ജുറാസിക് കാലഘട്ടത്തിനു ശേഷമുള്ള അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടിനം ഡിനോസറുകളാണ് ട്രൈസെറോടോപ്സും റ്റിറാനോസോറസ്സും. ഏകദേശം 65 ലക്ഷം മുതൽ 68 ലക്ഷം വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നത്. ഈ രണ്ട് ഇനങ്ങളിൽ പെട്ട രണ്ട് ഡിനോസറുകൾ തമ്മിൽ ദ്വന്ദയുദ്ധത്തിൽ ഏർപ്പെട്ടത് ഏകദേശം 67 ലക്ഷം വർഷങ്ങൾക്ക് മുൻപാണെന്ന് കരുതുന്നു. ഈ യുദ്ധത്തിൽ മരണമടഞ്ഞ രണ്ട് ഡിനോസറുകളുടെ അസ്ഥികൂടം അമേരിക്കയിലെ മൊണ്ടാനയിൽ നിന്നും കണ്ടെടുത്തത് 2006 ൽ.

റ്റിറാനോസോറസിന്റെ കൂർത്ത പല്ലുകൾ ട്രൈസെറോടോപ്സിന്റെ അസ്ഥികൾക്കുള്ളിൽ ആഴത്തിൽ തുളഞ്ഞിറങ്ങിയ പാടുകൾ 67 ലക്ഷം വർഷങ്ങൾക്കിപ്പുറവും തെളിഞ്ഞു കാണാം. ത്വക്കിന്റെ അവശിഷ്ടങ്ങളിൽ കണ്ടെത്തിയ മുറിപ്പാടുകളും, റ്റിറാനോസോറസിന്റെ കഴുത്തിലേറ്റ മുറിവുമെല്ലാം ഇവ തമ്മിൽ പോരാടിയതിന്റെ സൂചനകളായി 67 ലക്ഷം വർഷങ്ങൾക്കിപ്പുറവും മായാതെ കിടക്കുന്നു. മനുഷ്യന് മുൻപുള്ള ഭൂമിയുടെ അധിപന്മാരേ കുറിച്ച് ധാരാളം വിവരങ്ങൾ ലഭിച്ചേക്കാവുന്ന ഈ അവശിഷ്ടങ്ങളിൽ ഏറെക്കാലമായി പഠനം നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.

2006-ൽ ഇത് കണ്ടെത്തിയതിൽ പിന്നെ വളരെ ചുരുക്കം ചിലർക്ക് മാത്രമേ ഇത് കാണുവാൻ കഴിഞ്ഞിട്ടുള്ളു. ഇത് കണ്ടെത്തിയ പശുപാലകരുമായുണ്ടായ ഉടമസ്ഥാവകാശ തർക്കം തീർത്ത്, ഇത് വാങ്ങുവാൻ നോർത്ത് കരോലിന മ്യുസിയം ഓഫ് നാച്ചുറൽ സയൻസസിന് നീണ്ട 14 വർഷങ്ങൾ വേണ്ടിവന്നു. ഇപ്പോഴും എത്ര തുക നൽകിയാണ് ഇത് വാങ്ങിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നോൺ-പ്രോഫിറ്റ് ഫ്രണ്ട്സ് ഓഫ് നോർത്ത് കരോലിന മ്യുസിയം ഓഫ് നാച്ചുറൽ സയൻസസ് എന്ന സംഘടനയാണ് ഇത് വാങ്ങി മ്യുസിയത്തിന് സമ്മാനിച്ചത്.

പ്രാചീന ജീവിശാസ്ത്ര പഠനത്തിൽ, അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഡിനോസർ ജോഡികളുടെ അസ്ഥിപഞ്ജരങ്ങൾ, അത് കണ്ടെത്തിയ നാൾ മുതൽ ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ലോകമാസകലമുള്ള പ്രാചീന ജീവിശാസ്ത്രജ്ഞർ കാത്തിരുന്ന ഒന്നായിരുന്നു ഇതിനെ കുറിച്ചുള്ള പഠനം. ഈ രണ്ട് ഇനത്തിൽ പെട്ട ഡിനോസറുകളുടെ അറിയപ്പെട്ടിട്ടുള്ള ശരീരഘടനയെ അടിസ്ഥാനമാക്കി, ഇത് നാശം വരാതെ കാത്തുസൂക്ഷിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മ്യുസിയം അധികൃതർ പറഞ്ഞു.

ഇതിൽ റ്റിറാനോസെറസിന്റെ അസ്ഥികൂടം ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏക സമ്പൂർണ്ണ അസ്ഥികൂടമാണ്. മാത്രമല്ല, ഇല്ലിനോയിസിലെ ഫീൽഡ് മ്യുസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ വച്ചിരിക്കുന്ന അവശിഷ്ടത്തേക്കാൾ ഭേദമായ രീതിയിൽ സംരക്ഷിക്കപ്പെട്ട ഒന്നുകൂടിയാണ്. എന്നാൽ, ഇപ്പോൾ ലഭിച്ചിരിക്കുന്ന റ്റിറാനോസറസ്, ഇല്ലിനോയിഡിലുള്ളതിനേക്കാൾ പ്രായവും വലിപ്പവും കുറഞ്ഞതാണ്. മാത്രമല്ല, ത്വക്കിന്റെഅവശിഷ്ടങ്ങളും ഇതിന്റെ ഒപ്പം കിട്ടിയിട്ടുണ്ട് എന്നതും ഒരു പ്രത്യേകതയാണ്.

മൊണ്ടാനയിലെ ഒരു താഴ്‌വരയിലാണ് ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കേടുപാടുകൾ കൂടാതെയിരിക്കുന്നതിനാൽ മ്യുസിയം ശാസ്ത്രകാരന്മാർക്ക് ഇതിന്റെ ജൈവഘടന ലഭിക്കുവാൻ പ്രയാസമുണ്ടാകില്ല. കുഴിച്ചെടുക്കേണ്ടി വന്നിട്ടില്ലാത്തതിനാൽ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടുമില്ല. ഇത് കണ്ടെത്തിയ പശുപാലകർ, സ്ഥലമുടമയുമായി ഒരു കരാറിൽ എത്തിയിരുന്നു. ദശലക്ഷക്കണക്കിന് ഡോളർ വിലയുള്ള ഈ അവശിഷ്ടത്തിന്റെ ഉടമസ്ഥാവകാശത്തിന് പക്ഷെ സ്ഥലമുടമയുമായി കേസ്സിൽ എത്തുകയായിരുന്നു.

ഭൂമിയുടെ ഉടമയും, അത് പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന പശുപാലകരും തമ്മിലായിരുന്നു കേസ്. 2020 ജൂണിൽ, സ്ഥലത്തിന്റെ ഉടമയ്ക്കാണെന്നും പാട്ടത്തിനെടുത്തവർക്കല്ല ഈ അവശിഷ്ടങ്ങളുടെ ഉടമസ്ഥാവകാശമെന്നും അമേരിക്കൻ അപ്പീൽ കോടതി വിധിച്ചു. ഇതിനിടയിൽ 2013-ൽ ഇത് ന്യുയോർക്കിൽ ലേലത്തിനു വച്ചെങ്കിലും വാങ്ങാൻ ആരുമില്ലായിരുന്നു. പിന്നീടാണ് ഇത് ഒരു സന്ന്ദ്ധ സംഘടന വാങ്ങുന്നതും മ്യുസിയത്തിന് സമ്മാനിക്കുന്നതും.

പ്രാചീന ജീവിശാസ്ത്ര പഠനത്തിൽ ഒരു പ്രധാന മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന അവശിഷ്ടം മ്യുസിയത്തിൽ എത്തിച്ചേരുന്നതിന്റെ സന്തോഷത്തിലാണ് മ്യുസിയം അധികൃതർ. ഇതിന്റെ കൂടുതൽ പഠനത്തിനു വേണ്ടി പ്രത്യേക സൗകര്യങ്ങൽ ഒരുക്കുമെന്നും മ്യുസിയം അധികൃതർ അറിയിച്ചിട്ടുണ്ട്.