മുംബൈ: ഹാസ്യതാരം ഭാരതി സിങ്ങിനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടർന്നാണ് എൻസിബി ഭാരതി സിങ്ങിനെയും ഭർത്താവ് ഹർഷ് ലിംബാചിയ്യയെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് മുംബൈയിലെ എൻസിബി ഓഫിസിൽ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭാരതി സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഭാരതി സിങ്ങും ഭർത്താവ് ഹർഷും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതായി അധികൃതർ പറഞ്ഞു.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണ ശേഷം ബോളിവുഡ് താരങ്ങളുടെ വീട് കേന്ദ്രീകരിച്ച് എൻസിബിയുടെ മയക്കു മരുന്നിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാണ്. നേരത്തെ ദീപികാ പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധാ കപൂർ തുടങ്ങിയവരുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. അടുത്തിടെ അർജുൻ രാംപാലിന്റെ വീട്ടിലും എൻസിബി റെയ്ഡ് നടത്തി. താരത്തേയും ഭാര്യയേയും ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു.