വംബർ 3 ന് അമേരിക്ക പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മുൻപ് കോവിഡിനുള്ള വാക്സിൻ വിപണിയിലെത്തിയിരിക്കും എന്നായിരുന്നു ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഒക്ടോബർ അവസാനത്തിനു മുൻപ് പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കാൻ കഴിയുമോ എന്നകാര്യത്തിൽ ഫൈസർ സി ഇ ഒ ആൽബെർട്ട് ബോർള സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, വാക്സിൻ എന്ന പ്രതീക്ഷയേക്കാളേറെ, കോവിഡ് പ്രതിസന്ധിയെ ട്രംപ് കൈകാര്യം ചെയ്ത രീതിയായിരുന്നു അമേരിക്കൻ വോട്ടർമാരുടെ മനസ്സിനെ സ്വാധീനിച്ചത്. അത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയും ചെയ്തു.

ഇപ്പോൾ, ബൈഡനെ വിജയിയായി പ്രഖ്യാപിച്ചതിന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ വാക്സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വാർത്ത പുറത്തുവന്നതിനെ സംശയത്തോടെ വീക്ഷിക്കുകയാണ് ട്രംപ് ക്യാമ്പ്. ആദ്യ ഒളിയമ്പുമായി എത്തിയിരിക്കുന്നത് ട്രംപിന്റെ മകനായ ഡൊണാൾഡ് ട്രംപ് ജൂനിയർ തന്നെയാണ്. വാക്സിൻ പരീക്ഷണം വിജയിച്ച വിവരം ട്വീറ്റ് ചെയ്തതിന് മറുപടിയായി ജൂനിയർ ട്രംപ് എഴുതിയത്, വിജയ പ്രഖ്യാപനത്തിന്റെ സമയം അദ്ഭുതപ്പെടുത്തുന്നു എന്നാണ്. ഈ സമയം തെരഞ്ഞെടുത്തതിൽ ദുഷ്ടലാക്ക് എന്തെങ്കിലും ഇല്ലല്ലോ എന്നുള്ള മുനവച്ച ചോദ്യവും അകമ്പടിയായി ഉണ്ട്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇന്നലെയാണ്, മനുഷ്യത്വത്തിന്റെയും ശാസ്ത്ര ചരിത്രത്തിന്റെയും മഹത്തരമായ ദിനങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിച്ചുകൊണ്ട് വാക്സിൻ പരീക്ഷണം വിജയകരമായ കാര്യം കമ്പനി പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനത്തി് മുൻപ് മൂന്ന് കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടായിരുന്നു എന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്. എഫ് ഡി എ അംഗീകാരത്തിനായി എപ്പോൾ അപേക്ഷ സമർപ്പിക്കണം, വാക്സിന്റെ സുരക്ഷിതത്വം, ഇത് വ്യാവസായിക അടിസ്ഥാനത്തിൽ ഉദ്പാദിക്കാൻ ആവുമോ എന്ന കാര്യം. ഈ മൂന്ന് കാര്യങ്ങളും പരിഗണിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമായിരുന്നു പ്രഖ്യാപനം നടത്തിയത്.

ഏതായാലും, ഇന്നലത്തെ പ്രഖ്യാപനത്തോടെ ഉടൻ വാക്സിൻ രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കുകയൊന്നും വേണ്ട. വിശദ വിവരങ്ങൾ എല്ലാം സംഗ്രഹിച്ച്, അനുമതിക്കായി അപേക്ഷിക്കുവാൻ തന്നെ നവംബർ അവസാനമാകുമെന്നാണ് കമ്പനി പറയുന്നത്. എന്നാലും, ഈ വാർത്ത വലിയൊരു ആശ്വാസമായാണ് ലോകം കാണുന്നത്. ഇന്നല്ലെങ്കിൽ നാളെ കോവിഡ് എന്ന മഹാദുരന്തത്തിൽ നിന്നും മുക്തി നേടാനാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ പ്രഖ്യാപനത്തോടെ ഫൈസറിന്റെ മാത്രമല്ല, പല വിമാനക്കമ്പനികളുടെ ഓഹരി വിലയിലും കുതിപ്പുണ്ടായി എന്നതുതന്നെ, ഈ പ്രഖ്യാപനത്തിന്റെ പ്രാധാന്യം കാണിക്കുന്നു.

നേരത്തേ പ്രഖ്യാപിച്ചതുപോലെ, ഒക്ടോബർ അവസാനത്തോടെ ഈ പ്രഖ്യാപനം വന്നിരുന്നെങ്കിൽ ഒരുപക്ഷെ, അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഫലം മറ്റൊന്നാവുമായിരുന്നു എന്നാണ് ട്രംപ് ജൂനിയറിനെ പോലെ മറ്റു പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ഏതായാലും ഡെമോക്രാറ്റുകൾ വാക്സിൻ പരീക്ഷണ വിജയം രാഷ്ട്രീയ വത്ക്കരിക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.

ബൈഡൻ ചുമതലയേറ്റെടുക്കാൻ ജനുവരി 20 വരെ കാത്തിരിക്കണം നടപടികൾ എല്ലാം പൂർത്തിയായി വാക്സിൻ വിപണിയിലെത്തുവാനും ഇനി രണ്ടു മൂന്ന് മാസങ്ങൾ വേണ്ടിവരും. വീണുകിട്ടിയ ഒരു നിധിപോലെയാണ് ഈ പ്രഖ്യാപനം ഇപ്പോൾ ഡെമോക്രാറ്റുകൾക്ക്.