- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിൽ നിന്നും വെടിയുതിർത്ത് ബഹിരാകാശ മിസൈലിനെ തകർത്ത് അമേരിക്ക; നക്ഷത്രങ്ങളെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ കരുത്തു തെളിയിച്ചു; ബഹിരാകാശ യുദ്ധത്തിൽ അമേരിക്ക മേൽക്കൈ നേടുമ്പോൾ
''ഹേ ഗഗാറിൻ, ഗഗനചരിൻ, പഥികനെൻ വഴി വിട്ടുമാറീടുവിൻ...'' അന്നുവരെ കവി ഭാവന മാത്രം സഞ്ചരിച്ചിരുന്ന വിഹായസ്സിന്റെ അനന്തതകളിലേക്ക് യൂറി ഗഗാറിൻ പറന്നിറങ്ങിയപ്പോൾ, 1962-ൽ മലയാളത്തിന്റെ പ്രിയകവി അയ്യപ്പപ്പണിക്കർ ഹൃദയവേദനയോടെ വിലപിച്ചിരുന്നു. അനന്തതകളിലെ അജ്ഞാത രഹസ്യങ്ങൾ അറിയുവാനുള്ള മനുഷ്യന്റെ കുതൂഹലത അവനെ ഉയരങ്ങളിലേക്ക് പറന്നുയരാൻ പ്രേരിപ്പിച്ചപ്പോൾ പക്ഷെ അവനെന്നും താത്പര്യം പുതിയ മേച്ചില്പുറങ്ങൾ കണ്ടെത്തി സ്വന്തം ശക്തി വർദ്ധിപ്പിക്കുന്നതിലായിരുന്നു. അങ്ങനെയാണല്ലോ, കാല്പനിക സ്വപ്നങ്ങൾ മാത്രം ഒഴുകി നടന്നിരുന്ന ആകാശ നീലിമ ഇന്നൊരു ആയുധപ്പുരയായി മാറിയത്.
ഭൂമിയിൽ തങ്ങളുടെ മേധാവിത്വം അരക്കിട്ടുറപ്പിക്കാൻ ആകാശവീഥികളിൽ ആയുധം നിറച്ച് യുദ്ധസജ്ജരായി നിൽക്കുകയാണ് വൻശക്തികൾ. ഈ മത്സരത്തിൽ ചെറിയൊരു മേൽക്കൈ നേടിക്കൊണ്ട് അമേരിക്ക കഴിഞ്ഞദിവസം വിജയകരമായി ഒരു പരീക്ഷണം നടത്തി. ഒരു യുദ്ധക്കപ്പലിൽ നിന്നും വെടിയുതിർത്തുകൊണ്ട്, ബഹിരാകാശത്ത് അമേരിക്കയെ ലക്ഷ്യമാക്കി നിലയുറപ്പിച്ച ഒരു മിസൈലിനെ തകർത്തുകൊണ്ടായിരുന്നു പരീക്ഷണം.
ബഹിരാകാശത്തുനിന്നും പാഞ്ഞെത്തി ഭൂമിയെ നശിപ്പിക്കാൻ ത്രാണിയുള്ള മിസൈലുകൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക വിജയിച്ചത്. ലോകത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ പരീക്ഷണമാണിത്. അമേരിക്കയിൽ മാർഷൽ ഐലൻഡിലുള്ള ക്വജാലീൻ അറ്റോൾ ടെസ്റ്റ് റേഞ്ചിൽ നിന്നും തൊടുത്തുവിട്ട മാതൃകാ മിസൈലിനെയായിരുന്നു ഇത്തരത്തിൽ തടുത്തത്. ഹവായ്ക്ക് വടക്ക് കിഴക്കുമാറി ശാന്തസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു യുദ്ധക്കപ്പലിൽ നിന്നായിരുന്നു മിസൈൽ ഇന്റർസെപ്റ്റർ പറന്നുയർന്നത്.
നവംബർ 16 ന് നടന്ന പരീക്ഷണം പൂർണ്ണ വിജയമായിരുന്നു എന്ന് പെന്റഗൺ വൃത്തങ്ങൾ അവകാശപ്പെട്ടു.ഭൗമാന്തരീക്ഷത്തിന് പുറത്തുവച്ചാണ് ഈ പരീക്ഷണത്തിൽ മിസൈൽ നശിപ്പിക്കപ്പെട്ടത്. ഇതോടെ ബഹിരാകാശ യുദ്ധത്തിൽ അമേരിക്ക മേൽക്കൈ നേടുകയാണ്. എന്നു മാതമല്ല, ആന്റി ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ള അമേരിക്കയുടെ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തിരിക്കുന്നു.
ഈ പരീക്ഷണത്തെ സസൂക്ഷ്മം നെരീക്ഷിക്കുന്നത് ഉത്തര കൊറിയയാണ്. അടുത്തകാലത്ത് ഭൂഖണ്ഡാന്തര മിസൈലുകളും ആണ്വായുധങ്ങളും വികസിപ്പിച്ച ഉത്തര കൊറിയയെ മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു പരീക്ഷണം എന്നും പറയപ്പെടുന്നു. അമേരിക്കയുമായി പരസ്യമായി വാക്പോരിനിറങ്ങിയ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പക്ഷെ, അമേരിക്കയിലെ ഭരണമാറ്റത്തിനു ശേഷം തന്റെ പ്രതികരണം വെളിപ്പെടുത്തിയിട്ടില്ല.
ഉത്തരകൊറിയയേ പോലെത്തന്നെ, ചൈന, റഷ്യ എന്നീ രാജ്യങ്ങളും ഇതിനെ ഗൗരവകരമായി വീക്ഷിക്കുന്നുണ്ട്. ഈ പരീക്ഷണം വിജയമായതോടെ സ്വയം പ്രതിരോധത്തിൽ അമേരിക്ക വളരെ മുന്നിലെത്തിയതായാണ് വിലയിരുത്തപ്പെടുന്നത്. മിസൈൽ പ്രതിരോധം, റഷ്യയുമായുള്ളസംഭാഷണങ്ങളിൽ എന്നും സ്വാധീനം ചെലുത്തിയിട്ടുള്ള ഒന്നായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ