യൂറോപ്പിലും ഏഷ്യയുടെ പല ഭാഗങ്ങളിലുമായി കൊറോണയുടെ രണ്ടാം വരവ് കനക്കുമ്പോൾ കൈയിൽ കരുതിവച്ച ആയുധങ്ങളൊന്നും മതിയാകില്ല ഈ കുഞ്ഞൻ വൈറസിനെ നേരിടാനെന്ന സത്യം തിരിച്ചറിയുകയാണ് ഭരണകൂടങ്ങൾ. ലോക സമ്പദ്ഘടനയെ തെന്നെ തകർത്തെറിഞ്ഞ കോവിഡ് 19, തകർച്ചയിൽ നിന്നും കരകയറാൻ കൈകാലിട്ടടിക്കുന്ന ലോകത്തേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തുകയാണ്. കർശന നിയന്ത്രണങ്ങളും ലോക്ക്ഡൗണും ഒക്കെയായി വൈറസിന്റെ ആക്രമണത്തിൽ നിന്നും പൗരന്മാരുടെ ജീവൻ രക്ഷിക്കാനുള്ള നടപടികളെടുക്കുകയാണ് ലോക രാഷ്ട്രങ്ങൾ.

മൂന്നാഴ്‌ച്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗണുമായി ഇസ്രയേൽ

അനിശ്ചിതത്വവും കിടമത്സരങ്ങളുമായി ഭരണകൂടം ഏതാണ്ട് സ്തംഭനാവസ്ഥയിലായിരിക്കുന്ന ഇസ്രയേലിൽ കഴിഞ്ഞ മാസങ്ങളായി രോഗവ്യാപനതോത് ക്രമമായി ഉയരുകയാണ്. കാര്യക്ഷമമായ നടപടികളൊന്നും കൈക്കൊള്ളാതിരുന്ന സർക്കാർ ഇപ്പോൾ അവസാന ആശ്രയം എന്ന നിലയിൽ മൂന്നാഴ്‌ച്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. തദ്ദേശ സമയം ഇന്നുച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗണിൽ നിരവധി കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടതായി വരും. മാത്രമല്ല, പൗരന്മാരുടെ യാത്രയ്ക്കും കൂട്ടം ചേരുന്നതിനും കർശന നിയന്ത്രണങ്ങളും കൊണ്ടുവരും.

യഹൂദന്മാരുടെ പ്രധാന ഉത്സകാലത്തോടനുബന്ധിച്ചാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. റോഷ്, ഹഷാന, യോം കിപ്പൂർ ഒഴിവുകാലങ്ങളിലാണ് ജനങ്ങൾ വലിയതോതിൽ കൂട്ടം ചേരുന്നതും ബന്ധുഗൃഹങ്ങളിൽ സന്ദർശനങ്ങൾ നടത്തുന്നതും. വലിയകൂട്ടം ജനങ്ങൾ ഒത്തു ചേരുന്ന കൂട്ടപ്രാർത്ഥനകളും ഈ ദിവസങ്ങളിൽ നടക്കാറുണ്ട്. ആശുപത്രികൾ നിറഞ്ഞു കവിയാതിരിക്കാൻ, ഒരുപക്ഷെ ഇതിലും കർശനമായ നിയന്ത്രണങ്ങളും കൊണ്ടുവന്നേക്കാമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു വാഴാഴ്‌ച്ച പ്രസ്താവിച്ചു.

നിലവിൽ 46,000 സജീവ കേസുകളാണ് ഇസ്രയേലിൽ ഉള്ളത്. അതിൽ 577 പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അനുസരിച്ച് ജനങ്ങൾ അവരുടെ താമസസ്ഥലത്തിന്റെ 1 കിലോമീറ്റർ പരിധിക്കപ്പുറം യാത്രചെയ്യുവാൻ പാടില്ല. അതേസമയം, മരുന്നുകൾ വാങ്ങുവാൻ, പൊതുജനങ്ങൾക്ക് മുന്നിൽ അടച്ചിട്ടിരിക്കുന്ന ഒരു സ്ഥാപനത്തിൽ ജോലിക്ക് പോവുക, പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുക, വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷണം വാങ്ങുന്നതിന് പോവുക തുടങ്ങിയ കാര്യങ്ങളിൽ ഈ നിയന്ത്രണത്തിന് ഇളവുകളുണ്ട്.

രോഗവ്യാപനം ആരംഭിച്ചതിൽ പിന്നെ ഇതുവരെ 1,75,000 പേർക്കാണ് ഇസ്രയേലിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 1,169 പേർ മരണമടയുകയും ചെയ്തു. ഇപ്പോൾ പ്രതിദിനം 5000 ത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രതിശീർഷാനുപാതത്തിൽ ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്.

കൊറോണയുടെ വരവിനെ തുടർന്ന് ആദ്യമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇസ്രയേൽ. അതിന്റെ ഫലമായി രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കാനും കഴിഞ്ഞു. കഴിഞ്ഞ മെയ്‌ മാസത്തിൽ വിരലിലെണ്ണാവുന്ന കേസുകൾ മാത്രമായിരുന്നു ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, ഈ ലോക്ക്ഡൗണിന് സർക്കാർ വലിയ വില നൽകേണ്ടതായി വന്നു. സാമ്പത്തിക തകർച്ച അഭിമുഖീകരിക്കുന്ന സമയത്ത് ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ രോഗവ്യാപനം സാവധാനത്തിൽ ശക്തിപ്രാപിക്കാൻ തുടങ്ങുകയായിരുന്നു.

രോഗവ്യാപനം കനക്കുന്നതിന്റെ സൂചനയുമായി മാഡ്രിഡ് തെരുവുകളിൽ മെഡിക്കൽ ടെന്റുകൾ തിരിച്ചെത്തുന്നു

സ്പെയിനിൽ കൊറോണയുടെ രണ്ടാംവരവിന് ആക്കം വർദ്ധിച്ചതോടെ തെരുവുകളിൽ നിന്നും അപ്രത്യക്ഷമായ താത്ക്കാലിക മെഡിക്കൽ ടെന്റുകൾ തിരിച്ചെത്താൻ തുടങ്ങി. 10 പേരിൽ കൂടുതൽ കൂട്ടം ചേരരുത്, വാതിപ്പുറസ്ഥലങ്ങളിലെ പുകവലി നിരോധനം, നഗരത്തിലെ രാത്രി ജീവിതത്തിന്കർശന നിരോധനം തുടങ്ങിയ നടപടികൾ നിലവിലിരുന്നിട്ടുകൂടി മാഡ്രിഡിൽ കോവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനങ്ങൾ സ്വയം പ്രതിരോധത്തിന് തയ്യാറാകാത്തതും, കോണ്ടാക്ട് ട്രേസിങ് ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതുമാണ് ഇപ്പോൾ രോഗവ്യാപനം ശക്തികൂടാൻ കാരണമായി പറയുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ കൂടുതൽ കർശനമായ നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്ന് നഗര അധികൃതർ അറിയിച്ചു. ഇതിൽ പ്രാദേശിക ലോക്ക്ഡൗണുകളും, യാത്രാ നിയന്ത്രണങ്ങളും ഉൾപെട്ടേക്കാം. എന്നാൽ അതൊന്നും കൊറോണയുടെ രണ്ടാം വരവിനെ തടയാൻ മതിയാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.

ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ തന്നെ ആവശ്യമായി വന്നേക്കാവുന്ന തരത്തിലുള്ള സമൂഹവ്യാപനം മാഡ്രിഡിൽ നടന്നുകഴിഞ്ഞിരിക്കുന്നു എന്നാണ് ഇവർ പറയുന്നത്. കൂടുതൽ ത്വരിതനടപടികൾ കൈക്കൊണ്ടില്ലെങ്കിൽ എല്ലാം കൈവിട്ടുപോകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. അതുപോലെ നഗരത്തിൽ നിന്നും വൈറസ് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.

വെള്ളിയാഴ്‌ച്ച 5,100 പുതിയ കേസുകളാണ് സ്പെയിനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊട്ടു മുൻപിലത്തെ ദിവസത്തേക്കാൾ 200 എണ്ണം കൂടുതലാണിത്. വിവിധ ആശുപത്രികൾ ചികിത്സയുമായി രംഗത്തുണ്ടെങ്കിലും, ഇപ്പോഴും സമ്പത്തിക ഭദ്രത കൈവരിച്ചിട്ടില്ലാത്ത പ്രൈമറി കെയർ സെന്ററുകളും ഹെൽത്ത് സെന്ററുകളുംതന്നെയാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. ദിവസേന ആയിരക്കണക്കിന് പരിശോധനകളാണ് ഇവിടങ്ങളിൽ നടത്തുന്നത്. മത്രമല്ല, രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ സമ്പർക്ക് വിവരങ്ങൾ ശേഖരിക്കുന്നതും ഇവർ തന്നെയാണ്.

ഒരൊറ്റ ദിവസം 13,000 പുതിയ കോവിഡ് രോഗികളുമായി ഫ്രാൻസ്

കൊറോണയുടെ ആദ്യവരവിൽ ഏറെ ദുരിതമനുഭവിച്ച രാജ്യങ്ങളിൽ ഒന്നാണ് ഫ്രാൻസ്. എന്നാൽ, അക്കാലത്തുപോലും ഉണ്ടാകാത്തത്ര ശക്തമായാണ് രണ്ടാം വരവിൽ കൊറോണ ഫ്രാൻസിനെ ആക്രമിക്കുന്നത്. ആദ്യ വരവിനെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ പോലും ഉണ്ടാകാത്ത, പ്രതിദിനം പുതിയ 13,000 കേസുകൾ എന്ന രീതിയിലേക്ക് കുതിക്കുകയാണ് ഫ്രാൻസ്.

13,215 പുതിയ കേസുകളും 154 മരണങ്ങളുമാണ് വെള്ളിയാഴ്‌ച്ച ഫ്രാൻസിൽ രേഖപ്പെടുത്തിയത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ നിരക്കിലെത്തിയ ഫാൻസിൽ ഇന്നലെ രേഖപ്പെടുത്തിയത് കഴിഞ്ഞ നാലു മാസത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്ക്കൂടിയാണ്. ഇത്രയൊക്കെ കാര്യങ്ങൾ കൈവിട്ടുപോയിട്ടും ഇനിയൊരിക്കൽ കൂടി രാജ്യവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് സർക്കാർ ചിന്തിക്കുന്നതുപോലുമില്ലെന്നതാണ് അതിശയകരം.

അമേരിക്കയും ഇന്ത്യയും ബ്രസീലും ഇപ്പോഴും കോവിഡിനെ നിയന്ത്രിക്കാൻ കഷ്ടപ്പെടുമ്പോഴാണ്, ആദ്യ വരവിൽ കൊറോണയെ ഒരുവിധം നിയന്ത്രിക്കാൻ കഴിഞ്ഞ രാജ്യങ്ങൾ രണ്ടാം വരവിന്റെ ഭീഷണിയിലാകുന്നത്. ഉത്തരാർദ്ധഗോളത്തിൽ കൊറോണയുടെ രണ്ടാം താണ്ഡവം ആരംഭിച്ചതോടെ യൂറോപ്യൻ ഭൂഖണ്ഡം ഏതാണ്ട് മുഴുവനും ഭീതിയുടെ നിഴലിലായിരിക്കുകയാണ്.

യൂറോപ്പിന് പുറത്ത് ഇസ്രയേലാണ് കൊറോണയെ രണ്ടാം വരവിന്റെ ഭീഷണി നേരിടുന്ന പ്രധാന രാജ്യം. ആഫ്രിക്കയിലും കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിൽ തന്നെയാണ്.