- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശയാത്രാ രംഗത്തെ സ്വകാര്യവത്ക്കരണത്തിൽ ഒരു പുതിയ കാൽവയ്പ്പുകൂടി; എലൺ മസ്‌കിന്റെ സ്വകാര്യ പേടകത്തിൽ നാല് ബഹിരാകാശ യാത്രികർ സ്പേസ് സ്റ്റേഷനിലേക്ക്; നാസയും സ്പേസ് എക്സും ചേർന്നുള്ള സംരംഭം ആദ്യഘട്ടം പൂർണ്ണ വിജയം; ബഹിരാകാശത്തിന്റെ വാതായനങ്ങൾ സ്വകാര്യമേഖലയ്ക്കായി തുറക്കുമ്പോൾ
ഭൂമിക്ക് പുറത്തും മനുഷ്യാവാസ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിലേക്കുള്ള ശ്രമങ്ങൾ ശാസ്ത്രലോകം തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ചന്ദ്രനിലേയും ചൊവ്വയിലേയുമെല്ലാം ഗവേഷണങ്ങൾ ഈ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു. ഇന്ത്യ ഉൾപ്പടെ പല രാജ്യങ്ങൾ ഈ രംഗത്ത് അഭൂതപൂർവ്വമായ നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഭരണകൂടങ്ങൾ നേരിട്ട് നിയന്ത്രിച്ചിരുന്ന ബഹിരാകാശം സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തത്, ഈ രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുവാനായിരുന്നു.
ഈ തീരുമാനം തെറ്റായിരുന്നില്ലെന്ന് തെളിയിക്കുകയാണ് എലൺ മസ്‌ക് എന്ന കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. നിരവധി പരീക്ഷണ പറക്കലുകൾക്ക് ശേഷം ഇതാദ്യമായി സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശയാനം സഞ്ചാരികളേയും വഹിച്ചുകൊണ്ട് ഭൂമിയിൽ നിന്നും ഇന്നലെ രാത്രി പറന്നുയർന്നു. ബഹിരാകാശത്ത് വിവിധ രാജ്യങ്ങൾ സംയുക്തമായി സ്ഥാപിച്ചിട്ടുള്ള ഇന്റർനാഷണൽ സ്പേസ് സെന്ററിലേക്കാണ് നാല് ബഹിരാകാശ യാത്രികരേയും വഹിച്ചുകൊണ്ടുള്ള ഈ യാത്ര.
സമ്പൂർണ്ണമായും സ്വകാര്യമേഖലയിൽ ബഹിരാകാശ യാത്രകൾ ഒരുക്കുവാനുള്ള നാസയുടെ ശ്രമത്തിന്റെ ആദ്യഭാഗമായാണ് ഹൈ ടെക് വ്യവസായിയായ എലൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ യാനത്തിൽ യാത്രികരെ അയച്ചിരിക്കുന്നത്. ഫ്ളോറിഡയിലെ, നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും പ്രാദേശിക സമയം ഇന്നലെ രാത്രി 7: 27 നാണ് സ്വകാര്യ ബഹിരാകാശയാനം പറന്നുയർന്നത്. ഭൂമിയിൽ നിന്നും 250 മൈൽ ദൂരത്തിലുള്ള ഭ്രമണപഥത്തിലുള്ള സ്പേസ് സെന്ററിൽ എത്തിച്ചേരുവാൻ ഒരു ദിവസത്തെ യാത്രയുണ്ട്.
യാത്രക്കാർ ഇരിക്കുന്ന കാപ്സൂളിനകത്ത് ഒരു ചെറിയ വായു ചോർച്ച കണ്ടെത്തിയത് അല്പം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. യാത്ര പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപാണ് ഇത് കണ്ടെത്തിയത്. എന്നാൽ, സാങ്കേതിക വിദഗ്ദർക്ക് ഇത് അരമണിക്കൂറിനുള്ളിൽ പരിഹരിക്കാൻ സാധിച്ചു, വീണ്ടും പരിശോധന നടത്തി പൂർണ്ണ സുരക്ഷ ഉറപ്പാക്കിയതിനു ശേഷമാണ് പേടകത്തിന് യാത്രാനുമതി നൽകിയത്. പതിവുപോലെ തന്റെ പേടകം പറന്നുയരുന്നത് കാണാൻ മസ്‌ക് കെന്നഡി സ്പേസ് സെന്ററിൽ എത്തിയിരുന്നില്ല.
കമാൻഡർ മൈക്ക് ഹോപ്കിൻസ്, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, ഫിസിസിസ്റ്റ് ഷാനോൺ വാക്കർ എന്നിവരാണ് വ്യോമസഞ്ചാരികൾ. ഇവർക്കൊപ്പമ്മ് ജാപ്പനീസ് ബഹിരാകാശ സഞ്ചാരിയായ സോയ്ച്ചി നൊഗുച്ചിയുമുണ്ട്. സോയ്ചിയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. നേരത്തേ2005-ൽ യു എസ് ഷട്ടിലിലും 2009-ൽ സോയൂസിലും ഇയാൾ ബഹിരാകാശ യാത്ര നടത്തിയിരുന്നു.
സ്പേസ് സെന്ററിലേക്കുള്ള 27 മണിക്കൂർ നീളുന്ന യാത്ര, യഥാർത്ഥത്തിൽ ശനിയാഴ്‌ച്ച ആരംഭിക്കാനിരുന്നതാണ്. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം ഇത് നീട്ടിവയ്ക്കുകയായിരുന്നു. ബഹിരാകാശത്തിന്റെ വാണിജ്യവത്ക്കരണത്തിലേക്കുള്ള ആദ്യ ചുവടായാണ് ഈ നീക്കത്തെ പ്രമുഖർ വീക്ഷിക്കുന്നത്. ഇത് ആഗോള സാമ്പത്തിക രംഗത്ത് പല പുത്തൻ മേഖലകളും തുറന്നിടുമെന്ന് സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ