- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ ടാറ്റുവിനെ കുറിച്ച് കമന്റ് പറഞ്ഞപ്പോൾ ആദ്യം കരണത്തടിച്ചു; പീന്നീട് പലവട്ടമായി 12 തവണ തല്ലിച്ചതച്ചു; സദാ മദ്യപിച്ച് നടക്കുന്ന കിറുക്കൻ 'ജാക് സ്പാരോ'യെ 'പൈറേറ്റ്‌സ് ഓഫ് ദി കരീബിയനിൽ' അനശ്വരമാക്കിയ ജോണി ഡെപ്പിന് ഇത് കണ്ണീരിന്റെ നാളുകൾ; മുൻ ഭാര്യയ്ക്കും ദി സൺ പത്രത്തിനും എതിരായ മാനനഷ്ടക്കേസിൽ കടുത്ത തോൽവി
ലണ്ടൻ: കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ഇഷ്ടപ്പെടുന്ന 'ജാക് സ്പാരോ'യ്ക്ക് ഇത് കണ്ണീരിന്റെ നാളുകൾ. മുൻഭാര്യ ആംബർ ഹേർഡിനും ദി സൺ ന്യൂസ് പേപ്പറിനും എതിരെ ഹോളിവുഡ് താരം ജോണി ഡെപ്പ് നൽകിയ 20 ലക്ഷം ഡോളറിന്റെ മാനനഷ്ടക്കേസ് ലണ്ടൻ ഹൈക്കോടതി തള്ളി. പൈറേറ്റ്‌സ് ഓഫ് കരീബിയനിലെ ജാക് സ്പാരോയുടെ വേഷം രണ്ടുവർഷം മുമ്പ് ഡെപ്പിന് നഷ്ടമായത് കേസും കൂട്ടവും സാമ്പത്തിക പരാധീനതകളും വേട്ടയാടിയതോടെയായിരുന്നു. താരത്തിന്റെ പ്രശസ്തിക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിക്കുന്ന വിധിയാണ് ഉണ്ടായത്. 57 കാരനായ അമേരിക്കൻ താരം 2018 ൽ ബ്രിട്ടീഷ് പത്രമായ ദി സണിൽ വന്ന ലേഖനത്തിന് എതിരെയാണ് കേസ് കൊടുത്തത്. തലക്കെട്ട് ഇങ്ങനെയായിരുന്നു: 'Gone Potty: How can JK Rowling be 'genuinely happy' casting wife beater Johnny Deppin the new Fantastic Beasts film?'
ജോണി ഡെപ്പ് മുൻ ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നായിരുന്നു ദി സണിന്റെ റിപ്പോർട്ടിന്റെ ഉള്ളടക്കം. ഡെപ്പിന്റെ അനിയന്ത്രിതമായ ജീവിതശൈലിയും, മദ്യസേവയും, മയക്കുമരുന്ന് ഉപയോഗവും എല്ലാം പുറത്തുവന്നതോടെ താരപ്രതിച്ഛായയ്ക്ക് വലിയ കളങ്കമാണ് ഏറ്റത്. ദി സണ്ണിലെ ലേഖനത്തിൽ ആരോപിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്നാണ് ലണ്ടൻ ഹൈക്കോടതി വിധിച്ചത്. ഗാർഹിക പീഡനത്തിനെതിരെ തങ്ങൾ 20 വർഷമായി തുടരുന്ന പോരാട്ടത്തെ സാധൂകരിക്കുന്നതാണ് വിധിയെന്ന് ദി സൺ പ്രതികരിച്ചു.
തന്റെ 2 വർഷത്തെ വിവാഹജീവിതത്തിനിടെ ഡെപ് പലവട്ടം അക്രമാസക്തനായി എന്ന് തെളിയിക്കാൻ ദി സണ്ണിന് കഴിഞ്ഞു. ഇംഗ്ലണ്ടിലെ 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനനഷ്ടക്കേസ് എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ഇംഗ്ലണ്ടിന്റെ പുരാതനമായ അപകീർത്തി നിയമങ്ങൾ പ്രകാരം കേസ് തെളിയിക്കേണ്ട ബാധ്യത ആരോപണം ഉന്നയിച്ച മാധ്യമത്തിനാണ്. പാശ്ചാത്യ ലോകത്തെ ഏറ്റവും കർക്കശമായ അപകീർത്തി നിയമമാണ് ഇംഗ്ലണ്ടിലേത്. 2018 ൽ തങ്ങൾ പ്രസിദ്ധീകരിച്ച ലേഖനത്തിന് സാധുതയുണ്ടെന്നും, ഡെപ് ഹേർഡിനെ ഗാർഹിക പീഡനത്തിന് ഇരയാക്കിയ 14 സംഭവങ്ങൾ ഉണ്ടെന്നും തെളിയിക്കാൻ ദി സണ്ണിന് കഴിഞ്ഞു.
ഡെപ്പിനെ തകർക്കുന്ന വിധി
16 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ഹോളിവുഡ് താരം ഭാര്യയെ മർദ്ദിച്ചിരുന്നുവെന്നും, അവരുടെ കാറും കോളും നിറഞ്ഞ ദാമ്പത്യ ജീവിതത്തിനിടെ 12 തവണ മർദ്ദിച്ചിരുന്നുവെന്നും കോടതി വിധി എഴുതിയത്. ആംബർ ഹേർഡിന്റെ മൊഴിയെ പൂർണമായി മുഖവിലയ്‌ക്കെടുത്താണ് ജഡ്ജിയുടെ വിധിയെന്നും ബദൽ തെളിവുകൾ പരിഗണിച്ചില്ലെന്നും ഡെപ്പിന്റെ അഭിഭാഷകർ പ്രതികരിച്ചു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അവർ പറഞ്ഞു.
സണ്ണിന്റെ പ്രസാധകരായ ന്യൂസ് ഗ്രൂപ്പ് ന്യൂസ് പേപ്പേഴ്‌സ്, എക്‌സിക്യൂട്ടീവ് എഡിറ്റർ ഡാൻ വൂട്ടൺ എന്നിവർക്കെതിരെയാണ് ഡെപ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 34 കാരിയായ ആംബർ ഹേഡായിരുന്നു പത്രത്തിന്റെ മുഖ്യസാക്ഷി. മദ്യപിച്ചും മയക്കുമരുന്ന് കഴിച്ചും തന്നെ 14 വട്ടം തല്ലിയ കഥ ഹേഡ് കണ്ണീരോടെ കോടതിയിൽ വിവരിച്ചു. ഇതിൽ 12 വട്ടം മർദ്ദിച്ച കാര്യം കോടതി ശരിവച്ചു. 2013 ൽ ഡെപ്പിന്റെ ടാറ്റുവിനെ കുറിച്ച് കമന്റ് പറഞ്ഞതിനാണ് നടിയെ ആദ്യം കരണത്തടിച്ചത്.
50 ദശലക്ഷത്തിന്റെ മറ്റൊരു മാനനഷ്ടക്കേസ് യുഎസിൽ മെയിൽ പരിഗണനയ്ക്ക് വരും, വാഷിങ്ടൺ പോസ്റ്റിൽ താൻ ഗാർഹിക പീഡനത്തിന് ഇരയായി എന്ന് കാട്ടി ഹേഡ് എഴുതിയ കോളത്തിന് എതിരെയാണ് ഡെപ് കേസ് നൽകിയത്.
ജാപ് സ്പാരോയും പോയി..കേസും തോറ്റു
സദാ മദ്യപിച്ച് നടക്കുന്ന ഭ്രാന്തൻ കടൽ കൊള്ളക്കാരൻ ജാക്ക് സ്പാരോ സ്ഥാനത്ത് നിന്ന് രണ്ട് വർഷം മുമ്പ് ഡിസ്‌നി മാറ്റിയതോടെ താരത്തിന്റെ തലവര മാറി. നടന്റെ കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപരാധീനതകളുമാണ് ഡിസ്‌നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. അഞ്ചോളം പൈറേറ്റ്‌സ് ഓഫ് കരീബിയൻ മൂവി ഫ്രാഞ്ചൈസിയിൽ ജോണി ഡെപ്പ് നായകനായി എത്തിയിരുന്നു.
വിവാദജീവിതവും ഏറ്റവും അവസാനമായി റിലീസ് ചെയ്ത പൈറേറ്റ് ചിത്രം ഡെഡ്‌മെൻ ടെൽ നോ ടേൽസ് അതിലെ ഏറ്റവും കളക്ഷൻ കുറഞ്ഞ ചിത്രമായി മാറുകയും ചെയ്തതോടെയാണ് ഡിസ്‌നി 2018 ൽ മാറിച്ചിന്തിച്ചത്.
1.-പൈറേറ്റ്‌സ് ഓഫ് ദ് കരീബിയൻ: ദ് കേർസ് ഓഫ് ദ് ബ്ലാക്ക് പേൾ (2013)
2. ദ് ഡെഡ് മാൻസ് ചെസ്റ്റ് (2006)
3. അറ്റ് വേൾഡ്‌സ് എൻഡ് (2007)
4. ഓൺ സ്‌ട്രെയ്ഞ്ചർ ടൈഡ്‌സ് (2011)
ഏറെ കോളിളക്കമുണ്ടാക്കിയ ശേഷമായിരുന്നു താരദമ്പതികളായിരുന്ന ജോണി ഡെപ്പും ആംബർ ഹേർഡും വേർ പിരിഞ്ഞത്. 18 മാസം നീണ്ട വിവാഹജീവിതത്തിൽ ജോണി ഡെപ്പിൽ നിന്ന് ക്രൂരമായ മർദനമേറ്റെന്ന അംബർ ഹേർഡിന്റെ വെളിപ്പെടുത്തൽ നടന്റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു.
2015 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. 2016ൽ ലോസ് ആഞ്ചൽസിലെ തങ്ങളുടെ വീട്ടിൽ വെച്ച് ജോണി ഡെപ്പ് തന്റെ നേരെ ഫോൺ എടുത്ത് എറിഞ്ഞുവെന്നും മർദിച്ചുവെന്നും ആംബർ വിവാഹബന്ധം ഒഴിവാക്കാൻ വേണ്ടി ഫയൽ ചെയ്ത പരാതിയിൽ വ്യക്തമാക്കിയിരുന്നു. ആംബറിനെതിരെ മാനനഷ്ടത്തിനുള്ള കേസ് ജോണി ഡെപ്പ് ഫയൽ ചെയ്യുകായിരുന്നു. ഇരുവർക്കും നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകവുമായിരുന്നു
മറുനാടന് ഡെസ്ക്