കോഴിക്കോട്; 10 വർഷങ്ങൾക്ക് മുമ്പ് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി പിടിയിൽ. താമരശ്ശേരി പൂനൂർ നേർപൊയിൽ ആഷിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആദ്യ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.

വിവാഹത്തിന്് മുമ്പ് തനിക്ക് പ്രായപൂർത്തിയാകാത്ത സമയത്ത് ആഷിഖ് പീഡിപ്പിച്ചിരുന്നു എന്ന് കാണിച്ചാണ് ആഷിഖിന്റെ ആദ്യ ഭാര്യ പരാതി നൽകിയത്. 2010 മാർച്ച് മാസത്തിൽ ആഷിഖ് അന്ന് 16 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. അന്ന് പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

പീഡനക്കേസിൽ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോൾ പീഡനത്തിനിരയായ പെൺകുട്ടിയെ ആഷിഖ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകുകയും പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ പീഡനക്കേസിൽ അന്വേഷണം അവസാനിപ്പിക്കുകയും പെൺകുട്ടി പരാതി പിൻവലിക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾ ഇവർ ഭാര്യഭർത്താക്കന്മാരായി ജീവിച്ചെങ്കിലും ആഷിഖ് പിന്നീട് പീഡനത്തിനിരയായ പെൺകുട്ടിയെ മൊഴി ചൊല്ലുകയും പുതിയ വിവാഹം കഴിക്കുകയും ചെയ്തു.

ഈ സമയത്താണ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിൽ ഇരയായി പെൺകുട്ടിയും ആഷിഖിന്റെ ആദ്യഭാര്യയുമായ സ്ത്രീ വീണ്ടും പരാതി നൽകിയത്. 2010ൽ നൽകിയ പരാതി പിൻവലിക്കാൻ വേണ്ടിയാണ് അന്ന് പ്രതി തന്നെ വിവാഹം കഴിച്ചതെന്നും ഇവർ പരാതിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആഷിഖിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാവുന്നതിന് മുമ്പുനടന്ന പീഡനം എന്നനിലയിലാണ് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

ബാംഗ്ലൂരിൽ നിന്നുമാണ് കഴിഞ്ഞ ദിവസം താമരശ്ശേരി പൊലീസ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഇൻസ്പെക്ടർ എംപി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.