രാജ്യത്താകമാനമുള്ള മോസ്‌കുകളുടെ മിനാരങ്ങളും മറ്റ് അലങ്കാരങ്ങളും എടുത്തുമാറ്റി രൂപഭേദം വരുത്തുകയാണ് ചൈന. ഇസ്ലാമിന്റെ സ്വാധീനം കുറയ്ക്കുന്നതിനായുള്ള മറ്റൊരു സാംസ്‌കാരിക വിപ്ലവത്തിന്റെ ഭാഗമാണിതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വിലയിരുത്തുന്നത്. നിങ്സിയ പ്രവിശ്യയിലെ യിൻഷുവാനിലുള്ള നാൻഗുവാൻ മോസ്‌കിന്റെ പച്ച മകുടവും അതിനു മുകളിൽ ഉറപ്പിച്ചിരുന്ന സുവർണ്ണ മിനാരങ്ങളും എടുത്തുമാറ്റിക്കഴിഞ്ഞു. കേവലം ഒരു വാക്കുച്ഛരിച്ചതിന്റെ പേരിൽ ഫ്രഞ്ച് പ്രസിഡണ്ടിനെതിരെ തിമിർത്തു തുള്ളിയ പാക്കിസ്ഥാനും മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളും ഇതിനെതിരെ ചെറിയ രീതിയിൽ പ്രതിഷേധിക്കാൻ പോലും ഭയപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

ചൈനയിലെ ബ്രിട്ടീഷ് മിഷന്റെ ഡെപ്യുട്ടി ഹെഡായ ക്രിസ്റ്റിന സ്‌കോട്ടാണ് രൂപഭേദം വരുത്തിയ മോസ്‌കിന്റെ ചിത്രം പുറത്തുകൊണ്ടുവന്നത്. നാൻഗുവാൻ മോസ്‌ക് എന്ന വാക് ചൈനീസ് ഭാഷയിൽ എഴുതിയത് ഇപ്പോഴും അവിടെയുണ്ട്. മകുടങ്ങളും താഴികക്കുടങ്ങളും നഷ്ടപ്പെട്ട മോസ്‌കിൽ ഇപ്പോൾ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല എന്നും ക്രിസ്റ്റിന സ്‌കോട്ട് എഴുതുന്നു. ഇത്തരത്തിൽ അറബ് ശില്പകലയുടെ മാതൃകയിലുള്ള മിനാരങ്ങളും മറ്റും ലിറ്റിൽ മെക്ക എന്നറിയപ്പെടുന്ന ലിംക്സിയയിലെ മോസ്‌കിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ചൈനയിലെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഷി ജിങ്പിങ് എത്തിയതിൽ പിന്നെ മതങ്ങൾക്കെതിരായുള്ള പോരാട്ടം കടുപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ നീക്കവും. കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ മതവിഭാഗങ്ങളുടെയും സ്ഥാപനങ്ങളിൽ ഇത്തരത്തിൽ കടന്നുകയറ്റം നടക്കുന്നുണ്ട്. കൃസ്ത്യൻ പള്ളികളും മോസ്‌കുകളും ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുക, ടിബറ്റിലെ കുട്ടികളെ ബുദ്ധമതാചാരങ്ങളിൽ നിന്നും വിലക്കുക, ഇസ്ലാമിക വിശ്വാസികളെ തിരുത്തൽ ക്യാമ്പുകൾ എന്നറിയപ്പെടുന്ന ജയിലുകളിലടക്കുക്ക തുടങ്ങിയ കാര്യങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.

രാജ്യത്തോടും കമ്മ്യുണിസ്റ്റ് പാർട്ടിയോടുമുള്ള കൂറ് ഉറപ്പിക്കാൻ എല്ലാ മതങ്ങളിലും ചൈനാവത്ക്കരനം ഷിയുടെ പ്രഖ്യാപിത നയമാണ്. കഴിഞ്ഞ വർഷം എല്ലാ മതവിഭാഗങ്ങളുടെയും ചൈനീസ് ഭാഷയിലേക്ക് തർജ്ജുമ ചെയ്ത പതിപ്പുകളിൽ തിരുത്തലുകൾ വരുത്താൻ ചൈനീസ് സർക്കാർ ഉത്തരവിട്ടിരുന്നു. സോഷ്യലിസത്തിന്റെ തത്വം എല്ലാ മതഗ്രന്ഥങ്ങളിലും പ്രതിഫലിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തത്.

ഇതനുസരിച്ച്, ഒരു മത ഗ്രന്ഥത്തിലും കമ്മ്യുണിസ്റ്റ് തത്വങ്ങൾക്കോ, വിശ്വാസസംഹിതയ്ക്കോ എതിരായ ഒന്നും ഉണ്ടാകരുതെന്നും സർക്കാർ നിഷ്‌കർഷിക്കുന്നുണ്ട്. മാത്രമല്ല, സാർക്കാരിൽ റെജിസ്റ്റർ ചെയ്തതിനു ശേഷം, സർക്കാർ നിയന്ത്രണങ്ങൾ പ്രകാരം മാത്രമേ ചൈനയിൽ മോസ്‌കുകൾക്കും മറ്റ് മതസ്ഥാപനങ്ങൾക്കും പ്രവർത്തിക്കാനാകു. എല്ലാ പ്രവിശ്യകളിലും ഇത്തരത്തിൽ മതങ്ങളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക വകുപ്പ് തന്നെയുണ്ട്.