ബ്രെക്സിറ്റ് അനന്തരബന്ധങ്ങളെ കുറിച്ച് യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളിൽ വീരപരിവേഷം ലഭിച്ച ബോറിസ് ജോൺസൺ സമ്പൂർണ്ണ ലോക്ക്ഡൗൺവിഷയത്തിൽ വലിയ തിരിച്ചടി നേരിടുകയാണ്. സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ഒരു കലഹം അഭിമുഖീകരിക്കുകയാണ് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി. നിലവിൽ പറഞ്ഞിരിക്കുന്ന നാലാഴ്‌ച്ചക്കാലം കഴിഞ്ഞും നിയന്ത്രണങ്ങൾ നീട്ടേണ്ടി വന്നേക്കാം എന്ന വെളിപ്പെടുത്തലിൽ ധാരാളം ഭരണകക്ഷി എം പി മാർ പോലും വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോൾ തന്നെ തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ കൂടുതൽ ആഴങ്ങളിലേക്ക് തഴ്‌ത്തും എന്ന് വ്യാവസായിക ലോകം ഭയക്കുന്ന ഇത്തരമൊരു നടപടിയെ തങ്ങൾ എതിർക്കുക തന്നെ ചെയ്യും എന്ന് ചിലർ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

മുൻ കാബിനറ്റ് മന്ത്രിയായ എസ്തർ മെക്വേ, താൻ ദേശീയ ലോക്ക്ഡൗൺ വിഷയം ബുധനാഴ്‌ച്ച പാർലമെന്റിൽ ചർച്ചക്കെത്തുമ്പോൾ അതിനെ എതിർക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കോവിഡിനേക്കാൾ ബ്രിട്ടനിൽ ദുരന്തം വിതയ്ക്കാൻ പോകുന്നത് ഇനിയൊരു ലോക്ക്ഡൗൺ ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഒരിക്കലും ഉണരാൻ പറ്റാത്ത പേടിസ്വപ്നമായിരിക്കും രണ്ടാം ദേശീയ ലോക്ക്ഡൗൺ എന്ന് മറ്റൊരു ഭരണകക്ഷി എം പി പറഞ്ഞു. അതേസമയം, ഇത്തരമൊരു നടപടിക്ക് ബോറിസ് ജോൺസനെ പ്രേരിപ്പിച്ച, പ്രതിദിനം 4000 മരണം എന്ന പ്രഖ്യാപനത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ ആരോഗ്യവകുപ്പ് അധികൃതർ വിസമ്മതിച്ചു.

ദേശീയ ലോക്ക്ഡൗണിൽ ഇളവുകൾ വന്നാലും രാജ്യത്തിലെ മിക്ക ഭാഗങ്ങളിലും ടയർ 3 നിയന്ത്രണങ്ങൾ നിലനിൽക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ശൈത്യകാലം കഴിയുന്നതുവരെ ഇത് തുടരുവാനും സാധ്യതയുണ്ട്. എന്നാൽ, മറ്റൊരു ദേശീയ ലോക്ക്ഡൗൺ അല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്ന പക്ഷക്കാരനാണ് ബോറിസ് ജോൺസൺ. ഇതുമായി ബന്ധപ്പെട്ട് ബോറിസ് ഇന്ന് ഭരണകക്ഷി എം പിമാരുമായി ചർച്ച നടത്തുന്നുണ്ട്. ലോക്ക്ഡൗൺ നീളുന്ന ഓരോ ദിവസവും ബ്രിട്ടനെ സമ്പദ്വ്യവസ്ഥയിൽ നിന്നും 1.8 ബില്ല്യൺ പൗണ്ട് നഷ്ടമാകുന്നു എന്നാണ് ചില സാമ്പത്തിക വിദഗ്ദർ പറയുന്നത്. വ്യവസായ രംഗത്തെ പ്രമുഖരും ലോക്ക്ഡൗണിന് എതിരാണ്.

സാമ്പത്തിക തകർച്ചയും, ഫർലോ സർക്കാരിനുണ്ടാക്കുന്ന 5 ബില്ല്യൺ ബാദ്ധ്യതയും കണക്കിലെടുത്ത് ചാൻസലർ ഋഷി സുനാക് ലോക്ക്ഡൗണിന് എതിരാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്‌ച്ച ഡൗണിങ് സ്ട്രീറ്റിൽ നടന്ന യോഗത്തിൽ ഋഷിയും പങ്കെടുത്തിരുന്നു. സംയുക്തമായി എടുത്ത തീരുമാനം എന്ന നിലയിൽ, നിയന്ത്രണങ്ങൾ നീട്ടുന്നതിനെ ഋഷിയും സ്വീകരിക്കുകയായിരുന്നു എന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാജി സന്നദ്ധത അറിയിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ സത്യമല്ലെന്നും അവർ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ട്, രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിക്കുവാൻ ബോറിസ് ജോൺസനും ഋഷിയും സന്നദ്ധരല്ല, എന്നാൽ, ശാസ്ത്രജ്ഞർ അവർക്ക് മുന്നിൽ നിരത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. നിറഞ്ഞു കവിയുന്ന ആശുപത്രികൾ, ആരോഗ്യപരിപാലന രംഗത്തെ തച്ചുടയ്ക്കും എന്നുള്ള പ്രവചനവും മാറി ചിന്തിക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചു. ഫ്രാൻസും ജർമ്മനിയും അടുത്തയിടെ ലോക്ക്ഡൗണിലേക്ക് നീങ്ങി എന്ന വസ്തുതയും ശാസ്ത്രലോകത്തിന്റെ നിർദ്ദേശത്തെ തള്ളിക്കളയുന്നതിൽ നിന്നും സർക്കാരിനെ പിന്തിരിപ്പിച്ചു.

അതേസമയം, ബോറിസ് ജോൺസൺ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ, ലോക്ക്ഡൗൺ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയത് പ്രധാനമന്ത്രിയുടെ ഓഫീസിനെ കോപാകുലരാക്കിയിട്ടുണ്ട്. ജോൺസൺ, സുനാക്, മൈക്കൽ ഗോവ്, ഹാൻകോക്ക് എന്നീ നാലുപേർ മാത്രം പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങളാണ് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയത്. അതായത്, മറ്റ് കാബിനറ്റ് അംഗങ്ങൾ അറിയുന്നതിനു മുൻപ് തന്നെ ഈ വാർത്ത പത്രങ്ങളിൽ വരികയായിരുന്നു. താൻ വാർത്ത ചോർത്തി നൽകിയിട്ടില്ലെന്നും അത് ചെയ്തത് ആരാണെന്ന് അറിയില്ലെന്നും കാബിനറ്റ് മന്ത്രി ഗോവ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഇക്കാര്യത്തിൽ ബോറിസ് ജോൺസൺ ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.