ആലപ്പുഴ: മോഷണ കേസിൽപെട്ട ഓട്ടോ ഉടമയ്ക്ക് തിരികെ നൽകുന്നതിന് കൈക്കൂലി വാങ്ങിയ േ്രഗഡ് എസ്‌ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. മാന്നാർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയായ, ചങ്ങനാശേരിയിൽ താമസിക്കുന്ന മണ്ണഞ്ചേരി സ്വദേശി കെ.പി.ഷാജിമോനാണ് അറസ്റ്റിലായത്. ഡിവൈഎസ്‌പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുക ആയിരുന്നു.

പരാതിക്കാരനായ ചങ്ങനാശേരി ഫാത്തിമാപുരം കുഴിവേലിൽ കണ്ണൻകാട്ടിൽ പി.എച്ച്.കബീറിൽ നിന്നു 2,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ ഇന്നലെ വൈകിട്ട് 6.25നു ചങ്ങനാശേരി പായിപ്പാട് ജംക്ഷനു സമീപം റോഡിലായിരുന്നു അറസ്റ്റ്. വിജിലൻസ് എസ്‌പി: വി.ജി.വിനോദ് കുമാറിനു കബീർ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. സ്വന്തമായി 2 ഗുഡ്‌സ് ഓട്ടോകളുള്ള കബീർ അതിൽ ഒന്നു ലോക്ഡൗൺ തുടങ്ങിയപ്പോൾ നാട്ടുകാരനായ ഒരാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു.

സെപ്റ്റംബർ 7നു ഈ വാഹനം ഒരു മോഷണ കേസിൽ മാന്നാർ പൊലീസ് പിടികൂടി. പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയിട്ടും വാഹനം വിട്ടുനൽകാൻ പൊലീസ് തയാറായില്ല. ഇതിനിടെ ഷാജിമോൻ കബീറിനോട് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇന്നലെ 2,000 രൂപ നൽകാമെന്നു പറഞ്ഞതനുസരിച്ച് പായിപ്പാട് വച്ചു പണം കൈമാറിയപ്പോൾ വിജിലൻസ് പിടികൂടുകയായിരുന്നു. കോവിഡ് പരിശോധന നടത്തിയശേഷം ഇന്നു കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.