ലോകം ഒരുപോലെ തല്ലും തലോടലും നൽകിയതാണ് കൊറോണാ പ്രതിരോധത്തിലെ സ്വീഡൻ മാതൃക. ലോക്ക്ഡൗണിന് വിസമ്മതിച്ച സ്വീഡന്റെ നടപടി ലോകമെമ്പാടുനിന്നും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. അതേപോലെ, ലോക്ക്ഡൗണില്ലാതെ തന്നെ രോഗവ്യാപനം പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ ചിലരെങ്കിലും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തങ്ങളായിരുന്നു ശരി എന്ന് ലോകത്തിന് മുന്നിൽ സ്വീഡൻ തെളിയിച്ചിരിക്കുകയാണ്.

ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും, ഇളവുകൾ പ്രഖ്യാപിച്ചിട്ടും പിന്നീടും റൂൾ ഓഫ് സിക്സുപോലുള്ള പുതിയ നിയന്ത്രണങ്ങളുമായി വരികയും ചെയ്യുന്ന ബ്രിട്ടനിൽ 843 കോവിഡ്രോഗികൾ ആശുപത്രിയിൽ കിടക്കുമ്പോൾ, അവരിൽ 80 പേർ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ കഴിയുമ്പോൾ ഇന്ന് സ്വീഡനിൽ ഇന്റൻസീവ് കെയറിലുള്ളത് വെറും 13 കോവിഡ് രോഗികൾ മാത്രം. കഴിഞ്ഞ10 ദിവസങ്ങളായി സ്വീഡനിലെ പ്രതിദിന കോവിഡ് മരണസംഖ്യ കേവലം ഒന്നു മാത്രം.

ഹേർഡ് ഇമ്മ്യുണിറ്റി കൈവരിക്കാൻ രോഗത്തെ പകരാൻ അനുവദിക്കുക എന്ന സ്വീഡന്റെ നയം കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. രോഗവ്യാപനത്തിന്റെ ആദ്യ കാലങ്ങളിൽ ബ്രിട്ടനും ഇതേ നയമായിരുന്നെങ്കിലും പിന്നീടതിൽ നിന്നും വ്യതിചലിച്ച് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങളുമായി എത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് സ്വീഡന്റെ തീരുമാനം ശരിയായിരുന്നു എന്നാണ്.

ഇതുവരെ 5,838 പേരാണ് കോവിഡ് മൂലം സ്വീഡനിൽ മരണമടഞ്ഞത്. പ്രതിശീർഷ മരണനിരക്കിൽ യൂറോപ്പിൽ മൂന്നാം സ്ഥാനത്താണ് കേവലം 1 കോടി ജനങ്ങൾ മാത്രമുള്ള സ്വീഡൻ. എന്നാൽ, ജൂൺ മാസം മുതൽ പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിയുകയാണ്. കഴിഞ്ഞ ബുധനാഴ്‌ച്ച സ്വീഡനിൽ രേഖപ്പെടുത്തിയ മരണനിരക്ക് 10 ലക്ഷം പേരിൽ 0.006 എന്നതയിരുന്നു. അതേ ദിവസം ബ്രിട്ടനിലേത് 0.17 ആയിരുന്നു. തങ്ങളുടെ പദ്ധതികൾ ക്രമപ്രകാരമുള്ളതും സുസ്ഥിരവുമായിരുന്നു എന്നാണ് സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി ഡയറക്ടറും പകർച്ചവ്യാധി വിദഗ്ദനുമായ ജൊഹാൻ കാൾസൺ പറഞ്ഞത്.

പകർച്ചവ്യാധിയുടെ ആദ്യനാളുകളിൽ രോഗം ദീർഘകാലാടിസ്ഥാനത്തിലുള്ള വെല്ലുവിളികളായിരിക്കും ഉയർത്തുക. ആ സമയത്ത്, എന്നത്തേയും പോലെ സാധാരണ ജീവിതം നയിക്കുന്നതിലൂടെ ആളുകൾക്ക് സ്വയം പ്രതിരോധശേഷി കൈവരിക്കുവാൻ ഇടവരും. കഴിയാവുന്നത്ര ആളുകൾ വീടുകളിൽ ഇരുന്ന് ജോലിചെയ്യുവാൻ നിർദ്ദേശിച്ചെങ്കിലും സ്‌കൂളുകളും ബാറുകളും റെസ്റ്റോറന്റുകളുമൊക്കെ തുറന്നു പ്രവർത്തിച്ചിരുന്നു. ആളുകൾ തമ്മിൽ ഒന്നരമീറ്റർ അകലം പാലിക്കുവാൻ നിർദ്ദേശിച്ചിരുന്നു. അതുപോലെ ഷോപ്പുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് നിർബന്ധമാക്കിയിരുന്നുമില്ല.

ആദ്യമാദ്യം ശാസ്ത്രജ്ഞന്മാർ ഈ നയത്തിന് എതിരായിരുന്നു. ഒരു കോടി ജനങ്ങളിൽ 1,80,000 പേരെങ്കിലും മരണമടയും എന്നായിരുന്നു ആദ്യകാലങ്ങളിലെ പ്രവചനം. എന്നാൽ യഥാർത്ഥത്തിൽ മരണമടഞ്ഞത് കേവലം 5,838 പേർ മാത്രം. തൊട്ടടുത്ത അയൽരാജ്യങ്ങളായ നോർവേയിലും ഡെന്മാർക്കിലും കടുത്ത ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ആദ്യകാലങ്ങളിൽ ഇത് വൈറസിനെ നിയന്ത്രിക്കുന്നതിൽ വിജയിച്ചു എങ്കിലും പിന്നീട് രോഗവ്യാപനം കൂടുകയായിരുന്നു.

മറ്റ് സ്‌കാൻഡിനേവിയൻ രാഷ്ട്രങ്ങൾ സ്വീഡനുമായുള്ള അതിർത്തികൾ തുറന്നെങ്കിലും നോർവേയിൽ രോഗവ്യാപനം കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചില ക്വാറന്റൈൻ നടപടികൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. രോഗപരിശോധനക്കായിരുന്നു സ്വീഡനിൽ പ്രാധാന്യം നൽകിയിരുന്നത്. അതുകാരണംമുന്മാസങ്ങളിൽ നടത്തിയിരുന്ന പരിശോധനകളുടെ മൂന്നിരട്ടി പരിശോധനകളാണ് ഇപ്പോൾ സ്വീഡനിൽ നടക്കുന്നത്. അതുപോലെ രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരെ കണ്ടുപിടിക്കാനുള്ള ട്രാക്കിങ് സിസ്റ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.