കലിഫോർണിയ: ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന യുവാവിനെ വേതനം നൽകാതെ എല്ലാ ദിവസവും പണിയെടുപ്പിച്ച ഇന്ത്യൻ ദമ്പതികൾ അമേരിക്കയിൽ അറസ്റ്റിൽ. ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തിച്ച ശേഷം ഇവരുടെ മദ്യ വിതരണ കേന്ദ്രത്തിൽ ജോലിക്ക് വെച്ച യുവാവിനെ ദിവസവും 15 മണിക്കൂർ വീതമാണ് ജോലി ചെയ്യിച്ചത്. ആഴ്ചയിൽ ഏഴ് ദിവസവും യുവാവിനെ പണി എടുപ്പിച്ചിരുന്നു. മാത്രമല്ല ശമ്പളമായി യുവാവിന് ചില്ല പൈസ പോലും നൽകിയില്ല.

യുവാവിന്റെ ദയനീയാവസ്ഥ പുറത്തെത്തിയതോടെ ഗിൽറോയ് പൊലീസാണ് ഇന്ത്യക്കാരായ ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ദമ്പതിമാരായ ബൽവിന്ദർ മാൻ, അമർജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. ജയിലിൽ കഴിഞ്ഞ ഇവരെ പിന്നീട് മകൻ ഒരു മില്യൺ ഡോളറിന്റെ ജാമ്യത്തിൽ പുറത്തിറക്കി. ഇപ്പോൾ ഹൗസ് അറസ്റ്റിലാണ് ഇരുവരും കഴിയുന്നത്. നവംബർ പത്തിനാണ് കുറ്റക്കാരാണെന്ന് കണ്ട് ഇവരെ കോടതി ജയിലിലടച്ചത്. ഇവർക്കെതിരെ ലേബർ ഹ്യൂമൺ ട്രാഫിക്കിങ്, തടങ്കലിൽ പാർപ്പിക്കൽ, വേതനം നൽകാതിരിക്കുക, ഗൂഢാലോചന തുടങ്ങിയ 9 കുറ്റങ്ങളാണ് ചാർജ് ചെയ്തിരിക്കുന്നത്.

2019ലാണ് ദമ്പതികൾ തങ്ങളുടെ മദ്യശാലയിൽ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിൽ നിന്നും തങ്ങൾക്കൊപ്പം യുവാവിനെയും അമേരിക്കയിലേക്ക് കൊണ്ടു വന്നത്. യുവാവിന്റെ പാസ്‌പോർട്ട്, വാങ്ങിവച്ച ശേഷം ഇവരുടെ ലിക്കർ സ്റ്റോറിൽ ജോലി നൽകി. 15 മണിക്കൂർ വിശ്രമമില്ലാതെ തൊഴിലെടുത്ത് ക്ഷീണിച്ച യുവാവിന് കടയോടുചേർന്നുള്ള ഒരു മുറിയിലാണ് താമസ സൗകര്യം നൽകിയിരുന്നത്. പുറത്തു പോകാൻ അനുമതിയില്ലായിരുന്നു.

ഫെബ്രുവരിയിലാണ് സംഭവം പുറത്തറിയുന്നത്. പ്രായപൂർത്തിയാകാത്ത ആൾക്ക് മദ്യം വിറ്റ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് യുവാവിന്റെ ദയനീയാവസ്ഥ പുറംലോകം അറിയുന്നത്. മാധ്യമങ്ങളിലും ഇത് വാർത്തയായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യൻ ദമ്പതികളുടെ അറസ്റ്റ്. ഹൗസ് അറസ്റ്റിൽ കഴിയുന്ന ഇവരുടെ പാസ്‌പോർട്ട് സറണ്ടർ ചെയ്തിട്ടുണ്ട്.

സംഭവം പുറത്തു പറഞ്ഞാൽ ഇന്ത്യയിലേക്ക് മടക്കിയയക്കുമെന്ന് ദമ്പതികൾ ഭീഷിണിപ്പെടുത്തിയിരുന്നതായി യുവാവ് പറയുന്നു. യുവാവ് തങ്ങളുടെ ബന്ധുവാണെന്നും സ്റ്റോറിൽ ഞങ്ങളെ സഹായിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും ദമ്പതികൾ പറയുന്നു.