കൊറോണ വൈറസ് ഇപ്പോഴും മനുഷ്യൻ ഇതുവരെ ആർജ്ജിച്ച ശാസ്ത്രീയ ജ്ഞാനത്തിന് അതീതമായി നിൽക്കുകയാണ്. ലോകത്തിന്റെ പലഭാഗങ്ങളിലായി നടക്കുന്ന ഗവേഷണങ്ങളിൽ പ്രതിദിനം പുതിയ പുതിയ കാര്യങ്ങളാണ് ഈ കുഞ്ഞൻ വൈറസിനെ കുറിച്ച് പുറത്തുവരുന്നത്. അതിൽ ഏറ്റവും അവസാനം പുറത്തുവന്നത്, ഇന്ന് ലോകത്തെ വിഴുങ്ങുന്നത് ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ആദിക കൊറോണ വൈറസ് അല്ല എന്നതാണ്. മ്യുട്ടേഷൻ അഥവാ പ്രകീർണാന്തരം സംഭവിച്ച പുതിയ രൂപമാണ് ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അതിവേഗം പറക്കുന്നത്.

ടെക്സാസിലെ ഹൂസ്റ്റണിൽ ഒരു ആശുപത്രിയിൽ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. 5,000 കോവിഡ് രോഗികളെ പരിശോധിച്ചതിൽ അതിൽ 99.9 ശതമാനം പേരിലും കാണാൻ കഴിഞ്ഞത് മ്യുട്ടേഷൻ സംഭവിച്ച ഡി 614 ജി എന്ന ഇനത്തിൽ പെട്ട സാർസ്-കോവ് 2 വൈറസായിരുന്നു. ആദിമ രൂപത്തേക്കാൾ വ്യാപന ശേഷി കൂടുതലുള്ളതാണ് പ്രകീർണ്ണാന്തരം സംഭവിച്ച രൂപത്തിനുള്ളതെന്ന അനുമാനം ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തൽ.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യൂറോപ്പിൽ ആദ്യമായി ഈ ഇനത്തിൽ പെട്ട വൈറസ് കാണപ്പെട്ടത്. ലോക്ക്ഡൗണിന് ശേഷം ഭാഗികമായെങ്കിലും പുനരാരംഭിച്ച അന്താരാഷ്ട്ര യാത്രകൾ ഈ വൈറസിനെ അമേരിക്കയിലും, ഏഷ്യയിലും, ഓഷ്യാനയിലുമൊക്കെ എത്തിച്ചു. ഈ ഇനത്തിൽ പെട്ട വൈറസ് ഇത്രയധികം വ്യാപിക്കാൻ ഇടയായ സാഹചര്യം ശാസ്ത്രജ്ഞർ പരിശോധിക്കുന്നുണ്ട്.

ഒരുപക്ഷെ ഈ ഇനത്തിൽ പെട്ട മ്യുട്ടേഷൻ സംഭവിച്ച ഇനം മേൽ ശ്വാസനാളത്തിൽ അധികമായ അളവിൽ അടിഞ്ഞു കൂടുന്നുണ്ടാകാം എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. ഇത്, സംസാരിക്കുമ്പോഴും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴുമൊക്കെ വൈറസിന്റെ വ്യാപനം എളുപ്പമാക്കുന്നു. ഇന്ന് ഡി സ്ട്രെയിൻ എന്ന് വിളിക്കപ്പെടുന്നതായിരുന്നു രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ഏറ്റവും വ്യാപകമായ ഇനം വൈറസ്.

വൈറസിന്റെ സ്പൈക്ക് പ്രോട്ടിനിലെ പൊസിഷൻ 614 എന്ന് വിളിക്കുന്ന സ്ഥാനത്താണ് മ്യുട്ടേഷൻ സംഭവിച്ചിട്ടുള്ളത്. ഈ സ്പൈക്ക് ഉപയോഗിച്ചാണ് മനുഷ്യ കോശങ്ങളിലെ റിസപ്റ്ററുകളിൽ വൈറസ് തൂങ്ങിക്കിടക്കുന്നത്. വളരെ ലളിതമായ ഒരു മ്യുട്ടേഷനാണ് സംഭവിച്ചിട്ടുള്ളത്. ഒരു അമിനോ ആസിഡ് ഡി (ആസ്പാർടേറ്റ്) എന്നരൂപത്തിൽ നിന്നും ജി (ഗ്ലൈസിൻ) എന്ന രൂപത്തിലേക്ക് മാറുകയായിരുന്നു. അതുകൊണ്ടാണ് ഡി 614ജി എന്ന പേര് വീണത്.

ഫെബ്രുവരിയിൽ യൂറോപ്പിൽ കാണപ്പെട്ട ഈ ഇനം വൈറസ് മാർച്ച് ആരംഭത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടാൻ തുടങ്ങി. മെയ്‌ മാസത്തോടെ ഭൂരിഭാഗം രോഗികളിലും ഈ വൈറസിന്റെ സാന്നിദ്ധ്യം കാണപ്പെടാൻ തുടങ്ങി. ഹൂസ്റ്റണിൽ ആദ്യ വരവിൽ 71 ശതമാനമായിരുന്നു ഈ വൈറസിന്റെ സാന്നിദ്ധ്യമെങ്കിൽ രണ്ടാം വരവിൽ ഇത് 99.9 ശതമാനമായി ഉയർന്നു.