- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തായ് വാൻ കടലിടുക്കിന് മീതെ യുദ്ധവിമാനങ്ങൾ പറത്തി ചൈന; അമേരിക്കൻ പ്രതിനിധികൾ ദ്വീപ് രാഷ്ട്രം സന്ദർശിക്കുന്നതിനിടെ പ്രകടനം നടത്തിയത് മുന്നറിയിപ്പുമായി; ഇന്ത്യയെ ചൊറിയാൻ വന്ന് അടിവാങ്ങിക്കൂട്ടിയ ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു
അമേരിക്കയുടെ പ്രതിനിധികൾ തായ്വാൻ സന്ദർശിക്കുന്ന അവസരത്തിൽ തായ്വാൻ കടലിടുക്കിനു മീതെ 18 യുദ്ധവിമാനങ്ങളുമായിൻ ചൈന സൈനിക പ്രകടനം നടത്തി.. തായ്വാനുള്ള പിന്തുണ ട്രംപ് ഭരണകൂടം വർദ്ധിപ്പിക്കുന്നതിനിടെ ഇത് ഈ മേഖലയിൽ, ചൈന ഈ മാസം നടത്തുന്ന രണ്ടാമത്തെ സൈനിക പ്രകടനമാണ്. ചൈനയുടെ കിഴക്കൻ സൈനിക താവളത്തിൽ നിന്നുള്ള രണ്ട് ബോംബർ വിമാനങ്ങളും 16ഫൈറ്റർ ജറ്റുകളും തായ്വാന്റെ വ്യോമാതിർത്തി ലംഘിച്ചതായി തായ്വാൻ പ്രതിരോധമന്ത്രാലയംകുറ്റപ്പെടുത്തി.
തീയിനോട് കളിക്കുന്നവർക്ക് പൊള്ളലേൽക്കും എന്നാണ് ഇതേ കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചത്. അമേരിക്കൻ ഉന്നതോദ്യോഗസ്ഥനായകീത്ത് ക്രാച്ച് വെള്ളിയാഴ്‌ച്ച ദ്വീപ് രാഷ്ട്രത്തിലെത്തി മന്ത്രിമാരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് ചൈന ഈ മുന്നറിയിപ്പുമായി എത്തുന്നത്. കഴിഞ്ഞ 40 വർഷക്കാലത്തിനിടയിൽ ഇതാദ്യമായാണ് ഇത്ര ഉന്നത പദവിയിലുള്ള ഒരു അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ഔദ്യോഗികമായി തായ്വാൻ സന്ദർശിക്കുന്നത്. ചൈന അതിന്റെ അവിഭാജ്യ ഭാഗമായി കരുതുന്ന ഒന്നാണ് തായ്വാൻ എന്നും ഓർക്കണം.
മന്ത്രിമാരുമായുള്ള സംഭാഷണങ്ങൾക്ക് ശേഷം തായ്വാനിലെ വ്യവസായ പ്രമുഖരുമായും ക്രാച്ച് കൂടിക്കാഴ്‌ച്ച നടത്തി. അതിനു ശേഷം പ്രസിഡന്റ് സാീ ഇംഗ് വെന്നുമൊത്ത് അത്താഴവിരുന്നിലും പങ്കെടുത്തു. 2016-ൽ സായ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതോടെ ചൈന തായ്വാനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചിരുന്നു. അവർ ഈ വർഷം ആദ്യം വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് അത്യാവശ്യമായ, നിയമപരമായ ഒരു നടപടിയായിരുന്നു തെയ്വാൻ കടലിടുക്കിലെ പരിശീലനം എന്നാണ് ചെനീസ് പ്രതിരോധ വകുപ്പിന്റെ വക്താവ് റെൻ ഗോക്കിയാങ്ങ് പ്രസ്താവിച്ചത്. അടുത്തകാലത്ത് അമേരിക്കയും തെയ്വാനിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടിയും അവരുടെ സഹകരണം വർദ്ധിപ്പിക്കുകയും പ്രശ്നങ്ങൾ കുത്തിപ്പൊക്കുകയും ആണെന്നും അദ്ദേഹം ആരോപിച്ചു.
ചൈനയെ തകർക്കാൻ തായ്വാനെ ഉപയോഗിക്കുകയാണെങ്കിലും അല്ലെങ്കിൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്താൻ വിദേശ ശക്തികളെ ആശ്രയിക്കുകയാണെങ്കിലും അത് നാശത്തിലേക്കുള്ള പോക്കായിരിക്കും എന്നും പ്രതിരോധ മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി. നാവിക സേനയും വ്യോമസേനയും സംയുക്തമായാണ് പരിശീലനം നടത്തിയതെന്നും ഇത് അവർ യോജിച്ചുള്ള യുദ്ധമുറകളുടെ ശക്തി മനസ്സിലാക്കുവാനുള്ള പരീക്ഷണം ആയിരുന്നു എന്നും വ്യോമസേന വക്താവ് അറിയിച്ചു.
ചൈനയുടെ വിദേശകാര്യ മന്ത്രാലയവും സൈനിക പരിശീലനത്തിനെ പിന്തുണച്ചെത്തി. തായ്വാനിലെ വിഘടനവാദികളെ ഒതുക്കുവാനുള്ള കഴിവ് ഉണ്ടെന്ന് തെളിഞ്ഞു എന്നാണ് അവർ പറഞ്ഞത്. ഇപ്പോഴും ചൈനയുടെ ഒരു ഭാഗമായി തന്നെയാണ് തായ്വാനെ ചൈന കാണുന്നത്. ഇപ്പോൾ സ്വയം ഭരണം നടത്തുന്ന തായ്വാൻ ഭരണകൂടവും മറ്റ് രാജ്യങ്ങളുമായുള്ള ഏതുവിധത്തിലുള്ള ഔദ്യോഗിക ഇടപെടലുകളേയും ചൈന എതിർക്കുകയാണ്.
1979-ൽ നിന്നും തായ്വാനിൽ നിന്നുമകന്ന് ചൈനയുമായി അടുത്തതിൽ പിന്നെ ആദ്യമായി ഈ ദ്വീപ് രാഷ്ട്രത്തിൽ സന്ദർശനത്തിനെത്തിയത് അമേരിക്കൻ ഹെൽത്ത് സെക്രട്ടറി അലക്സ് അസർ ആയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ക്രാച്ച് സന്ദർശനത്തിനെത്തുന്നത്. തായ്വാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ട്രംപിന്റെ നയങ്ങളുടെ ഭാഗമായാണ് ഇതിനെ കാണുന്നത്. ആയുധങ്ങൾ നൽകുന്നതുമുതൽ അന്താരാഷ്ട്ര വേദികളിൽ തായ്വാന്റെ സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കുന്നതുൾപ്പടെയുള്ള സഹായങ്ങൾ അമേരിക്ക ചെയ്യും എന്നാണ് കരുതപ്പെടുന്നത്.
ക്രാച്ച് തായ്വാനിലെത്തുന്നതിനു മുൻപായി അമേരിക്കയുടെ ഐക്യരാഷ്ട്ര സഭയിലെ അംബാസിഡർ കെല്ലി ക്രാഫ്റ്റ് തായ്വാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി ന്യുയോർക്കിൽ ഒരു ഉച്ചവിരുന്നിൽ പങ്കെടുത്തിരുന്നു. സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്ന് ക്രാച്ച് തായ്വാന്റെ മുൻ പ്രസിഡണ്ട് ലീ ടെങ്ങ്-ഹുയിയുടെ അനുസ്മരണ ചടങ്ങിലും പങ്കെടുക്കും. ജൂലായിൽ, തന്റെ 97 മത്തെ വയസ്സിൽ മരണമടഞ്ഞ ലീ യാണ് തായ്വാനെ ഒരു ജനാധിപത്യ രാഷ്ട്ര്മായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.
തായ്വാനുമായുള്ള കൂടുതൽ ഇടപാടുകൾ നിർത്തണമെന്ന വ്യക്തമായ സന്ദേശമാണ് ചൈനീസ് സൈന്യം നൽകിയതെന്നാണ് ഇതിനെ കുറിച്ച് യുദ്ധ നിരീക്ഷകർ വിലയിരുത്തുന്നത്. അമേരിക്കയും തായ്വാനും തമ്മിലുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുവാനാണ് ചൈന ശ്രമിക്കുന്നത്. കൊറോണ പ്രതിസന്ധി, വ്യാപാരം, സാങ്കേതിക വിദ്യ, ഹോങ്കോംഗ്, തെക്കൻ ചൈന കടൽ എന്നീ വിവിധ വിഷയങ്ങളിൽ ഇപ്പോൾ തന്നെ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുകയാണ്.
കഴിഞ്ഞയാഴ്‌ച്ചയും ചൈനീസ് യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി തായ്വാൻ ആരോപിച്ചിരുന്നു. ഇത്തരം നടപടികളിലൂടെ ചൈന മേഖലയിൽ ഭീകരതയുടെ വിത്തുകൾ വിതറുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. എന്നാൽ, ഇത്തരത്തിലുള്ള അഭ്യാസങ്ങൾ അല്ലാതെ ചൈന ഒരു യുദ്ധത്തിനൊന്നും തയ്യാറാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇന്ത്യയോട് കോർത്ത് ലക്ഷ്യം നേടാനാകാതെ പിന്തിരിയേണ്ടിവന്ന ചൈന, ഇനിയിപ്പോൾ അമേരിക്കയുമായി കൂടി കോർത്ത് നാണം കെടാൻ തുനിയുകയില്ലെന്നാണ് ഇവർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ