- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് മലയാളികളുടെ ജീവനെടുത്ത അപകടം ഉണ്ടായത് ഡ്രൈവർ ഉറങ്ങി പോയതിനാലാകാമെന്ന് പൊലീസ്; അച്ഛനും അമ്മയും സഹോദരനും നഷ്ടമായ അർച്ചനയെ ഏറ്റെടുക്കാൻ കുടുംബം മുംബൈയിലേക്ക്: ദുരന്തമായത് മധുസൂദനൻ നായരുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിനോദ യാത്ര
മുംബൈ: മുംബൈയിൽ അഞ്ച് മലയാളികളുടെ ജീവനെടുത്ത അപകടം ഉണ്ടായത് ഡ്രൈവർ ഉറങ്ങി പോയതിനാലാകാമെന്ന് പൊലീസ്. അപകടത്തിൽ മരിച്ച മധുസൂദനൻ നായരുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിനോദ യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. പുണെ-ബെംഗളൂരു ഹൈവേയിൽ സത്താറയ്ക്ക് സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ച കാർ പാലത്തിൽ നിന്നും തരാളി നദിയിലേക്ക് മറിയുക ആയിരുന്നു.
തൃശ്ശൂർ സ്വദേശി മധുസൂദനൻ നായർ (55), ഭാര്യ ഉഷാനായർ, മകൻ ആദിത്യ നായർ (23), തിരുവല്ല സ്വദേശി സാജൻ നായർ (33), മകൻ ആരവ് നായർ (മൂന്ന്) എന്നിവരാണ് മരിച്ചത്. അച്ഛനും അമ്മയും സഹോദരനും മരിച്ചതോടെ ഒറ്റയ്ക്കായി പോയ 15കാരി അർച്ചനയെ ഏറ്റെടുക്കാൻ തൃശൂരിലുള്ള കുടുംബം മുംബൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. മരിച്ച മധുസൂദനൻ എൽ.ഐ.സി.യിൽ ഓഫീസറാണ്. ആദിത്യൻ ഷിപ്പ് യാർഡിൽ ജീവനക്കാരനാണ്. ചികിത്സയിലുള്ള അർച്ചന വിദ്യാർത്ഥിയാണ്.
തൃശ്ശൂർ പുല്ലഴി സബ് സ്റ്റേഷനു സമീപത്തെ കാരേക്കാട്ട് തറവാട്ടിലെ പരേതയായ ഭാർഗവിയുടെയും ഗോവിന്ദൻ നായരുടെയും മകനും മരുമകളും പേരക്കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. ഭാർഗവിയുടെ സഹോദരങ്ങളായ ശാന്ത, സരസ്വതി, സോമശേഖരൻ നായർ എന്നിവരും കുടുംബവുമാണ് പുല്ലഴിയിലുള്ളത്. കുടുംബാംഗങ്ങൾ സത്താറയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അർച്ചനയെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിൽനിന്ന് ഫോൺ വന്നിരുന്നു. മാത്രമല്ല, മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് വീട്ടിലുള്ളവരുടെ ആവശ്യം.
മരിച്ച എല്ലാവരും നവി മുംബൈയിലെ വാഷിയിൽ സ്ഥിരതാമസക്കാരാണ്.ഗോവയിലേക്ക് ഉല്ലാസയാത്രയ്ക്ക് പുറപ്പെട്ട ഇവർ സഞ്ചരിച്ച വാൻ ഉംബ്രജ് ഗ്രാമത്തിലുള്ള തരാളി നദിയിലെ പാലത്തിൽനിന്ന് നദിയിലേക്ക് വീഴുകയായിരുന്നു. മധുസൂദനന്റെയും സുഹൃത്തും അയൽവാസിയുമായ തിരുവല്ല സ്വദേശി മോഹനന്റെയും കുടുംബങ്ങൾ വെള്ളിയാഴ്ച രാത്രിയാണു നവിമുംൈബയിൽ നിന്നു പുറപ്പെട്ടത്.
മോഹനൻ, ഭാര്യ ലീല, മക്കളായ ദീപ, ദിവ്യ, ദീപ്തി, ദീപ്തിയുടെ ഭർത്താവ് സിജിൻ, യുപിസ്വദേശിയായ ഡ്രൈവർ എന്നിവർ പരുക്കേറ്റ് ആശുപത്രിയിലാണ്. ദീപയുടെ ഭർത്താവും മകനുമാണ് മരിച്ച സാജനും ആരവും. സംസ്‌കാരം പിന്നീട്.
മറുനാടന് മലയാളി ബ്യൂറോ