ചെയ്യാമെങ്കിലും ഇതു സ്‌ക്രീനിൽ കാണില്ല. യുട്യൂബിലുള്ള 'ഡിസേബിൾ' ഓപ്ഷൻ ഉപയോഗിച്ച് ഇത് മറച്ചിരിക്കുകയാണ് ബെജിപിയുടെ സൈബർ സെൽ.
കോവിഡ് പ്രതിസന്ധിയിൽ മോദിയുടെ വീഡിയോകൾക്ക് ലൈക്കുകളുടെ ഇരട്ടിയിലധികമാണ് ഡിസ് ലൈക്കുകൾ ലഭിക്കുന്നത്. ഡിസ് ലൈക്കുകളുടെ കൂമ്പാരമായതോടെ എണ്ണം മറയ്ക്കാനാണ് ബട്ടനുകൾ മറച്ചത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് പരിപാടിയുടെ യുട്യൂബ് വിഡിയോ മുതലാണ് ഡിസ്ലൈക്കുകളുടെ ഒഴുക്കു തുടങ്ങിയത്. ലൈക്കുകളുടെ ഇരട്ടിയിലേറെയാണ് ഡിസ്ലൈക്കുകൾ. മോദി ഹൈദരാബാദ് പൊലീസ് അക്കാദമിയിലെ വനിതാ പ്രബേഷനറുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്ന വിഡിയോക്കും കോവിഡ് കാലത്തു മോദി സർക്കാർ നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള അനിമേഷൻ വിഡിയോക്കും മോദിയുടെ യുഎസ് സ്ട്രാറ്റജിക് ഫോറം പ്രസംഗത്തിനും ഡിസ്‌ലൈക്കുകളാണു കൂടുതൽ.
ബിജെപി വക്താവ് സംബിത് പത്ര കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളന വിഡിയോക്കും കിട്ടി ഡിസ്ലൈക് പൂരം. ഇതോടെയാണ് ബട്ടനുകൾ മറച്ചു വെച്ചുള്ള ബിജെപിയുടെ പുത്തൻ നീക്കം. പെട്ടെന്നുണ്ടായ ഈ അനിഷ്ടത്തിനു പിന്നിൽ പ്രതിപക്ഷ ഗൂഢാലോചനയാണെന്നാണു ബിജെപി ഐടി സെല്ലിന്റെ നിലപാട്. കഴിഞ്ഞ ദിവസം ഇട്ട ഐപിഎസ് പ്രൊബേഷനർമാരുമായി നടത്തിയ ചർച്ചയുടെ വിഡിയോക്കു ലൈക്കും ഡിസ്ലൈക്കും മറച്ചിട്ടുണ്ട്.
ബിജെപിയുടെ ട്വിറ്റർ അക്കൗണ്ടിലും പോസ്റ്റുകൾക്കു കീഴിൽ വലിയ പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്. ജിഡിപി തകർച്ചയെ ന്യായീകരിക്കാനിട്ട അനിമേഷൻ വിഡിയോക്കു താഴെ ഭൂരിഭാഗവും വിമർശന കമന്റുകളാണ്. തൊഴിലില്ലായ്മ, സമ്പദ് വ്യവസ്ഥയുടെ തകർച്ച എന്നിവയെക്കുറിച്ചു പ്രതികരിക്കാത്തതിനെക്കുറിച്ചാണ് കമന്റുകളേറെയും. നീറ്റ്, ജെഇഇ പരീക്ഷകൾ കോവിഡ് കാലത്തു നടത്തുന്നതിനെതിരെയും വിമർശനമുണ്ട്.