- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോറ്റു തുന്നംപാടിയിട്ടും പ്രസിഡന്റ് പദവിയിൽ നിന്നും താഴേക്കിറങ്ങില്ലെന്ന് ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്; രണ്ടാം ട്രംപ് ഭരണ കൂടത്തിലേക്ക് ശാന്തമായ അധികാര കൈമാറ്റം സാധ്യമാക്കുമെന്ന് പോംപോയൊ: വിധേയത്വം ഇല്ലാത്ത ഉദ്യോഗസ്ഥരെ തെറിപ്പിച്ചും സൈന്യത്തെ രാഷ്ട്രീയ വത്ക്കരിച്ചും അധികാരം നിലനിർത്താൻ നെട്ടോട്ടം ഓടി ട്രംപ്
വാഷിങ്ടൻ: തോറ്റു തുന്നംപാടിയിട്ടും പ്രസിഡന്റ് പദവിയിൽ തുടരാൻ നാണം കെട്ട കളികൾ കളിച്ച് ട്രംപ്. ബൈഡന്റെ വിജയം ഇനിയും അംഗീകരിക്കാത്ത ട്രംപ് അധികാരം നില നിർത്താൻ തന്റെ ഉറച്ച അനുയായികളെ പ്രതിരോധ നിരയിലേക്ക് കൊണ്ടു വരികയാണ്. വിധേയത്വമില്ലെന്ന് തോന്നുന്ന ഉദ്യോഗസ്ഥരെ പെന്റഗണിൽ നിന്നും തെറുപ്പിച്ചും സൈന്യത്തെ രാഷ്ട്രീയ വത്ക്കരിച്ചുമെല്ലാം തന്റെ അധികാരം നില നിർത്താൻ പെടാപ്പാടു പെടുന്ന കാഴ്ചയാണ് ഇപ്പോൾ അമേരിക്കൻ ഭരണ കൂടത്തിൽ നിന്നും വരുന്നത്.
ഇതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസം പ്രതിരോധ സെക്രട്ടറി മാർക് എസ്പറിനെ പുറത്താക്കിയതും പിന്നാലെ മുതിർന്ന പ്രതിരോധ പദവിയിലേക്ക് തന്റെ ഉറച്ച അനുയായികളെ ട്രംപ് കൊണ്ടുവന്നതും. ഇതിലൊരാൾ ട്രംപ് അനുകൂല വാർത്തകൾ നൽകിയ ഫോക്‌സ് ന്യൂസിന്റെ മുൻ കമന്റേറ്ററും ഇസ്ലാമിനെക്കുറിച്ചുള്ള മോശം പരാമർശത്തെത്തുടർന്ന് സെനറ്റിലെത്താൻ കഴിയാതെയുമിരുന്ന ആന്തണി ടാറ്റയാണ്.
അതേസമയം ട്രംപ് മാത്രമല്ല അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ മറ്റുള്ളവരും അധികാര കൈമാറ്റത്തിന് തയ്യാറല്ല എന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്നലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപോയെ നടത്തിയ പ്രസ്താവനയാണ് ഇത്തരം ഒരു സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്. രണ്ടാം ഡോണൾഡ് ട്രംപ് ഭരണകൂടത്തിലേക്ക് 'ശാന്തമായ അധികാര കൈമാറ്റം' സാധ്യമാക്കുമെന്നാണ് പോംപോയെ ഇന്നലെ തന്റെ പ്രസ്താവനയിൽ പറഞ്ഞത്.
'ഇന്നു പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് തന്നെയായിരിക്കും ജനുവരി 20ന് ശേഷമുണ്ടാകുന്നതെന്ന തരത്തിൽ അധികാരക്കൈമാറ്റം സാധ്യമാക്കുമെന്ന ആത്മവിശ്വാസം ലോകത്തിനുണ്ടായിരിക്കണം' പോംപെയോ പറഞ്ഞു. ജനുവരി 20നാണ് പുതിയ ഭരണകൂടം അധികാരമേറ്റെടുക്കേണ്ടത്. അന്ന് വിജയിയായ ഡെമൊക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് അത്ര എളുപ്പം അധികാരത്തിൽ വരാൻ സാധിക്കില്ലെന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ് ട്രംപിന് പിന്നാലെയുള്ള പോംപോയയുടെ പ്രസ്താവന. പരാജയം അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയാറാകാത്തതു തന്നെയാണ് ഈ ആശങ്കയ്ക്ക് കാരണം.
'രണ്ടാം ട്രംപ് ഭരണകൂടത്തിലേക്കുള്ള അധികാരക്കൈമാറ്റം ശാന്തമായ രീതിയിൽ നടപ്പാക്കും. ഞങ്ങൾ തയാറാണ്. എന്താണ് സംഭവിക്കുന്നതെന്ന് ലോകം കാണുന്നുണ്ട്. എല്ലാ വോട്ടുകളും ഞങ്ങൾ എണ്ണാൻ പോകുകയാണ്. 2000ൽ 37 ദിവസത്തിലധികം വോട്ടെണ്ണാൻ സമയം എടുത്തിരുന്നു. അതിൽനിന്നും വിജയകരമായി നമ്മൾ മുന്നോട്ടുപോയി. എല്ലാ 'ലീഗൽ' വോട്ടും എണ്ണണം. ലീഗൽ അല്ലാത്ത വോട്ടുകൾ എണ്ണരുത്' പോംപെയോ കൂട്ടിച്ചേർത്തു.
അതേസമയം ട്രംപിനോട് പൂർണ വിധേയത്വം പ്രകടിപ്പിക്കുന്നില്ലെന്നു സംശയം തോന്നിയാൽത്തന്നെ പെന്റഗണിൽനിന്നു തെറിക്കുന്ന അവസ്ഥയിലാണ് മിക്ക ഉദ്യോഗസ്ഥരും. ഇതിൽ സിവിലിയൻ/സൈനിക വ്യത്യാസമില്ല. ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതിനു മുൻപുള്ള നാളുകൾ ട്രംപ് ഭരണകൂടം എന്തൊക്കെ ചെയ്യുമെന്നതിൽ പെന്റഗണിൽ ആശങ്ക ഉടലെടുക്കുന്നുണ്ട്.
നയ കാര്യങ്ങളിലെ ആക്ടിങ് അണ്ടർസെക്രട്ടറിയായിരുന്ന ജയിംസ് ആൻഡേഴ്‌സൻ ചൊവ്വാഴ്ച രാജിവച്ചിരുന്നു. പിന്നാലെതന്നെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ആന്തണി ടാറ്റയെ ട്രംപ് നിയമിച്ചു. പിന്നാലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അണ്ടർസെക്രട്ടറിയായിരുന്ന മുൻ നേവി വൈസ് അഡ്‌മിറൽ ജോസർ കെർനാനെ നീക്കി എസ്ര കോഹെൻ വാട്‌നിക്കിനെ നിയമിച്ചു.
പ്രതിരോധ മേധാവിയായി ക്രിസ്റ്റഫർ മില്ലറിനെ നിയമിച്ചതിന്റെ രണ്ടാം ദിവസമാണ് മറ്റുള്ള പദവിയിലുള്ളവരെ നീക്കിയത്. എസ്പറിനു പകരമാണ് മില്ലർ വന്നത്. എസ്പറിന്റെ കൂടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ജെൻ സ്റ്റീവാർഡിനെ മാറ്റി മില്ലർ കൊണ്ടുവന്ന കുഷ് പട്ടേലിനെ നിയമിച്ചു. നേരത്തെ ദേശീയ സുരക്ഷാ കൗൺസിലിൽ ജോലി ചെയ്തിരുന്ന പട്ടേലും കോഹെൻ വാട്‌നിക്കും ട്രംപിന്റെ ഉറച്ച അനുയായികളാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അവസാന നാളുകളിൽ ട്രംപിനൊപ്പം എല്ലാ സ്ഥലങ്ങളിലേക്കും സഞ്ചരിച്ച അനുയായികളിൽ ഒരാളാണ് പട്ടേൽ. നാഷനൽ സെക്യൂരിറ്റി ഡിവിഷനിലെ മുൻ പ്രോസിക്യൂട്ടറും ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയിലെ മുൻ അംഗവുമായ പട്ടേൽ 2016ലെ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായെന്ന ആരോപണം അന്വേഷിക്കുന്ന സംഘത്തിലുമുണ്ടായിരുന്നു.
അധികാരക്കൈമാറ്റത്തിനു മുന്നോടിയായി ജോ ബൈഡൻ തന്റെ സംഘാംഗങ്ങളെ സജ്ജമാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനിടയിലാണ് പോംപെയോയുടെ പ്രസ്താവന. യുഎസിന്റെ സഖ്യകക്ഷികൾപോലും ബൈഡനെ അനുമോദിച്ച് പ്രസ്താവനയിറക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ