കോവിഡിന്റെ ഒന്നാം വരവിൽ ഏറ്റവുമധികം ദുരിതമനുഭവിച്ച ഭൂഖണ്ഡം യൂറോപ്പ് തന്നെയാണ്. രണ്ടാം വരവിലും സ്ഥിതി മറ്റൊന്നല്ല. ഒന്നാം വരവിന് ശേഷമുണ്ടായ ഒരു ചെറിയ ശാന്തതയ്ക്ക് ശേഷംസാവധാനം ഒളിച്ചുനോട്ടം നടത്തിയ കൊറോണ എന്ന രാക്ഷസവൈറസ് ഇപ്പോൾ ഭൂഖണ്ഡത്തിലാകെ താണ്ഡവമാടുകയാണ്. മാരകമായ പ്രഹരശേഷിയോടെയെത്തിയ രണ്ടാംവരവിന്റെ കോപാഗ്‌നി താങ്ങാനാകാതെ വിറങ്ങലിച്ചു നിൽക്കുകയാണ് യൂറോപ്പ്. ബ്രിട്ടൻ ഉൾപ്പടെ മിക്ക രാജ്യങ്ങളും രണ്ടാം ലോക്ക്ഡൗണിലേക്ക് നീങ്ങുമ്പോൾ, തകരുന്ന സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കയും ഉയരുന്നു.

ജർമ്മനിയിലും ഇറ്റലിയിലും ഇന്നലെ രേഖപ്പെടുത്തിയത് രണ്ടാം വരവിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗവ്യാപന നിരക്കാണ്. ജർമ്മനിയിൽ ഇന്നലെ 21,506 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഇറ്റലിയിൽ 37,809 പേരെയാണ് ഇന്നലെ കോവിഡ് ബാധിച്ചത്. രണ്ടു രാജ്യങ്ങളിലേയും ആശുപത്രികളിലേക്ക് കോവിഡ് രോഗികളുടെ ഒഴുക്ക് ആരംഭിച്ചതോടെ, ഒന്നാം വരവിലേതുപോലെ ആരോഗ്യ സംരക്ഷണ രംഗം താറുമാറാകുമെന്ന ഭയം ഉയർന്നിട്ടുണ്ട്. ഒരു ഭൂഖണ്ഡം എന്ന നിലയിൽ, ലോകത്തിലെ ഏറ്റവും അധികം കോവിഡ് ബാധയുള്ള സ്ഥലമായി മാറിയിരിക്കുന്നു യൂറൊപ്പ്. ഇതുവരെ 12 ദശലക്ഷം രോഗികളാണ് ഇവിടെയുള്ളത്.

ജർമ്മനിയിലും ഇറ്റലിയിലും ഇതുവരെ, ചികിത്സ ആവശ്യമായ രോഗികൾക്ക് അത് നൽകാൻ കഴിയുന്നുണ്ടെങ്കിലും, ഈ അവസ്ഥ ഒരു പത്ത് ദിവസത്തേക്ക് കൂടി തുടർന്നാൽ എല്ലാം അവതാളത്തിലാകും. ഒന്നാം വരവിൽ കോവിഡിനെ ഒരു പരിധിവരെ ഫലപ്രദമായി നേരിടുന്നതിൽ ജർമ്മനിയെ സഹായിച്ച ലബോറട്ടറികളും പക്ഷെ ഇപ്പോൾ പ്രതിസന്ധിയിലേക്ക് നടന്നടുക്കുകയാണ്. പരിശോധനകൾക്കുള്ള മാനദണ്ഡം കൂടുതൽ കർക്കശമാക്കിയതാണ് കാരണം. ബാറുകൾ, റെസ്റ്റോറന്റുകൾ, വിനോദ കേന്ദ്രങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവ അടച്ചുകൊണ്ടുള്ള ഭാഗിക ലോക്ക്ഡൗൺ കഴിഞ്ഞ തിങ്കളാഴ്‌ച്ച മുതൽ നിലവിൽ വന്നിട്ടുണ്ട്. നാലാഴ്‌ച്ചത്തേക്ക് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണിൽ നിന്നും പക്ഷെ ഷോപ്പുകളേയും സ്‌കൂളുകളേയും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം വടക്കൻ ഇറ്റലിയിൽ രോഗവ്യാപനം കനത്തതോടെ ഒരു മാസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണത്തെ പോലെ ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാൻ അടങ്ങുന്ന ലൊംബാർഡി മേഖല തന്നെയാണ് ഇത്തവണയും കൊറോണയുടെ പ്രധാന വിളയാട്ടുകേന്ദ്രം. തൊട്ടടുത്തുള്ള പീഡ്മോണ്ട് മേഖല രോഗവ്യാപനത്തിന്റെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്നു. കടുത്ത നിയന്ത്രണങ്ങളോടെ കഴിഞ്ഞ മാസം പ്രഖ്യാപിച്ച ലോക്ക്ഡൗണിനെതിരെ ഇറ്റലിയിലെ പല നഗരങ്ങളിലും ജനകീയ പ്രക്ഷോഭങ്ങൾ ഉയരുന്നുമുണ്ട്.

അതേസമയം, കോവിഡ് രോഗികൾക്കായി മാറ്റിവച്ചിട്ടുള്ള 750 ഇന്റൻസീവ് കെയർ യൂണിറ്റുകൾ നവംബർ 18 ഓടെ പൂർണ്ണമായും നിറയുമെന്ന മുന്നറിയിപ്പുമയി ആസ്ട്രിയൻ നാഷണൽ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റിയുട്ട് തലവൻ ഹെർവിങ് ഓസ്റ്റെർമാൻ രംഗത്തെത്തി. രോഗവ്യാപനത്തിന്റെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമം 27 ശതമാനം മാത്രമേ വിജയിക്കുന്നുള്ളു എന്നാണ് ആസ്ട്രിയൻ ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം.

സ്‌കോട്ട്ലാൻഡിലും ഇന്റൻസീവ് കെയർ യൂണിറ്റുകൾക്ക് ക്ഷാമ നേരിടുകയാണ്. ഇതുമൂലം, ചികിത്സ പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ പല രോഗികളേയും ഇന്റൻസീവ് കെയറിൽ നിന്നും പുറത്തേക്ക് മാറ്റേണ്ട സാഹചര്യം വന്നിരിക്കുന്നു. അതിവേഗം വർദ്ധിച്ചു വരുന്ന കോവിഡ് വ്യാപനം യൂറോപ്പിൽ ഒരു വിസ്ഫോടനത്തിനു വഴിയൊരുക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

റഷ്യ, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലായാണ് യൂറോപ്പിലെ കോവിഡ് രോഗികളിൽ പകുതിയോളം പേരുള്ളത്. പല രാജ്യങ്ങളിലും നടപ്പിലാക്കിയ ലോക്ക്ഡൗൺ യൂറോപ്പിലാകെ കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആശങ്കയുണ്ട്. ഇതിനിടയിൽ ഒരു മിങ്ക് ഫാമുമായി ബന്ധപ്പെട്ടവരിൽ, കൊറോണ വൈറസിന്റെ പുതിയൊരു വേർഷൻ കണ്ടെത്തിയതിനെ തുടർന്ന് ഡെന്മാർക്കിൽ ഏകദേശം 2.8 ലക്ഷം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇന്നലെ 58,046 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഫ്രാൻസിൽ ഒരാഴ്‌ച്ചയായി ലോക്ക്ഡൗൺ തുടരുകയാണ്. മദ്യവും ഭക്ഷണവും വിൽക്കുന്ന കടകൾ രാത്രി പത്ത് മണിക്ക് ശേഷം അടച്ചിടാൻ പാരീസ് മേയർ ഉത്തരവിട്ടു. അതേസമയം സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചുകൊണ്ടുള്ള ലോക്ക്ഡൗൺ പ്രയോജനം ചെയ്യില്ലെന്ന നിലപാടിലാണ് ആരോഗ്യരംഗത്തെ പ്രമുഖർ. ഗ്രീസിൽ ഇന്നു മുതൽലോക്ക്ഡൗൺ നിലവിൽ വരും.