വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ തെരഞ്ഞെടുപ്പ് പക്രിയ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നിട്ടും പ്രസിഡന്റിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നതിന് ഇനിയും കാലതാമസമുണ്ട്. നിലവിലെ അവസ്ഥ പ്രകാരം തോറ്റ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ജൂൺ 20വരെ അധികാരത്തിൽ തുടരാൻ കഴിയും. എന്നാൽ ഈ സമയത്ത് കാവൽ പ്രസിഡന്റായി തുടരുകയാണ് മുൻ അമേരിക്കൻ പ്രസിഡന്റുമാർ ഒക്കെയും ചെയ്തിട്ടുള്ളത്. അവർ നയപരമായ തീരുമാനങ്ങൾ ഒന്നും എടുക്കാറില്ല. എന്നാൽ ഡൊണാൾഡ് ട്രംപ് ആകട്ടെ സുപ്രധാന പോസ്റ്റുകളിൽ നിയമനവും പുറത്താക്കലും അടക്കമുള്ള നടപടികൾ നിർബാധം തുടരുകയാണ്.

പുതിയ അമേരിക്കൻ പ്രസിഡന്റിനെ അഭിനന്ദിച്ചുകൊണ്ടു വരുന്ന സന്ദേശങ്ങളും സുവനീറുകളും പോലും ട്രംപ് ബൈഡന് കൈമാറുന്നില്ല എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് എന്ന അപഖ്യാതിയുമായാണ് ട്രംപ് പടിയിറങ്ങുക. അതിനിടെ സമാധാനപരമായ അധികാര കൈമാറ്റം അദ്ദേഹം സമ്മതിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. കാരണം ട്രംപ് ഇപ്പോഴും പറയുന്നത് ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ്.

പ്രതിരോധ സെക്രട്ടറി മാർക് എസ്പറിനെ പുറത്താക്കിയതിനു പിന്നാലെ മുതിർന്ന പ്രതിരോധ പദവിയിലേക്ക് തന്റെ ഉറച്ച അനുയായികളെ കൊണ്ടുവന്ന് യുഎസ് പ്രസിന്റ് ഡോണൾഡ് ട്രംപ് നടപടികൾ തുടരുകയാണ്. ഇതിലൊരാൾ ട്രംപ് അനുകൂല വാർത്തകൾ നൽകിയ ഫോക്സ് ന്യൂസിന്റെ മുൻ കമന്റേറ്ററും ഇസ്ലാമിനെക്കുറിച്ചുള്ള മോശം പരാമർശത്തെത്തുടർന്ന് സെനറ്റിലെത്താൻ കഴിയാതെയുമിരുന്ന ആന്തണി ടാറ്റയാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അണ്ടർസെക്രട്ടറിയായിരുന്ന മുൻ നേവി വൈസ് അഡ്‌മിറൽ ജോസർ കെർനാനെ നീക്കി എസ്ര കോഹെൻ വാട്നിക്കിനെ നിയമിച്ചു. പതിരോധ മേധാവിയായി ക്രിസ്റ്റഫർ മില്ലറിനെ നിയമിച്ചതിന്റെ രണ്ടാം ദിവസമാണ് മറ്റുള്ളരെ പദവിയിലുള്ളവരെ നീക്കിയത്.

എസ്പറിന്റെ കൂടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ജെൻ സ്റ്റീവാർഡിനെ മാറ്റി മില്ലർ കൊണ്ടുവന്ന കുഷ് പട്ടേലിനെ നിയമിച്ചു. നേരത്തെ ദേശീയ സുരക്ഷാ കൗൺസിലിൽ ജോലി ചെയ്തിരുന്ന പട്ടേലും കോഹെൻ വാട്നിക്കും ട്രംപിന്റെ ഉറച്ച അനുയായികളാണ്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അവസാന നാളുകളിൽ ട്രംപിനൊപ്പം എല്ലാ സ്ഥലങ്ങളിലേക്കും സഞ്ചരിച്ച അനുയായികളിൽ ഒരാളാണ് പട്ടേൽ. നാഷനൽ സെക്യൂരിറ്റി ഡിവിഷനിലെ മുൻ പ്രോസിക്യൂട്ടറും ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയിലെ മുൻ അംഗവുമായ പട്ടേൽ 2016ലെ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായെന്ന ആരോപണം അന്വേഷിക്കുന്ന സംഘത്തിലുമുണ്ടായിരുന്നു.

ടംപിനോട് പൂർണ വിധേയത്വം പ്രകടിപ്പിക്കുന്നില്ലെന്നു സംശയം തോന്നിയാൽത്തന്നെ പെന്റഗണിൽനിന്നു തെറിക്കുന്ന അവസ്ഥയിലാണ് മിക്ക ഉദ്യോഗസ്ഥരും. ഇതിൽ സിവിലിയൻ/സൈനിക വ്യത്യാസമില്ല. ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതിനു മുൻപുള്ള നാളുകൾ ട്രംപ് ഭരണകൂടം എന്തൊക്കെ ചെയ്യുമെന്നതിൽ പെന്റഗണിൽ ആശങ്ക ഉടലെടുക്കുന്നുണ്ട്. ഇതുവരെ സൈന്യത്തെ രാഷ്ട്രീയവൽക്കരിച്ചിരുന്നില്ല. എന്നാൽ ഇനി അതും സംഭവിച്ചേക്കാമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

അതേസമയം, ജനുവരി 20ന് പുതിയ പ്രസിഡന്റ് അധികാരമേറ്റെടുക്കുന്നതിനു മുൻപു വലിയതോതിലുള്ള നയ വ്യത്യാസങ്ങൾ കൊണ്ടുവരാൻ ട്രംപിനു കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും അത്രയെളുപ്പം അധികാരക്കൈമാറ്റം സാധ്യമാകുമെന്നു ആരും പ്രതീക്ഷിക്കുന്നുമില്ല. പരാജയം അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയാറാകാത്തതു തന്നെയാണ് ഈ ആശങ്കയ്ക്ക് കാരണം. ജനുവരി 20 ഉച്ച വരെയാണ് പ്രസിഡന്റ് ട്രംപിന്റെ ഭരണകാലാവധി. തോറ്റതിന്റെ പ്രതികാരം തീർക്കാനായി, എതിരാളികളെ വലയ്ക്കാനും തന്നിഷ്ടത്തോടെ പെരുമാറാനും ട്രംപ് ശ്രമിക്കാനിടയുണ്ടെന്നു ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ അധ്യക്ഷനും മുൻ ലോക ചെസ് ചാംപ്യനുമായ ഗാരി കാസ്പറോവ് അഭിപ്രായപ്പെട്ടതും യുഎസ് മാധ്യമങ്ങൾ വലിയ ചർച്ചയാക്കിയിരുന്നു.